മീനച്ചിലാറ്റില്‍ അമിതമായി ജലനിരപ്പ് താഴുന്നു
ഈരാറ്റുപേട്ട: കനത്ത മഴയ്ക്ക് ശമനമായിട്ട് ഒരാഴ്ച പിന്നിടുന്നതേ ഉള്ളൂ. കര കവിഞ്ഞും പാലങ്ങളില്‍ മുട്ടിയിരുമ്മിയും ഒഴുകിയ മീനച്ചിലാര്‍ ഇപ്പോള്‍ ദയനീയ അവസ്ഥയിലാണ്. പലയിടത്തും നടന്ന് ആറിന്റെ മറുകരയെത്താവുന്ന വിധത്തില്‍ ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. ഈ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത വേനലിനെ എങ്ങനെ നേരിടുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും ചോദിച്ചുതുടങ്ങി.
കിഴക്കന്‍ മേഖലകളില്‍ മഴക്കാലങ്ങളില്‍ സംഭരിച്ചു വയ്ക്കുന്ന വെള്ളമാണ് മീനച്ചിലാറിന്റെ അടിസ്ഥാനം. ഈ മേഖലയില്‍ നിന്നുള്ള ഉറവകള്‍ നീര്‍ച്ചാലുകളായും പുഴകളായും രൂപം മാറി മീനച്ചിലാറാകുകയാണ്. എന്നാല്‍ ഇന്നിവിടെ ഭൂമിയില്‍ ജലം സംഭരിച്ചു നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായി. മഴവെള്ളം സംഭരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതോടെ പുഴകള്‍ക്ക് കരുത്ത് നഷ്ടപ്പെട്ടു. ഇടനാടുകളിലെ കൃഷിഭൂമികള്‍ ഇല്ലാതാകുകയും കൃഷി രീതികള്‍ മാറുകയും ചെയ്തതോടെ ഇവിടെയും ജലം ശേഖരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതോടെ പെയ്തിറങ്ങുന്ന മഴവെള്ളം പിടിച്ചു നിര്‍ത്തപ്പെടാതെ ഒഴുകി നഷ്ടപ്പെടുന്നു.
മഴക്കാലങ്ങളില്‍ കുത്തൊഴുക്കും പ്രളയവും മഴ മാറിയാലുടന്‍ വരള്‍ച്ചയും മീനച്ചിലാറ്റില്‍ സ്ഥിരം കാഴ്ചയാവുകയാണ്. കുത്തൊഴുക്കുമൂലം ഉള്ള മേല്‍മണ്ണുകൂടി നഷ്ടമാവുകയും ചെയ്യുന്നു. മുന്‍പ് ഏറ്റവും കൂടുതല്‍ മഴ പെയ്തിരുന്ന ചിറാപുഞ്ചിയില്‍ ഉണ്ടായിരുന്ന കന്യാവനങ്ങള്‍ ഒട്ടുമുക്കാലും നശിപ്പിക്കുകയും കൃഷിഭൂമികളെ മാറ്റിമറിക്കുകയും ചെയ്തതോടെ, ഓരോ വര്‍ഷവും മൂന്നും നാലും പ്രളയവും, മഴ മാറിയാലുടന്‍ കൊടിയ വരള്‍ച്ചയും മൂലം ചിറാപുഞ്ചി നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളവും ഈ അവസ്ഥയിലേയ്‌ക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന് മീനച്ചിലാറിനു വേണ്ടി രംഗത്തുള്ളവര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."