വെണ്ടേക്കുംപൊയില്‍ ഒറ്റപ്പെട്ടു; കെ.എസ്.ആര്.ടി.സി സര്‍വീസും നിലച്ചു
നിലമ്പൂര്‍: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന വെണ്ടേക്കുംപൊയില്‍-കരിമ്പ്-കക്കാടംപൊയില്‍ റോഡിലെ മണ്ണ് ഇതുവരെ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വെണ്ടേക്കുംപൊയില്‍ ഒറ്റപ്പെട്ടു. ആകെയുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി കൂടി സര്‍വീസ്് കൂടി നിലച്ചതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി.
വെണ്ടേക്കുംപൊയിലിലെ ഉരുള്‍പൊട്ടല്‍ മൂലം മണ്ണ് റോഡില്‍ മുഴുവനായി കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും ഇതുവഴി കടന്നുപോകാനാവില്ല. മൂന്നാഴ്ച പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇരുനൂറ് ലോഡ് മണ്ണെങ്കിലും റോഡില്‍ നിന്ന് നീക്കം ചെയ്താല്‍ മാത്രമേ റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂ. റോഡിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ കൂടുതല്‍ മണ്ണ് റോഡിലേക്ക് ഇറങ്ങാനുളള സാധ്യതയും കൂടുതലാണ്. റോഡ് തകര്‍ന്നതോടെ നിലമ്പൂരില്‍ നിന്ന് അകമ്പാടം-കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് കെ.എസ് ആര്.ടി.സി നടത്തിയിരുന്ന സര്‍വ്വീസ് മുടങ്ങിയിരിക്കുകയാണ്. ഒന്‍പത് ആദിവാസി കോളനി നിവാസികളുടെയും ആയിരത്തോളം മലയോര കര്‍ഷകരുടെയും ഏക ആശ്രയമായ കെ.എസ്.ആര്.ടി.സി സര്‍വീസ് ആണ് നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."