കാര്‍ യാത്രികര്‍ക്ക് രക്ഷകനായത് ഓട്ടോഡ്രൈവര്‍
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം പള്ളിക്കുന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ചു തകര്‍ത്ത കാറിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയ നന്മനിറഞ്ഞ ഓട്ടോക്കാരനെ ഒടുവില്‍ കണ്ടെത്തി. ധര്‍മ്മശാല നിഫ്റ്റ് കാംപസിനു സമീപത്തെ ഓട്ടോതൊഴിലാളിയായ വര്‍ഗീസാണ് ദൈവദൂതനായി എത്തിയത്. ഗ്യാസ് ടാങ്കര്‍ ഇടിച്ചു മറിഞ്ഞെന്ന പരിഭ്രാന്തി പരത്തുന്ന വാര്‍ത്തയുമായാണ് തിരുവോണ നാളില്‍ നാട് ഉണര്‍ന്നത്. എന്നാല്‍ അല്പസമയത്തിനകം തന്നെ ഗ്യാസ് ചോര്‍ച്ച ഇല്ലെന്നും ടാങ്കര്‍ ഇടിച്ചു തകര്‍ത്ത കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു എന്നുമുളള ആശ്വാസ വാര്‍ത്തയും പുറത്തുവന്നു.
പിന്നീട് ആളുകള്‍ തിരക്കിയത് കാറിലെ യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച നന്മനിറഞ്ഞ ഓട്ടോക്കാരനെയായിരുന്നു. കാര്‍ യാത്രികനായ അജിത്താണ് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. പ്രാഥമിക ചികിത്സ നല്‍കാനും അയാള്‍ ഉണ്ടായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും അജിത്ത് പറഞ്ഞു. എന്നാല്‍ ഇന്നലെ അജിത്തിനെയും കുടുംബത്തെയും കാണാന്‍ വര്‍ഗീസ് എത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രില്ബന്ധുവിനെ കണ്ട് തിരിച്ചുവരുമ്പോഴാണ് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ടത് കണ്ടത്. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ സമീപത്തായി ഒരു കാര്‍ തകര്‍ന്നു കിടക്കുന്നതായും കണ്ടു. നിലവിളി ശബ്ദം കേട്ട് അടുത്തു ചെന്ന് കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ഡോര്‍ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഇതുവഴിവന്ന വാഹനത്തിന് കൈനീട്ടിയെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പൊലിസ് കണ്ട്രോള് റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് വര്‍ഗീസ് പറഞ്ഞു. പിന്നീട് തന്റെ ഓട്ടോറിക്ഷയില്‍ തന്നെ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് വര്‍ഗീസിന്റെ നന്മനിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."