വരള്‍ച്ചയും ചുഴലിക്കാറ്റും; തകര്‍ന്നടിഞ്ഞ് ജില്ലയുടെ കാര്‍ഷിക മേഖല
മലപ്പുറം: രൂക്ഷമായ വരള്‍ച്ചയിലും മലയോരമേഖലകളില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റിലും ജില്ലയുടെ കാര്‍ഷിക മേഖലയില്‍ നഷ്ടങ്ങളേറെ. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുണ്ടായ അതിശക്തമായ വരള്‍ച്ചയില്‍ 1.66 കോടി രൂപയുടെ കൃഷിനാശവും കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന വേനല്‍ മഴ, ചുഴലിക്കാറ്റ് എന്നിവമൂലം 2.67 കോടിയുടെ നഷ്ടവും ഉണ്ടായതായാണ് ജില്ലാ കൃഷി വകുപ്പിന്റെ കണക്കുകള്‍. വരള്‍ച്ചമൂലമുണ്ടായ കൃഷിനാശം ജില്ലയിലെ 530 കര്‍ഷകരെയും ചുഴലിക്കാറ്റ് മൂലം ഉണ്ടായ കാര്‍ഷിക തകര്‍ച്ച 1,335 കര്‍ഷകരെയും ബാധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. ജില്ലയിലെ 35 പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.
ജില്ലയിലെ കൃഷി ഭവനുകള്‍ മുഖേന ലഭിച്ച വിവരം പ്രകാരം 45 തെങ്ങ്, 69,152 വാഴ, 91 കമുങ്ങ്, 865 റബര്‍, 74 കുരുമുളക് ചെടികള്‍, 1.6 ഹെക്ടര്‍ മരച്ചീനി, എട്ട് ഹെക്ടര്‍ പച്ചക്കറികൃഷി, 192 ഹെക്ടര്‍ നെല്ല് എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ കണക്കുകള്‍. രൂക്ഷമായ വെയിലില്‍ കൃഷികള്‍ പലതും കരിഞ്ഞുണങ്ങിയതും വെള്ളത്തിന്റെ ദൗര്‍ലഭ്യത മൂലം കൃത്യമായി ജലസേചനത്തിനു കഴിയാതിരുന്നതുമാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. വരള്‍ച്ചക്ക് ശമനമെന്നോണം വേനല്‍മഴ കഴിഞ്ഞ ഒരാഴ്ച മുതല്‍ ലഭിച്ചു തുടങ്ങിയത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോടൊപ്പം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് കാര്‍ഷിക മേഖലയെ വീണ്ടും തകര്‍ത്തെറിഞ്ഞു. 166 തെങ്ങ്,130,000 വാഴ, 517 കമുങ്ങ്, 2235 റബര്‍, അഞ്ച് ഹെക്ടര്‍ മരച്ചീനി, നാലര ഹെക്ടര്‍ പച്ചക്കറി കൃഷി തുടങ്ങിയ കൃഷികള്‍ ചുഴലിക്കാറ്റ് മൂലവും നശിച്ചു. മലയോര മേഖലകളിലാണ് ചുഴലികാറ്റിലും മഴയിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."