മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് നല്കി മുഖ്യമന്ത്രി; സര്‍ക്കാരിന്റെ ആദരവ്
തിരുവനന്തപുരം: പ്രളയത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ലോകത്തിന്റെ നെറുകയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന 'ആദരം 2018' മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."