അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ല: ചെന്നിത്തല
കോഴിക്കോട്: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ നിയമസഭയില്‍ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാണ് തെറി വിളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. സ്വന്തം ശീലം വച്ചാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. തെറി വിളിക്കുന്നത് യു.ഡി.എഫ് സംസ്‌കാരമല്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗം കോപ്പിയടിച്ചാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്. നോക്കി വായിക്കരുതെന്ന് ചട്ടം ഉണ്ടെന്നിരിക്കെ, മൂന്നേമുക്കാല്‍ മണിക്കൂറും പിണറായി വിജയന്‍ പ്രസംഗം നോക്കി വായിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ല. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പ്രതിപക്ഷം തെറി പറഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
സ്വന്തം സ്വഭാവം വച്ച് പ്രതിപക്ഷത്തെ അളക്കരുത്. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങള്‍ നടത്തിയ പിണറായി പ്രതിപക്ഷത്തെ ഉപദേശിക്കാന്‍ വരേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഒരു ഫയലും തരാന്‍ തയാറാവുന്നില്ല. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിന് ഉണ്ടാക്കിയ ധാരണാപത്രം അടക്കം രേഖകള്‍ ആവശ്യപ്പെട്ടിട്ട് നാല് ആഴ്ചയായിട്ടും അത് ലഭ്യമാക്കിയിട്ടില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ല. ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. രേഖ പുറത്ത് വന്നാല്‍ കള്ളക്കളി പൊളിയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്ക്.
എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ മീന്‍ വളര്‍ത്തലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ തുടര്‍ സമരങ്ങളുമായി യു ഡി എഫ് മൂന്നോട്ട് പോകും. സെപ്റ്റംബര്‍ മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തുടര്‍സമരത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."