ഇരിക്കൂറില്‍ പേപ്പട്ടി വിളയാട്ടം
ഇരിക്കൂര്‍: ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടിയുടെ കടിയേറ്റ അഞ്ചുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്രവിതരണക്കാരനും പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ ഷാമില്‍ (17), ഇരിക്കൂര്‍ ടൗണിലെ റസ്റ്റോറന്റ് ഉടമ മായന്‍ (50), മാമാനിക്കുന്ന് ക്ഷേത്രത്തിലെ പാചക ജീവനക്കാരി കോളോട് തട്ടില്‍ ഷീല (45), കുട്ടാവിലെ മുല്ലോളി താജുദീന്‍ (40) എന്നിവര്‍ക്ക് ജില്ലാ ആശുപത്രിയിലും കുയിലൂരിലെ ബാലന് (65) കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കി. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു നായയുടെ അക്രമം. പത്ര വിവിതരണത്തിനായി പോകവേ കുളങ്ങരപ്പള്ളിക്കു സമീപത്തെ സംസ്ഥാന പാതയോരത്ത് വച്ചാണു ഷാമിലിനു കടിയേറ്റത്. ഇവിടെനിന്നു തന്നെയാണു ഷീലയ്ക്കും മായനും നേരേ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ഡയനാമോസ് ഗ്രൗണ്ടില്‍ വച്ചാണു താജുദീനു കടിയേറ്റത്. ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷമാണു പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയത്. മേഖലയിലെ നിരവധി തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."