കടത്തിണ്ണയില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍
അങ്കമാലി: ദേശീയപാതയില്‍ ഏറെ തിരക്കേറിയ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപം ആറ് മാസം മുന്‍പ് കടത്തിണ്ണയില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിയെ അങ്കമാലി പൊലിസ് പിടികൂടി. കാസര്‍ഗോഡ് ചെര്‍ങ്ങള ബെര്‍ക്ക വീട്ടില്‍ രാജന്‍ ശിവന്‍കുട്ടി നായര്‍ എന്ന രാജു (58)വാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് കൊലപാതകം നടന്നത്. അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു കൂള്‍ പാര്‍ക്കിനു മുന്‍വശം കടതിണ്ണയില്‍ കിടന്നുറങ്ങിയ ചാലക്കുടി കുറ്റിച്ചിറ അംബേദ്ക്കര്‍ കോളനിയിലെ ചാലപറമ്പന്‍ ജനാര്‍ദ്ദന്‍ സത്യന്‍(45) ആണ് തലയ്ക്കടിയേറ്റ് മരണമടഞ്ഞത്. കൊല്ലപ്പെട്ട സത്യന്‍ ചെരുപ്പ് കുത്തിയും കൊലപാതകം നടത്തിയ രാജു അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ആക്രി സാധനങ്ങള്‍ പെറുക്കി വില്‍പന നടത്തിവന്നയാളുമാണ്. ഇരുവരും കൊലപാതകം നടന്ന കൂള്‍ബാറിനു മുന്‍വശത്താണ് രാത്രികാലങ്ങളില്‍ കിടന്നുറങ്ങാറുള്ളത്. കൊലപാതകം നടന്നതിന് ഒരാഴ്ച്ച മുന്‍പ് വരെ കൊല്ലപ്പെട്ട സത്യനും പ്രതിയും തമ്മില്‍ കിടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു.
പ്രതിയോട് മേലില്‍ സത്യന്‍ കിടക്കുന്ന കടവരാന്തയില്‍ കിടക്കരുതെന്നും അങ്ങനെ കിടക്കണമെങ്കില്‍ പ്രതി വാടക നല്‍കണമെന്നും സത്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പലപ്പോഴും ഉന്തും തള്ളുംവരെ ഉണ്ടായിട്ടുണ്ട്. സ്ഥിരമായി കിടന്നുറങ്ങിയിരുന്ന കടയ്ക്ക് മുന്‍പില്‍ ഇനി കിടന്നുറങ്ങണമെങ്കില്‍ സത്യനെ കൊല്ലണമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പൊലിസ് പറയുന്നത്.
കടവരാന്തകളില്‍ കിടന്നുറങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് അങ്കമാലി , ആലുവ , പെരുമ്പാവൂര്‍ ,ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കടവരാന്തയില്‍ കിടന്നുറങ്ങിയ 600 ഓളം പേരേ പൊലിസ് ചോദ്യം ചെയ്തിരുന്നു.
ഓണം ആഘോഷിക്കുന്നതിനായി പ്രതി കാസര്‍ഗോഡ് എത്തുമെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍ഗോഡ് തങ്ങിയാണ് അങ്കമാലി പോലീസ് പ്രതിയെ പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ആലുവ ഡിവൈ.എസ്.പി ജയരാജ് , അങ്കമാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മുഹമ്മദ് റിയാസ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എ അനൂപ് , ടി.ഡി ഡേവീസ് ,എ എസ് ഐ സുകേശന്‍ , എസ് സി പി ഒ ബിജേഷ് , സി പി ഒ മാരായ ഡേവീസ് , ജിസ് മോന്‍ , റോണി , സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വോഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."