പെരിയ ഇരട്ടക്കൊല: സി.പി.എം ഗൂഢാലോചന വ്യക്തം
? പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായി സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ നിലപാട് ശരിവയ്ക്കുകയും ചെയ്തു. താങ്കളുടെ പ്രതികരണം...
രാജ്യത്ത് നിയമവാഴ്ചയെ തകര്‍ക്കാന്‍ എളുപ്പത്തില്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ട വിധിയാണിത്. പ്രതികളെ രക്ഷിക്കാന്‍ പൊലിസ് നടത്തിയ കുറ്റാന്വേഷണം ഇരകള്‍ക്കു വേണ്ടിയുള്ള കുറ്റാന്വേഷണമാക്കി മാറ്റാന്‍ സി.ബി.ഐ അന്വേഷണംകൊണ്ട് സാധിക്കുമെന്ന വിശ്വാസമുണ്ട്. നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കുറ്റാന്വേഷണം തികച്ചും സത്യസന്ധമായും നിഷ്പക്ഷമായും നീതിപൂര്‍വമായും യാതൊരു പ്രേരണയും കൂടാതെ നിര്‍വഹിക്കേണ്ട പവിത്രമായ ദൗത്യമാണ്. നീതി നിര്‍വഹിച്ചാല്‍ പോരാ, നീതി നിര്‍വഹിച്ചുവെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നതാണ് നമ്മുടെ നീതിശാസ്ത്ര തത്വം. അങ്ങനെയുള്ള കുറ്റാന്വേഷണം ഏതൊരു പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. അന്വേഷണത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് നിയമപരമായി ധാരാളം പരിമിതികളുണ്ട്.
? കേസ് അന്വേഷണത്തില്‍ ഭരണകക്ഷിയായ സി.പി.എം ഇടപെട്ടുവെന്നും പൊലിസിനെ സ്വാധീനിച്ചെന്നുമൊക്കെയുള്ള ആരോപണം തുടക്കംമുതല്‍ ഉയര്‍ന്നതാണല്ലോ. ഇതിന്റെ അടിസ്ഥാനപരമായ വസ്തുതകള്‍...
കേരള പൊലിസിന്റെ സല്‍പേരിനു കളങ്കംവരുത്തിയ നടപടിയാണ് കേസിന്റെ ആദ്യാവസാനം ഉണ്ടായത്. തുടക്കംമുതല്‍ അന്വേഷണ സംഘത്തിന്റെ പല നടപടികളും സംശയാസ്പദമായിരുന്നു. അന്വേഷണ സംഘത്തെ നിയമിച്ചതു മുതല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ഒരു അജ്ഞാതശക്തി അന്വേഷണത്തെ നിയന്ത്രിക്കുന്നുണ്ടായിരുന്നുവെന്നത് വളരെ പ്രകടമായിരുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 21നു അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയെ ഏല്‍പ്പിച്ചെങ്കിലും ആറു ദിവസത്തെ അന്വേഷണത്തിനു ശേഷം യാതൊരു കാരണവുമില്ലാതെ ഇദ്ദേഹത്തെ മാറ്റി പകരം കോട്ടയം എസ്.പിയെ നിയമിച്ചു.
സി.പി.എം അനുഭാവ പൊലിസ് അസോസിയേഷനിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ച നടപടികള്‍ സര്‍ക്കാര്‍ ഇംഗിതം കുറ്റാന്വേഷണത്തില്‍ നടപ്പാക്കാന്‍ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു.
ഒന്നാംപ്രതിയെ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞ് സി.പി.എം പ്രാദേശിക നേതാക്കള്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും ആ വിവരം സി.പി.എം സംസ്ഥാന സെക്രട്ടറി കൊല്ലത്ത് പ്രഖ്യാപിക്കുകയായിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയും ഹാജരാക്കുകയും ചെയ്‌തെങ്കിലും പ്രതികള്‍ കൃത്യംചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം പൊലിസ് അന്വേഷിച്ചതേയില്ല. പ്രതികള്‍ ഓരോരുത്തരും ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിലും പൊലിസ് വീഴ്ചവരുത്തി.
? കൃത്യത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ചില്ലെന്ന് ആരോപിക്കുമ്പോഴും കുറ്റപത്രത്തില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയതായി കാണുന്നുണ്ടല്ലോ...
സാധാരണ കുറ്റകരമായ ഗൂഢാലോചനയ്ക്കു നേരിട്ടുള്ള തെളിവു ലഭിക്കുകയെന്നത് എളുപ്പമല്ല. പക്ഷേ, ഈ കേസില്‍ സി.പി.എം പാര്‍ട്ടിനേതൃത്വം ഇരട്ടക്കൊലപാതകം സാധ്യമാക്കുന്നതിനു വന്‍ ഗൂഢാലോചന നടത്തിയിരുന്നു എന്നതിനു വ്യക്തമായ തെളിവുകളുണ്ടായിട്ടും ക്രൈംബ്രാഞ്ച് സംഘം മുഖംതിരിഞ്ഞുനിന്നു. സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഒന്നാംപ്രതി വിളിച്ചുചേര്‍ത്ത സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റിയിലെ ലഭ്യമായ മെംബര്‍മാരുടെ യോഗത്തില്‍ ഒന്ന്, രണ്ട്, അഞ്ച് പ്രതികളും മറ്റു ഏഴുപേരും പങ്കെടുത്തിരുന്നു.
യോഗത്തില്‍ ഒന്നാംപ്രതി, കൃപേഷിനെയും ശരത്‌ലാലിനെയും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം അതു ശരിവച്ചിട്ടും ഒന്ന്, രണ്ട്, അഞ്ച് പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത മറ്റ് ഏഴുപേര്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തുന്നതിനു പകരം അവരെ സാക്ഷികളാക്കുകയാണ് ഉണ്ടായത്.
വിചാരണവേളയില്‍ മേല്‍വിവരിച്ച സാക്ഷികള്‍ സ്വാഭാവികമായും കൂറു മാറുന്നതോടുകൂടി കേസിലെ പ്രതികള്‍ക്ക് എളുപ്പം കുറ്റമുക്തരാകാന്‍ പൊലിസും അവസരമൊരുക്കുകയാണ് ചെയ്തത്. യോഗ സ്ഥലത്തുനിന്ന് സംഭവസ്ഥലത്തേക്ക് പ്രതികള്‍ കൃത്യംചെയ്യാന്‍ വാഹനവ്യൂഹത്തില്‍ പോയതായി തെളിവുണ്ടായിട്ടും വാഹനങ്ങളില്‍ പ്രതികള്‍ക്ക് അകമ്പടി സേവിച്ചവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തെങ്കിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലിസ് സര്‍ജനെ വിളിച്ചുവരുത്തി ആയുധം പരിശോധനയ്ക്കു വിധേയമാക്കിയില്ല. പകരം ധൃതിപ്പെട്ട് കോടതിയിലേക്ക് അയച്ച നടപടി ഗുരുതര വീഴ്ചയാണ്. പിന്നീട് പോളിത്തീന്‍ പൊതിയില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പൊലിസ് സര്‍ജനെ കാണിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ആയുധം തുറന്നുനോക്കി പരിശോധിക്കാന്‍ കോടതി അനുവദിച്ചില്ല. കുറ്റാന്വേഷണ സംഘം നിര്‍വഹിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും നിര്‍വഹിക്കാതെ കേസ് അട്ടിമറിക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമുണ്ടായ സമ്മര്‍ദത്തിന് അന്വേഷണസംഘം വഴങ്ങിയത് മറ്റൊരു വീഴ്ചയാണ്.
? ഈ കേസിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന ആരോപണം ആരംഭത്തില്‍ പറഞ്ഞുകേട്ടിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് നിദാനമായ വല്ല തെളിവും ഹൈക്കോടതി മുന്‍പാകെ ബോധിപ്പിക്കാന്‍ ഹരജിക്കാര്‍ക്ക് സാധിച്ചിരുന്നോ...
പ്രതികള്‍ക്ക് ഇന്ത്യക്കു പുറത്തുനിന്ന് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നത് സത്യമാണ്. ഈ കേസിലെ എട്ടാം പ്രതി പെരിയയില്‍ കൂലിവേല ചെയ്ത് ജീവിച്ചിരുന്നയാളായിരുന്നു. സംഭവം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇയാള്‍ വിദേശത്തേക്കു കടന്നു. മൂന്നുമാസം കഴിഞ്ഞ് 2019 മെയ് 19നു തിരിച്ചുവന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഉടന്‍തന്നെ വിദേശത്തേക്കു പോകാന്‍ വിസ ശരിപ്പെടുത്തി കൊടുത്തവരെക്കുറിച്ചും അഭയം നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്താതിരുന്നത് ദുരൂഹമാണ്.
? ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ സി.പി.എം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍...
കൊലപാതകം സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ ആസൂത്രണം ചെയ്ത വന്‍ ഗൂഢാലോചനയാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയാണ്. സംഭവം കഴിഞ്ഞ ഉടനെ പരിസരത്തെ സി.പി.എം അനുഭാവിയായ ക്വാറി ഉടമയുടെ ജീപ്പില്‍, കൃത്യത്തില്‍ പങ്കെടുത്ത പ്രതികള്‍ വെളുത്തോളി എന്ന പാര്‍ട്ടി ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി സെക്രട്ടറിയും മറ്റു നേതാക്കളും അവിടെ കാത്തിരിക്കുകയായിരുന്നു.
ആരുടെയോ ഫോണ്‍ ലഭിച്ച ഉടനെ പ്രതികളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, അവര്‍ കൊണ്ടുവന്ന പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും പ്രതികളെ പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹൈക്കോടതിയില്‍ ബോധിപ്പിച്ച പത്രികയില്‍ സമ്മതിച്ചതാണ്. കൊലപാതകത്തെക്കുറിച്ച് പാര്‍ട്ടിനേതൃത്വം മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടാണ് ഇത്രയും ഹീനമായ കൃത്യം ചെയ്തവരെ സ്വീകരിക്കാന്‍ നേതാക്കള്‍ തന്നെ പാര്‍ട്ടി ഗ്രാമത്തില്‍ എത്തിയത്.
സംഭവത്തിനുശേഷം പൊലിസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ സ്റ്റേഷനിലെത്തി ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒന്നാം പ്രതിയുടെ മാതാവ് തന്നെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍, തന്റെ മകന്‍ പാര്‍ട്ടിയുടെ ആജ്ഞയനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
? സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍...
കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ കേരള പൊലിസിന്റെ മനോവീര്യം തകര്‍ന്നുപോകുമെന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന നയപരമായ തീരുമാനമെടുത്ത സര്‍ക്കാരാണിത്. ബാലഭാസ്‌കറിന്റെ അപകടമരണം പോലും കേരള പൊലിസിന്റെ അന്വേഷണത്തില്‍ തൃപ്തി ഉണ്ടാവില്ലെന്ന കാരണത്താല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാരാണിത്. എന്നിരിക്കെ, ഇരട്ടക്കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെ എതിര്‍ത്തതിന്റെ കാരണം സുവ്യക്തമാണ്. യു.ഡി.എഫ് ഭരണകാലത്ത് പല സംഭവങ്ങളിലും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ അടക്കം നിരവധി ഇടതുനേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു എന്നതും ഓര്‍ക്കണം.
? സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരേ സര്‍ക്കാര്‍ ബോധിപ്പിച്ച റിട്ട് അപ്പീലില്‍ സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ വന്‍ ഫീസ് നല്‍കി സുപ്രിംകോടതിയില്‍നിന്ന് സീനിയര്‍ അഭിഭാഷകനെ കൊണ്ടുവന്ന നടപടിയെ സംബന്ധിച്ച്...
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച കഴിവും പ്രാപ്തിയുമുള്ള അഡ്വക്കറ്റ് ജനറല്‍, അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡിഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റു മുതിര്‍ന്ന സീനിയര്‍ പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരെ അപമാനിക്കുന്ന നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.
യു.ഡി.എഫ് ഭരണകാലത്ത് ഒരൊറ്റ ക്രിമിനല്‍ കേസില്‍ പോലും പുറത്തുനിന്ന് അഭിഭാഷകനെ കൊണ്ടുവന്നില്ല. മാത്രമല്ല, സുപ്രിംകോടതിയില്‍ സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു വാദിക്കാനും ആനന്ദബോസിനെ കൊല ചെയ്ത കേസ് സംസ്ഥാനം മാറ്റണമെന്ന കേസിലും പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാനായി സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായതും അന്നത്തെ ഡി.ജി.പി എന്ന നിലയില്‍ ഞാനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."