പി.എസ്.സിയുടെ യു.പി സ്കൂള്‍ അധ്യാപക പരീക്ഷക്ക് നല്കിയ അപേക്ഷകള്‍ അപ്രത്യക്ഷമായി
കുറ്റിപ്പുറം: പി.എസ്.സിയുടെ യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷക്ക് നല്കിയ അപേക്ഷകള്‍ അപ്രത്യക്ഷമായി. സംസ്ഥാനത്താകെ ഇരുനൂറിലധികം അപേക്ഷകളിലാണ് പി.എസ്.സിക്ക് വ്യക്തതയില്ലാത്തത്. യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്കിയ ഉദ്യോഗാര്‍ത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
2020 നവംബറില്‍ നടക്കുന്ന പരീക്ഷക്ക് കണ്ഫര്മേഷന് മെസ്സേജ് നല്‍കാനായി സ്വന്തം പ്രൊഫൈല്‍ തുറന്ന് നോക്കിയ ഉദ്യോഗാര്‍ഥികളാണ് ഞെട്ടിയത്. ഈ ഉദ്യോഗാര്‍ത്ഥികളുടെ പ്രാഫൈലില്നിന്ന് അപേക്ഷകള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. നേരത്തെ നല്കിയ അപേക്ഷയുടെ കണ്ഫര്മേഷന് നല്‍കാനും സംവിധാനമില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ദിനംപ്രതി ജില്ലാ പി.എസ്.സി ഓഫിസുകളിലേക്കും സംസ്ഥാന ഓഫിസിലേക്കും വിളിക്കുന്നത്. എന്നാല്‍ പി.എസ്.സിയുടെ നിയന്ത്രണത്തിലുള്ള സൈറ്റില്‍നിന്ന് എങ്ങനെ അപേക്ഷകള്‍ അപ്രത്യക്ഷമായെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.
അപേക്ഷകള്‍ കാണാത്തതും കണ്ഫര്മേഷന് ലഭിക്കാത്തതും സംബന്ധിച്ച് പി.എസ്.സിയുടെ ആസ്ഥാനത്ത് പരാതിപ്പെടുന്ന ഉദ്യോഗാര്‍ഥികളോട് പ്രിന്റൗട്ട് ചോദിക്കുകയാണ് അധികൃതര്‍. മിക്ക ഉദ്യോര്ഗാര്ത്ഥികളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷകള്‍ നല്‍കിയിരുന്നത്. എന്നാല്‍, അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഇവരില്‍ പലരും പ്രിന്റൗട്ട് എടുത്തിരുന്നില്ല.
സാധാരണ അപേക്ഷ നല്കിയാല് പി.എസ്.സി സൈറ്റില്‍നിന്ന് അപേക്ഷ കാണാനും വേണമെങ്കില്‍ പ്രിന്റൗട്ട് എടുക്കാനും കഴിയുമായിരുന്നു. ഇതാണ് മൊത്തത്തില്‍ നഷ്ടമായിരിക്കുന്നത്. പി.എസ്.സി പ്രിന്റൗട്ട് ആവശ്യപ്പെടുന്നതോടെ അപേക്ഷകര്‍ വെട്ടിലായിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രമായി നൂറോളം അപേക്ഷകര്‍ കണ്ഫര്മേഷന് ലഭിക്കാത്തവരുടെ കൂട്ടത്തിലുണ്ട്. പല ഉദ്യോഗാര്‍ഥികള്‍ക്കും ഇത് അവസാന അവസരവുമാണ്. കെ.ടെറ്റ് ഉള്‍പ്പെടെ വിജയിച്ചതിനുശേഷം അപേക്ഷ നല്കിയവര്, ആ സമയം മുതല്‍ തുടങ്ങിയ പരിശീലനവും പരിശ്രമവും വിഫലമാകുമോയെന്ന ആശങ്കയിലാണ്.
അതേ സമയം ഭാവി തുലാസിലായ ഉദ്യോഗാര്‍ഥികള്‍ കൂട്ടായ്മ രൂപീകരിച്ച് നിയമ നടപടികളിലേക്ക് കടക്കാനുളള ആലോചനയിലാണ്. ഇതിന്റെ ആദ്യപടിയായി വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പി.എസ്.സി ചെയര്മാന് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
സര്‍ക്കാരിന്റേയും പി.എസ്.സിയുടേയും ഇടപെടലുണ്ടാകുന്നില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കാനുളള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."