വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക് വാടകയ്ക്ക് വീടെടുത്ത് നല്‍കും
ചെങ്ങന്നൂര്‍: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി. യോഗത്തില്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകള്‍ ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.സെപ്റ്റംബര്‍ മൂന്നിന് കിറ്റു വിതരണം നടത്തും .വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക് വില്ലേജ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് വീടെടുത്ത് നല്‍കും. വാടക സര്‍ക്കാര്‍ കൊടുക്കും.
ഉടമസ്ഥര്‍ക്ക് സൗജന്യമായും വീട് നല്‍കാവുന്നതാണ്. ഇതിന് മുന്നോടിയായി വാസയോഗ്യമല്ലാത്ത വീടുകളുടെ ലിസ്റ്റ് 29ന് മുന്‍പ് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. വില്ലേജ് ഓഫീസര്‍മാരാണ് കണക്കെടുക്കേണ്ടത്. വെള്ളപ്പൊക്കത്തിന്റെ നഷ്ടം വിലയിരുത്താന്‍ വാര്‍ഡ് മെമ്പര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, കുടുംബശ്രീ പ്രവര്‍ത്തക, ആശാ വര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ സമിതി വാര്‍ഡ് അടിസ്ഥാനത്തില്‍ രൂപീകരിക്കും. ഇവര്‍ വീടുകളിലെത്തി നഷ്ടം വിലയിരുത്തും. ക്യാംപുകളില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ താമസിച്ചവരുടെയും നഷ്ടം വിലയിരുത്തും. 31ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുടിക്കാനുള്ള വെള്ളം ടാങ്കുകളില്‍ വാട്ടര്‍ അതോറിറ്റി വഴി വിതരണം ചെയ്യും.പതിനായിരം ലിറ്റര്‍ കൊള്ളുന്ന ടാങ്കുകള്‍ ഘടിപ്പിച്ച 25 വാഹനങ്ങള്‍ കുടിവെള്ള വിതരണം നടത്തും. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ പത്തു വീടുകള്‍ക്ക് ഒരു കിണര്‍ എന്ന നിലയില്‍ ശുദ്ധീകരിച്ച് നല്‍ക്കും. വീടുകള്‍ പരിശോധിച്ച് മാത്രമേ വൈദ്യുതി നല്‍കൂ. സെപ്റ്റംബര്‍ 1, 2 തീയതികളില്‍ താലൂക്കില്‍ ശുചീകരണ യജ്ഞം നടത്തും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘനകളും ജനങ്ങളും ചേര്‍ന്നാണ് ശുചീകരണം. വീടുകളില്‍ ശുചീകരണം ആവശ്യമുള്ളവര്‍ എം.എല്‍.എ ഓഫിസില്‍ അറിയിക്കണം.
താലൂക്കിലെ കൃഷി നാശം വിലയിരുത്താന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം ഉടനെ ചേരും. താലൂക്കില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും മതിലിനും ബലക്ഷയമുണ്ടോയെന്നും പരിശോധിക്കും. സെപ്റ്റംബര്‍ മൂന്നിനു ശേഷം എല്ലാ വാര്‍ഡിലും അദാലത്ത് നടത്തും. സൈന്യവും മത്സ്യത്തൊഴിലാളികളും അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് യോഗം നന്ദി അറിയിച്ചു.
ചെങ്ങന്നൂര്‍ ആര്‍ .ഡി .ഒ അതുല്‍ സ്വാമിനാഥന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ്, ജില്ല പഞ്ചായത്തംഗം വി. വേണു,ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോര ,തഹസില്‍ദാര്‍ വി .കെ ശശി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്ജ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജില്ലാ തലം മുതലുള്ള വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."