കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായുള്ള വോട്ടുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂരിലെ പിലാത്തറയിലെയും എരമംകുറ്റൂരിലെയും വോട്ടിങ് ബൂത്തുകളിലുമാണ് കള്ളവോട്ട് നടന്നതെന്ന് കോണ്‍ഗ്രസ്. ഇതില്‍ പിലാത്തറയിലെ ദൃശ്യമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്തംഗം മുന്‍ പഞ്ചായത്തംഗവും ഉണ്ട്.
ഒരാള്‍ തന്നെ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പുറത്തുവിട്ടത്. പുറത്തുവിട്ട ദൃശ്യങ്ങളില്‍ കള്ളവോട്ട് ചെയ്തത് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.പി സെലീനയാണെന്ന് കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇവര്‍ കള്ളവോട്ട് ചെയ്തതാവട്ടെ ഇരു ബൂത്തുകളിലെയും പോളിങ് ഓഫിസര്‍മാരുടെയും സഹായത്തോടെയാണ് നടന്നത് കോണ്‍ഗ്രസ് ആരോപിച്ചു.
ബൂത്ത് ഏജന്റില്‍ നിന്ന് കാര്‍ഡ് വാങ്ങി വീണ്ടും വരിയില്‍ നിന്ന് വോട്ട് ചെയ്യുകയായിരുന്നു. കയ്യില്‍ പുരട്ടിയ മഷി ഉടന്‍ തന്നെ തലയില്‍ തേച്ച ശേഷം സ്ത്രീ വോട്ട് ചെയ്യാനായി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ത്രീ വോട്ടര്‍ രണ്ടാമത്തെ വോട്ട് ചെയ്തത് പോളിങ് ബൂത്തിന്റെ വാതിലടച്ച ശേഷമാണ്.
വീഡിയോ കടപ്പാട്: മനോരമ ന്യൂസ്
[video width="560" height="330" mp4="http://suprabhaatham.com/wp-content/uploads/2019/04/VID-20190427-WA0025-Blue.mp4"][/video]
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48 നമ്പര്‍ ബൂത്തില്‍ ശ്യാമ കുമാര്‍ കാരക്കാട് എന്നയാള്‍ രണ്ടു തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നു പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചിട്ടുള്ളത്. കള്ളവോട്ട് ചെയ്യുന്നതിന് വേണ്ടി തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബൂത്തിന്റെ വാതിലുകള്‍ അടച്ചിടുന്നതിനും സൗകര്യമൊരുക്കിയ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
ഇതിന് പുറമെ പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ 136 നമ്പര്‍ ബൂത്തില്‍ രഞ്ജിത്ത് എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ടു തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്. നല്ല തിരക്കുള്ള സമയത്താണ് ബൂത്തുകളില്‍ കള്ളവോട്ടു നടന്നതെന്നത് പോളിംഗ് ഓഫിസര്‍ ഉള്‍പ്പെടെ കള്ളവോട്ടിന് കൂട്ട് നിന്നുവെന്നാണ് തെളിയിക്കുന്നത്.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പ്രതികരിക്കാന്‍ സാധിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങളില്‍ പറഞ്ഞപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണ്. കൃത്യമായി നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."