'ഓപറേഷന്‍ കനോലി കനാലി'ന് ഇന്നു തുടക്കം
കോഴിക്കോട്: മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുക്ക് തടസപ്പെട്ട് മലിനജലം കെട്ടിനില്‍ക്കുന്ന കനോലി കനാല്‍ ഇന്നു പൊതുജനപങ്കാളിത്തത്തോടെ ശുചീകരിക്കും. നിറവ് വേങ്ങേരിയുമായി സഹകരിച്ചാണു കനാലിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുക. രാവിലെ ഒന്‍പതിനു സരോവരത്തുനിന്ന് ശുചീകരണ യജ്ഞം ആരംഭിക്കും. ജില്ലാ കലക്ടര്‍ യു.വി ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും.
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വന്നടിഞ്ഞ മാലിന്യങ്ങളും മറ്റും നീക്കുകയാണ് ഇന്നത്തെ ശുചീകരണത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടറും മേയറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനാലിലെ ചെളി നീക്കി ആഴംകൂട്ടുന്നതും വീതികൂട്ടുന്നതും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പിന്നീടുണ്ടാകും. ഇതിനുള്ള സര്‍ക്കാര്‍ പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളില്‍ ഉടക്കി നില്‍ക്കുകയാണ്. കല്ലായിപ്പുഴയിലെ ചെളിമൂലം കനോലി കനാലിന്റെ ഒഴുക്കു തടസപ്പെട്ടതാണു പ്രധാന പ്രശ്‌നം. എന്നാല്‍ ഇവിടെ ചെളി നീക്കാനുള്ള യജ്ഞം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കാനുള്ള നടപടികളിലാണു സര്‍ക്കാര്‍.
കനോലി കനാല്‍ നവീകരണത്തിനും കല്ലായിപ്പുഴയുടെ ആഴം കുട്ടുന്നതിനും നേരത്തെ സര്‍ക്കാര്‍ അഞ്ചു കോടി രൂപ വകയിരുത്തിയത് 12 കോടി രൂപയാക്കിയിരുന്നു. ഇന്നു നടക്കുന്ന ശുചീകരണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണു ശുചീകരണം. ആസ്റ്റംര്‍ മിംസ് ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും.
ജില്ലയില്‍ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിനെ എട്ടു ഭാഗങ്ങളായി തിരിച്ച് പത്തു ദിവസങ്ങളില്‍ നടക്കുന്ന ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരെയും ഉപകരണങ്ങളും നല്‍കിയാണു നിറവ് സഹായിക്കുക. നിലവില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കാറ്ററിങ് അസോസിയേഷന്‍ മുന്നോട്ടുവന്നിട്ടുണ്ട്. കനാലിലേക്ക് പ്രവേശിക്കുന്ന കൈത്തോടുകളില്‍ നിശ്ചിത അകലത്തില്‍ വലകള്‍ നിര്‍മിച്ച് പ്ലാസ്റ്റിക് മാലിന്യം കനാലില്‍ എത്തുന്നത് തടയും. ശുചീകരണത്തിനു ശേഷം എട്ട് സംരക്ഷണ സമിതികള്‍ രൂപീകരിച്ച് മലിനമാകാതെ കനാലിനെ സംരക്ഷിക്കാനും പദ്ധതിയുണ്ട്. സംരക്ഷിക്കുന്ന കനാലിലും കൈത്തോടുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ പ്രദേശവാസികള്‍ക്കു ബോധവല്‍ക്കരണം നടത്തും. കനാല്‍ വൃത്തിയായി നിലനിര്‍ത്തുന്നതില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള അനാസ്ഥ വലുതാണെന്നും ഇത് തുറന്നുകാണിക്കണമെന്നും ഇതിനെതിരേ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍ അധ്യക്ഷനായി. നിറവ് ബാബു പദ്ധതി വിശദീകരിച്ചു. വടയക്കണ്ടി നാരായണന്‍, എ. പ്രവീണ്‍കുമാര്‍, പ്രദീപ് മാമ്പന, എം.എ.ജോണ്‍സണ്‍, എസ്.എ.ജിഫ്രി, പ്രമോദ് മന്നടത്ത്, ഷൗക്കത്ത് അലി എരോത്ത്, പി.എന്‍ ദാസ്, കെ.പി.യു അലി, അബ്ദുറഹ്മാന്‍ ഇടകുനി, സി.പി.കോയ, പി.രമേശ് ബാബു സംസാരിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ചെയര്‍മാന്‍ പ്രകാശ് കുണ്ടൂര്‍ കണ്‍വീനറായി ഏകോപന സമിതി രൂപീകരിച്ചു.
മാലിന്യം ഒഴുക്കിയാല്‍പിടിവീഴും
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ജില്ലയില്‍ കല്ലായിപ്പുഴയില്‍നിന്ന് ആരംഭിച്ച് കോരപ്പുഴയില്‍ അവസാനിക്കുന്ന കനോലി കനാലിലേക്ക് 178 സ്ഥലങ്ങളില്‍ മലിനജലം ഒഴുക്കാന്‍ കുഴലുകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. 30 പ്രധാന ഓവുചാലുകളും ഇതിലേക്കു തുറക്കുന്നു. കനാലിന് ആഴം കുറഞ്ഞതിനാല്‍ നഗരത്തിലെ മഴവെള്ളം ഒഴുകിപ്പോകാന്‍ തടസമാകുന്നു. കനാലിലേക്കു മാലിന്യം ഒഴുക്കുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് നഗരസഭ നോട്ടിസ് നല്‍കി. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്കു പോകുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."