രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളിക്ക് അവഗണന
ചേര്‍ത്തല : പ്രളയമേഖലയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ വൈദ്യുതി തൂണില്‍ കാലിടിച്ച് പരുക്കേറ്റ മത്സ്യത്തൊഴിലാളിയായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ സ്റ്റാലി(37)നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുള്ളത്. കഴിഞ്ഞ പതിനാറിനാണ് സ്റ്റാലിന്‍ ഉള്‍പ്പെട്ട സംഘം അര്‍ത്തുങ്കലില്‍ നിന്നു പുറപ്പാട് എന്ന വള്ളത്തില്‍ വരാപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്.
ഒഴുക്കില്‍പ്പെട്ട വള്ളം നിയന്ത്രിക്കുന്നതിനിടെ വൈദ്യുതി തൂണിലിടിച്ചാണ് സ്റ്റാലിന്റെ കാലിന് പരുക്കേറ്റത്. വേദനയുണ്ടായിരുന്നെങ്കിലും കാര്യമാക്കാതെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. 20ന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അസഹ്യമായ വേദനയെ തുടര്‍ന്ന് ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ക്ഷതമേറ്റ ഭാഗത്തെ പഴുപ്പും മറ്റും കളഞ്ഞശേഷം വീട്ടിലെത്തിയെങ്കിലും വേദനകുറഞ്ഞില്ല.
പഞ്ചായത്ത് അംഗം സിബി പൊള്ളയില്‍ റവന്യു അധികാരികള്‍ക്ക് സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.കെ.സി.വേണുഗോപാല്‍ എംപി സ്റ്റാലിനെ വീട്ടില്‍ സന്ദര്‍ശിക്കുകയും എം.പിയുടെ നിര്‍ദേശപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കാലിലെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. ഏറെ നാളത്തെ ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നിര്‍ധന കുടുംബത്തില്‍പ്പെട്ട സ്റ്റാലിന്റെ ചികിത്സയ്ക്കായി ഭാര്യ ലിസിയും ഏകമകള്‍ അനിതയും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."