തീരുമാനമാകാതെ മെസ്സിയുടെ ട്രാന്‍സ്ഫര്‍
ബാഴ്‌സലോണ: ബാഴ്‌സലോണ വിടുകയാണെന്ന തീരുമാനത്തില്‍ നിന്ന് മാറാതെ മെസ്സി. ഏത് അനുനയത്തിന് ശ്രമിച്ചിട്ടും മെസ്സി വഴങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മെസ്സി ക്ലബ് വിടാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ബാഴ്‌സലോണ ക്ലബ് അംഗങ്ങള്‍ മൂന്ന് തവണയാണ് അടിയന്തര യോഗം കൂടിയത്. ഈ യോഗത്തിലെല്ലാം മെസ്സിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താരം പിന്നോട്ടില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബര്‍തൊമയു രാജിവെക്കാമെന്ന് വരെ പറഞ്ഞെങ്കിലും മെസ്സിയുടെ തീരുമാനം മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ബാഴ്‌സലോണയിലും പരിസരത്തും ഇപ്പോഴും ആരാധകര്‍ കൂട്ടം കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസ്സിയും സുവാരസും ഒരുമിച്ച് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയത് സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ബാഴ്‌സലോണയിലെ തന്റെ ടീം മേറ്റായ സുവാരസുമായി അവസാന അത്താഴത്തിന് പോയതാണ് താരമെന്നായിരുന്നു വാര്‍ത്ത നല്‍കിയിത്. ഇരുവരും സുവാരസിന്റെ ഉടമസ്ഥതയിലുള്ള റസ്‌റ്റോറന്റും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയതെന്ന് മാര്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനമായി തിങ്കളാഴ്ച പുതിയ പരിശീലകന്‍ കൊമാന്‍ എത്തുമ്പോള്‍ അദ്ദേഹത്തോട് മെസ്സിയുമായി സംസാരിക്കുന്നതിന് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കൊമാന്‍ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ലോകത്താകമാനം മൂന്ന് ദിവസമായി തുടരുന്ന ഉദ്വോഗജനകമായ അവസ്ഥക്ക് ഇതുവരേയും മാറ്റം വന്നിട്ടില്ല. എന്നാല്‍ മെസ്സിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തെ കുറിച്ച് ഒന്നും വ്യക്തമാക്കി പറഞ്ഞിട്ടില്ല. മെസ്സി അര്‍ജന്റീനയിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട്‌കൊണ്ട് അര്‍ജന്റീനയിലുള്ള ആരാധകരും തെരുവിലിറങ്ങിയിരിക്കുകയാണിപ്പോള്‍. മെസ്സിയുടെ ആദ്യകാല ക്ലബില്‍ കളിക്കണമെന്നാണ് അര്‍ജന്റീനയിലെ ആരാധകരുടെ ആവശ്യം. അതേസമയം മെസ്സി ലിവര്‍പൂളിലേക്ക് വരില്ലെന്ന കാര്യം ക്ലോപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മെസ്സിയെ ടീമിലെത്തിക്കേണ്ട ആവശ്യമില്ല. മാനേജ്‌മെന്റ് ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ക്ലോപ്പ് വ്യക്തമാക്കിയത്.
ബാഴ്‌സലോണ വിടാന്‍
ആഗ്രഹിക്കുന്നുണ്ടെവന്ന്
പിതാവ്
പാരിസ്: മെസ്സി ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മെസ്സിയുടെ പിതാവ് വെളിപ്പെടുത്തിയതായി പി.എസ്.ജി അധികൃതര്‍. പി.എസ്.ജിയിലേക്ക് മെസ്സിയെ എത്തിക്കുന്നതിന് വേണ്ടി പിതാവുമായി സംസാരിച്ചപ്പോഴായിരുന്നു മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പോവാന്‍ ആഗ്രഹിക്കുന്നതായി മെസ്സിയുടെ പിതാവ് പറഞ്ഞെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കിയത്. മെസ്സി ക്ലബ് വിടുന്നുണ്ടെവന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മെസ്സിയുടെ പിതാവ് ഇംഗ്ലണ്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ അദ്ദേഹവും തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."