ട്രാക്കില്‍ കോഴിക്കോടന്‍ കരുത്ത്
കോഴിക്കോട്: പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടി. 1:46:35 മിനുട്ടിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും നേടിക്കൊടുത്ത ഗ്ലാമര്‍ ഇനത്തില്‍ ഇന്ത്യയുടെ തന്നെ മഞ്ജിത്ത് സിങ് (1:46:15) സ്വര്‍ണം നേടി. ഖത്തറിന്റെ അബൂബക്കര്‍ അബ്ദുല്ലയാണ് (1:46:38) വെങ്കലം നേടിയത്. ഗുവാഹത്തിയില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകര്‍ത്താണ് ഈ 27കാരന്‍ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കില്‍ ഇന്ത്യയുടെ അഭിമാനമായത്.
കൂടാതെ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. 3:37:86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ ദേശീയ റെക്കോര്‍ഡിട്ടത്. 1995ല്‍ ബഹാദൂര്‍ പ്രസാദ് ഡല്‍ഹിയില്‍ കുറിച്ച 3:38:00 സെക്കന്‍ഡാണ് ജിന്‍സന്റെ വേഗത്തിന് മുന്നില്‍ ചരിത്രമായത്. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിന്‍സണ്‍. മാരത്തണില്‍ ശിവ്‌നാഥ് സിങ് സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ അവശേഷിക്കുന്ന പഴക്കമുള്ള റെക്കോഡ്.സ്‌കൂള്‍ പഠനകാലം മുതല്‍ അത്‌ലറ്റിക്‌സില്‍ താല്‍പര്യമുണ്ടായിരുന്ന ജിന്‍സണ്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്രാക്കിലെത്തുന്നത്.
ശേഷം കെ.എം പീറ്റര്‍ എന്ന പരിശീലകനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവായത്. പീറ്ററിന്റെ കീഴില്‍ ആദ്യമായി ശാസ്ത്രീയ പരിശീലനം നേടി. പിന്നീട് സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ മെഡല്‍ നേടി ട്രാക്കിലെ മിന്നും താരമായി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളജിലും പഠനം പൂര്‍ത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പരിശീലനം നേടി.
2009ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ശേഷം കണ്ണൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കീഴില്‍ ആര്‍മിയില്‍നിന്ന് മികച്ച താരമായി ഉയര്‍ന്നു. നിലവില്‍ ആര്‍മിയില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസറായ താരത്തിന്റെ പരിശീലകന്‍ ഇന്ത്യന്‍ ക്യാംപിലെ ആര്‍.എസ് ഭാട്യയാണ്. ഏഷ്യന്‍ ഗ്രാന്റ് പ്രീ പരമ്പരയില്‍ മൂന്ന് സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. 2015ലെ ഗുവാന്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. 2016ലെ റിയോ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നു. സമ്മര്‍ ഒളിംപിക്‌സിലെ 1:45.98 മിനുട്ടായിരുന്നു ഇതിന് മുമ്പുള്ള ജിന്‍സന്റെ മികച്ച സമയം. കുളച്ചല്‍ ജോണ്‍സന്റെയും ഷൈലജയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."