ഓര്‍മകളിലേക്ക് പ്രണബ് മുഖര്‍ജി: രാജ്യം വിട നല്‍കിയത് പൂര്‍ണ ദേശീയ ബഹുമതികളോടെ
ന്യുഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജ്യം വിട നല്‍കി. പൂര്‍ണദേശീയ ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരച്ചടങ്ങ്. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തിലായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ചടങ്ങുകള്‍. പൊതുദര്‍ശനം മുതല്‍ സംസ്‌കാരം വരെയുള്ള ചടങ്ങുകളിലും പ്രോട്ടോക്കോള്‍ പാലിച്ചു.
ഒരാഴ്ചക്കാലത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പതരയോടെയാണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് രാജാജി റോഡിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചത്. കൊവിഡ് ബാധിതനായിരുന്നതിനാല്‍ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് മൃതദേഹം വിട്ടുനല്‍കിയത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
രാജാജി മാര്‍ഗിലെ വസതിയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്കെത്തിച്ചത്. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഒരാഴ്ച രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."