സഊദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; തകർത്തതായി സഖ്യ സേന
റിയാദ്: യമനുമായി അതിർത്തി പങ്കിടുന്ന സഊദി അതിർത്തി പ്രദേശമായ അബഹയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയ ആയുധ ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തന്നെ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സഖ്യ സേന അറിയിച്ചു. അറബ് സഖ്യ സേന ആകാശത്ത് വെച്ച് തകര്‍ത്ത ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന്‍റെ ഒരു ഭാഗത്ത് പതിച്ചിട്ടുണ്ട്. എങ്കിലും വലിയ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ വിമാനത്താവളത്തിലേക്ക് സമാന ആക്രമണം നടന്നിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യമനിലെ വിമത വിഭാഗമായ ഹൂതികൾ ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂതികൾ സഊദിക്കെതിരെ ആക്രമണം നടത്തുന്നത് തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യം വെച്ച് നടന്ന തീവ്രവാദി ആക്രമണത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം യമനിലെ ഹുദൈദയില്‍ നിന്ന് ആയുധങ്ങള്‍ നിറച്ച് തീരത്തേക്ക് വിട്ട ബോട്ടും സഖ്യസേന തകര്‍ത്തു.സഊദിക്കെതിരെ ഹൂതികൾ നടത്തുന്ന നിരന്തര ആയുധ ഡ്രോൺ, ബാലിസ്‌റ്റിക് മിസൈൽ ആക്രമണങ്ങൾ സഊദിക്ക് കടുത്ത ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്.
അബഹ വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ തൊടുത്ത് വിട്ട് യാത്രക്കാരെയും ജീവനക്കാരെയും വകവരുത്താനുള്ള ഹൂതികളുടെ ഹീനമായ നടപടികൾക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ (ഒഐസി) അപലപിച്ചു. സംഭവത്തെ അപലപിക്കുന്നതായി സെക്രട്ടറി ജനറൽ ഡോ: യൂസുഫ് അൽ ഉതൈമീൻ വ്യക്തമാക്കി. ഹൂതികൾ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ലക്ഷ്യ സ്ഥാനം എത്തും മുമ്പ് തന്നെ തകർക്കാൻ കഴിയുന്ന സഖ്യ സേനയുടെ ജാഗ്രതയെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."