ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എം.എല്‍.എക്കെതിരേ കേസ്, രാഷ്ട്രീയപ്രേരിതമെന്ന് എം.സി ഖമറുദ്ദീന്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്‍ പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.ചിലര്‍ തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നലെ രജിസ്റ്റര്‍ ചെയ്ത കേസ് പൊലിസും ബന്ധപ്പെട്ട മേഖലയിലുള്ളവരും കോടതി മുഖാന്തരം നേരിടേണ്ട കേസാണെന്ന് പറഞ്ഞതാണ്. എന്നാല്‍ ഒരു സയാഹ്നപത്രം തനിക്കെതിരേ കേസെടുക്കുന്നില്ലെന്ന് പറഞ്ഞ് പ്രലോപിപ്പിക്കുകയും മറ്റുചിലര്‍ പൊലിസില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായാണ് തനിക്കെതിരേ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ കൂടുതല്‍ നേട്ടമുണ്ടാവുക വഴി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവന്നു തുടങ്ങി. കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ചു. 2007ല്‍ ആരംഭിച്ച സ്ഥാപനത്തിനു നേരെ കയ്യേറ്റ ശ്രമങ്ങള്‍ നടന്നു. അതിനുശേഷം ചില ആളുകള്‍ സ്ഥാപനത്തില്‍ നിന്നും പണം പിന്‍വലിച്ചു.പിന്നിട് ഉണ്ടായ നോട്ട് നിരോധനവും സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ആ പ്രതിസന്ധിമറികടക്കാന്‍ ശ്രമിച്ച കാര്യങ്ങളെല്ലാം പരാജയപ്പെട്ടു.
2019 ല്‍ പ്രതിസന്ധി രൂക്ഷമായതോടെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി. പിന്നീട് എല്ലാ ബ്രാഞ്ചിലുള്ളവരേയും വിളിച്ചുചേര്‍ത്ത് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു. അവരുടെ പണമോ മറ്റ് സ്വത്തുക്കളോ സ്ഥാപനത്തിനുമേല്‍ നിക്ഷേപിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന തീരുമാനത്തില്‍ എത്തിചേരുകയായിരുന്നു.
എന്നാല്‍ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നും മറ്റുമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നം നേരിട്ടത്. ഇതാണ് വാസ്തവമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒരു പൊലിസുകാരനേയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്ന് പേരില്‍ നിന്നായി 36 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിനാണ് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരേ കേസെടുത്തത്. കൂടാതെ നിരവധി പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. ഖമറുദ്ദീന് പുറമെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡി ടി.കെ. പൂക്കോയ തങ്ങള്‍ക്കെതിരെയും കേസെടുത്തു.
കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, വെള്ളൂര്‍ സ്വദേശിനികളായ ഇ.കെ ആരിഫ, എം.ടി.പി സുഹറ എന്നിവരുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. തിരിച്ചുതരാമെന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയത്, എന്നാല്‍ പിന്നീട് വഞ്ചിച്ചു. 30 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുതന്നില്ലെന്നും അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയില്‍ പറയുന്നു. ആരിഫയും സുഹറയും ചന്തേര സ്റ്റേഷനിലെത്തി നേരിട്ട് മൊഴി നല്‍കി. ഇതില്‍ സുഹറയില്‍നിന്ന് 15 പവനും ഒരുലക്ഷം രൂപയും ആരിഫയില്‍നിന്ന് മൂന്നുലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇവരുടെ പരാതിയില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്നു. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ചു കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നത്. അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ പ്രതികരണം.
ഫാഷന്‍ ഗോള്‍ഡ് ജൂവലറി ഒട്ടേറെ നിക്ഷേപകരുള്ള ലിമിറ്റഡ് കമ്പനിയാണ്. നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുത്തിരുന്നു. നഷ്ടത്തിലായതിനാല്‍ സ്ഥാപനം അടച്ചു. നിക്ഷേപിച്ച തുക തിരിച്ചുനല്‍കാന്‍ കര്‍മസമിതിയുമായി ചര്‍ച്ച നടത്തി. മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന് ധാരണയായതാണ്. ജൂവലറി, കമ്പനിനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കോടതി മുഖാന്തരമാണ് കേസെടുക്കേണ്ടത്. പോലീസിന് കേസെടുക്കാനുള്ള അധികാരമില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഖമറുദ്ദീന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."