തുടക്കത്തിലെ തളര്‍ന്ന് കോക്കോണിക്സ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് എന്ന വിശേഷണവുമായി സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ തുടങ്ങിയ 'കൊക്കോണിക്‌സ് 'ലാപ്‌ടോപ്പിന് തുടക്കത്തിലേ കാലിടറി. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്പ്‌ടോപുകള്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭത്തിലൂടെ നാളിതുവരെയായി വിറ്റത് അയ്യായിരത്തില്‍ താഴെ ലാപ്‌ടോപുകള്‍ മാത്രം. 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിക്കായി കെല്‍ട്രോണിന്റെ ഉടമസ്ഥതയിലുളള രണ്ടേകാല്‍ ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്.
സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പദ്ധതിയെന്നും സ്വകാര്യ കമ്പനിയെ സഹായിക്കാനുളള പദ്ധതിയെന്നുമെല്ലാം തുടക്കം മുതലേ കൊക്കോണിസ്‌ക്‌സിനെ പറ്റി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ചാണ് കൊക്കോണിക്‌സുമായി സംസ്ഥാന വ്യവസായ വകുപ്പ് മുന്നോട്ടു പോയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറായിരുന്നു കൊക്കോണിക്‌സിന്റെയും മുഖ്യആസൂത്രകന്‍.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു തന്നെ പ്രതിവര്‍ഷം ഒരുലക്ഷം കംപ്യൂട്ടറുകളെങ്കിലും വില്‍ക്കാമെന്നും പൊതുവിപണിയിലെ കച്ചവടം കൂടിയാകുമ്പോള്‍ വര്‍ഷം രണ്ടു ലക്ഷം കംപ്യൂട്ടറെങ്കിലും വിറ്റുപോകുമെന്നുമെല്ലാമായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ഇക്കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പദ്ധതി എട്ടുമാസം പിന്നിടുമ്പോള്‍ കഷ്ടിച്ച് നാലായിരത്തി അഞ്ഞൂറോളം ലാപ്‌ടോപ്പുകള്‍ മാത്രമാണ് വിറ്റുപോയത്. അതും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍. ഇ കൊമേഴ്‌സ് സൈറ്റുകളിലടക്കം കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് വില്‍പ്പനയ്ക്കു വച്ചെങ്കിലും ഉപയോക്താക്കള്‍ കൊക്കോണിക്‌സിനോട് മമത കാണിച്ചിട്ടില്ല.
ഗുണനിലവാരത്തിലെ പ്രശ്‌നങ്ങളും അമിതവിലയുമാണ് ലാപ്‌ടോപ്പിലെ കേരള ബ്രാന്‍ഡിനെ അപ്രിയമാക്കിയത്. യു.എസ്.ടി ഗ്ലോബല്‍ എന്ന വന്‍കിട ഐ.ടി കമ്പനിയാണ് കൊക്കോണിക്‌സിലെ 49 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്‌സലറോണിന് രണ്ടു ശതമാനം ഓഹരിയും നല്‍കിയതോടെ പദ്ധതി നിയന്ത്രണമത്രയും സ്വകാര്യമേഖലയ്ക്കായി. തിരുവനന്തപുരം മണ്‍വിളയില്‍ കെല്‍ട്രോണ്‍ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലം പദ്ധതിക്കായി പാട്ടത്തിനു നല്‍കുകയും കെട്ടിട പുനരുദ്ധാരണത്തിനായി മൂന്നരകോടി രൂപ കടമെടുക്കുകയും ചെയ്ത സര്‍ക്കാരിപ്പോള്‍ കൈ പൊള്ളിയ സ്ഥിതിയിലാണ്.
എന്നാല്‍ വിപണി വിലയേക്കാള്‍ പതിനെണ്ണായിരം രൂപവരെ കുറവില്‍ മികച്ച ലാപ്‌ടോപ്പുകള്‍ കുറഞ്ഞ കാലം കൊണ്ട് നിര്‍മിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കാന്‍ കൊക്കോണിക്‌സിന് കഴിഞ്ഞെന്നാണ് കമ്പനി അധികൃതരുടെ വാദം. കൊവിഡ് പ്രതിസന്ധിയുടെ കാലഘട്ടം കഴിഞ്ഞാല്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോക്കോണിക്‌സ് മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."