വയനാട് മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്: വ്യത്യസ്ത നിഗമനങ്ങളുമായി മുന്നണികള്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനവുമായി ബന്ധപ്പെട്ടു ഇടത്, വലത്, ബി.ജെ.പി മുന്നണികള്‍ക്കുള്ളതു വ്യത്യസ്ത നിഗമനം.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കു ലഭിക്കുന്ന ഉജ്വല ഭൂരിപക്ഷത്തിലേക്കാണ് വര്‍ധിച്ച വോട്ടിങ് ശതമാനം വിരല്‍ ചൂണ്ടുന്നതെന്നു കെ.പി.സി.സി സെക്രട്ടറിയും ബത്തേരി നിയോജകണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ കെ.കെ ഏബ്രഹാം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷം നേടിയ വിജയത്തിന്റെ സൂചനയാണ് ഉയര്‍ന്ന പോളിങ് ശതമാനമെന്നു സി.പി.ഐ ജില്ലാ സെക്രട്ടറിയും മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ട്രഷററുമായ വിജയന്‍ ചെറുകര അഭിപ്രായപ്പെട്ടു. ശബരിമല അടക്കം വൈകാരിക പ്രശ്‌നങ്ങളോടുള്ള വിശ്വാസികളുടെയും മറ്റു സാധാരണക്കാരുടെയും നിലപാട് പോളിങില്‍ പ്രതിഫലിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിജയമെന്നു ഏബ്രഹാം അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ മാത്രം അര ലക്ഷത്തില്‍പരം വോട്ടിനു രാഹുല്‍ മുന്നിലായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധി നേരിടുന്നതാണ് മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും.
നിലനില്‍പ്പിനായി പൊരുതുന്ന കര്‍ഷക സമൂഹത്തിനു രാഷ്ട്രീയത്തിനും ജാതി-മത ചിന്തകള്‍ക്കും അതീതമായി രാഹുല്‍ ഗാന്ധിയില്‍ വലിയ പ്രതീക്ഷയുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മറ്റു മുന്നണി സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തവര്‍പോലും ഇത്തവണ മാറിയാണ് ചിന്തിച്ചത്. കടുത്ത രാഷ്ട്രീയ നിലപാട് ഉള്ളവര്‍ മാത്രമാണ് അവരുടെ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തത്. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന കര്‍ഷക കുടുംബങ്ങളിലെ വനിതാ വോട്ടുകള്‍ വന്‍ തോതില്‍ രാഹുലിനു ലഭിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു രാഹുല്‍ ഗാന്ധിക്കു പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇത് ദേശീയതലത്തില്‍ മതേതര സഖ്യ രൂപീകരണത്തിനു വലിയ പിന്തുണയാകുമായിരുന്നു. വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് ഇതര മണ്ഡലങ്ങളില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും ഗുണം ചെയ്യുമായിരുന്നുവെന്നും ഏബ്രഹാം പറഞ്ഞു. മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു അനുകൂലമായി ഉണ്ടായ വോട്ടൊഴുക്ക് തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നു വിജയന്‍ ചെറുകര പറഞ്ഞു. മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ 10,89,819 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 80.26 ആണ് പോളിങ് ശതമാനം. 2014ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴു ശതമാനം കൂടുതലാണിത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ഉയര്‍ന്ന പോളിങിനു കാരണമായിട്ടുണ്ട്. എതിരാളി രാഹുല്‍ ഗാന്ധിയാണെന്ന ബോധ്യം എല്‍.ഡി.എഫിനെ ചിട്ടയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു നയിച്ചു. സര്‍വശക്തിയുമെടുത്താണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടര്‍മാരിലെ കന്നിക്കാരടക്കം യുവജനങ്ങളില്‍ ഏറെയും ഇടതു പക്ഷത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ കപട സമീപനം തിരിച്ചറിഞ്ഞ കര്‍ഷകരും എല്‍.ഡി.എഫിനു ഒപ്പം നിന്നു. കോണ്‍ഗ്രസും യു.ഡി.എഫും പ്രതീക്ഷിക്കുന്നതാകില്ല വയനാട്ടിലെ തെരഞ്ഞെടുപ്പു ഫലം. പ്രചാരണരംഗത്തു യു.ഡി.എഫിലെ മാന്ദ്യം പ്രകടമായിരുന്നുവെന്നു വിജയന്‍ പറഞ്ഞു. മണ്ഡലത്തില്‍ എന്‍.ഡി.എ വേരോട്ടത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പു ഫലമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികം വോട്ട് ഇക്കുറി എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കു നേടും. ശബരിമല അടക്കം വൈകാരിക പ്രശ്‌നങ്ങളോടുള്ള വിശ്വാസികളുടെയും മറ്റു സാധാരണക്കാരുടെയും നിലപാട് പോളിങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും സജി ശങ്കര്‍ പറഞ്ഞു. മണ്ഡലത്തില്‍ എന്‍.ഡി.എ വേരോട്ടത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പു ഫലമെന്നു സജി ശങ്കര്‍ പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികം വോട്ട് ഇക്കുറി എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി നേടുമെന്നു അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."