മൊറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ലോണ്‍ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ ദീര്ഘിപ്പിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മൊറട്ടോറിയം കാലത്തെ പലിശയിളവ് സംബന്ധിച്ച് റിസര്‍വ് ബാങ്ക്, ബാങ്കുകളുടെ അസോസിയേഷന് എന്നിവയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. അതിനാല്‍ കൂടുതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലത്തെ ഇ.എം.ഐക്ക് പലിശയിളവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ നിലപാട് അറിയിക്കുകയായിരുന്നു കേന്ദ്രം.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിങ്ങള്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് ജനം ദുരിതത്തിലായതെന്നും പലിശയിളവ് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ കേന്ദ്രം നിലപാട് അറിയിച്ചത്. നിലപാട് സത്യവാങ്മൂലമായി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കേസിന്റെ ആദ്യദിവസം മുതല്‍ രൂപരേഖയുണ്ടാക്കി വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് മറുപടി നല്കി.
ചര്‍ച്ച പുരോഗതിയിലെത്തിയിട്ടുണ്ടെന്നും ഇതോടൊപ്പം നിരവധി വിഷയങ്ങള്‍ പരിഗണനയിലുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."