ബില്‍ക്കീസ് ബാനു രാജ്യത്തിന്റെ അഭിമാനം
ഗുജറാത്തിലെ മൃഗീയമായ ന്യൂനപക്ഷ വേട്ടകളും കലാപങ്ങളും കൂട്ട നരഹത്യകളുമെല്ലാം ദേശീയരാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവങ്ങളാണ്. മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച ഈ കൂട്ടക്കുരുതി രാജ്യത്തൊട്ടാകെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു.
ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന വന്‍കലാപങ്ങളില്‍ 3000 പേരെങ്കിലും മൃഗീയമായി കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. അന്ന് 21 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന, അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു അതിക്രൂരമായ വേട്ടയുടെ ജീവിച്ചിരിപ്പുള്ള ഇരയാണ്. സംസ്ഥാന പൊലിസ് ഉഴപ്പിയ കേസ് ഒടുവില്‍ സുപ്രിംകോടതി ഉത്തരവു പ്രകാരം സി.ബി. ഐ അന്വേഷിക്കുകയായിരുന്നു.
ബില്‍ക്കീസ് ബാനുവിന്റെ ബന്ധുക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ ഇടം തോണ്ടി പരിശോധന നടത്തിയാണു തെളിവു ശേഖരിച്ചത്. കേസിന്റെ വിചാരണ മുംബൈ കോടതിയിലേയ്ക്കു മാറ്റി. കൂട്ടമാനഭംഗത്തിനും കൊലപാതകങ്ങള്‍ക്കും 2008ല്‍ 11 പ്രതികളെ മുംബൈ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 2017ല്‍ മുംബൈ ഹൈക്കോടതി ആ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
വര്‍ഗീയഭ്രാന്തിനിരയായ നിസ്സഹായയായ യുവതി 17 വര്‍ഷം നീതിയ്ക്കായി നടത്തിയ പോരാട്ടത്തിന്റെ ആശ്വാസകരമായ പരിസമാപ്തിയാണു കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ ഗുജറാത്ത് വംശഹത്യക്കിടയില്‍ കൂട്ടമാനഭംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിനു സംസ്ഥാന സര്‍ക്കാര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തിനു പുറമെ ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും അവര്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തു വീടും നല്‍കണമെന്നും കോടതി വിധിച്ചു.
2002 മാര്‍ച്ച് 3ന് അഹമ്മദാബാദിനടുത്തു രാന്ധിപൂര്‍ ഗ്രാമത്തില്‍ സംഘ്പരിവാര്‍ തീവ്രവാദികള്‍ ബില്‍ക്കീസിന്റെ മൂന്നു വയസ്സുള്ള സ്വന്തം കുഞ്ഞടക്കം കുടുംബത്തിലെ ഏഴുപേരെ അവരുടെ കണ്‍മുന്നിലിട്ടു കൊല്ലുകയായിരുന്നു. അതുംപോരാഞ്ഞ് ബില്‍ക്കീസിനെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. വംശഹത്യാക്കാലത്ത് ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ് ബാനു.
തന്റെ കുടുംബം തകര്‍ത്തു തരിപ്പണമാക്കുന്നതിന് ദൃക്‌സാക്ഷിയായ ഇരയാണ് ബില്‍ക്കീസ് ബാനുവെന്നു സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സ്വന്തം കുഞ്ഞിനെ വീടിന്റെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തുന്നത് നിസ്സഹായായി നോക്കി നില്‍ക്കേണ്ടി വന്നവരാണവര്‍. ഭൂതകാലത്തേയ്ക്കു നോക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇരയെ പുനരധിവസിപ്പിക്കുകയാണ് ഉടന്‍ വേണ്ടതെന്നു പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട് അലഞ്ഞ് നടക്കേണ്ടി വന്ന സാഹചര്യത്തില്‍ ഈ ഇരയ്ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരത്തെക്കുറിച്ചായിരിക്കണം കോടതി മുറിയിലെ വാദമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇന്നത്തെ ലോകത്തു പണമാണ് ഏറ്റവും നല്ല ശമനമാകുക. പണം എല്ലാത്തിനും പരിഹാരമാകുമോ എന്നും നമുക്കറിയില്ല.
അതല്ലാതെ നമുക്ക് എന്തുചെയ്യാനാകുമെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തു നഷ്ടപരിഹാരം വേണമെങ്കിലും ചോദിച്ചോളൂ. അതനുസരിച്ച് തങ്ങള്‍ ഉത്തരവിറക്കാമെന്നു ബില്‍ക്കീസിന്റെ അഭിഭാഷകനോടു ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഈ സമയത്ത് ഇടപെടാന്‍ നോക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷക ഹേമന്തികാ വാഹിയെ തടഞ്ഞ ചീഫ് ജസ്റ്റിസ് ഗുജറാത്ത് സര്‍ക്കാരിനു ഭാഗ്യമുണ്ട്, ഞങ്ങള്‍ നിങ്ങള്‍ക്കെതിരേ ഒരു നിരീക്ഷണവും നടത്തുന്നില്ലായെന്നു വ്യക്തമാക്കി. എത്ര വര്‍ഷമായി ഈ കേസ് കെട്ടിക്കിടക്കുന്നുവെന്നു ഹേമന്തികയോടു ചീഫ് ജസ്റ്റിസ് ചോദിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ തിരസ്‌കരിച്ചാണു മാന്യമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ബില്‍ക്കീസ് ബാനു പരമോന്നത കോടതി വരെ നിയമയുദ്ധം നടത്തിയത്.
കേസിലെ 11 പ്രതികള്‍ക്കുള്ള ശിക്ഷ ബോംബെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ബോംബെ ഹൈക്കോടതി കേസില്‍ പ്രതികളാണെന്നു കണ്ടെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ കഴിഞ്ഞ തവണ സുപ്രിംകോടതി ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞുവെന്നും ഒരു ഐ.പി.എസ് ഓഫീസറെ രണ്ട് റാങ്ക് താഴോട്ടാക്കിയെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
സ്വന്തം കുടുംബത്തിന്റെ സാക്ഷിയാണ് ബില്‍ക്കീസ് ബാനുവെന്നു സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സ്വന്തം കൈക്കുഞ്ഞിനെ അവരുടെ കണ്‍മുന്നിലാണു വീടിന്റെ ഭിത്തിയില്‍ അടിച്ചുകൊന്നത്. ഗര്‍ഭിണിയായ അവരെ ആള്‍ക്കൂട്ടം കൂട്ടമാനഭംഗപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട അവരുടെ ജീവിതം ഇപ്പോള്‍ അങ്ങേയറ്റം ദുരിതപൂര്‍ണമാണ് - സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഈ സ്ത്രീയ്ക്ക് നീതി നല്‍കേണ്ടത് ഏതു കോടതിയുടെയും പരമോന്നതമായ ചുമതലയാണ്.
ബില്‍ക്കീസിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും ഗുജറാത്ത് പൊലിസ് ആദ്യം വിസമ്മതിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും പ്രതികളെ രക്ഷിയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടത്തി. കേസിന്റെ വിചാരണ ആദ്യഘട്ടത്തില്‍ അഹമ്മദാബാദിലാണ് നടന്നതെങ്കിലും സാക്ഷികളെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ബില്‍ക്കീസിന്റെ പരാതിയെത്തുടര്‍ന്ന് 2004 ല്‍ സുപ്രിംകോടതി വിചാരണനടപടികള്‍ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
നമ്മുടെ ഭരണഘടനയുടെ അടിത്തറയായ മതേതരത്വത്തിന് നേരെ ഉയര്‍ന്ന ഏറ്റവും ശക്തമായ പ്രഹരമാണ് ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന വ്യാപകമായ കലാപങ്ങളും കൂട്ടക്കുരുതികളും. ആയിരക്കണക്കിനുപേര്‍ കൊലക്കത്തിയ്ക്ക് എതിരായ ഈ സംഭവം നമ്മുടെ രാജ്യത്തിലെ ചരിത്രത്തിലെ ലജ്ജിപ്പിക്കുന്ന ഒരു ഏടും തികച്ചും അപമാനകരമായ ഒരു സംഭവവുമാണ്.
ഈ രാജ്യത്ത് നിയമവാഴ്ചയാണു നിലവിലുള്ളതെന്നാണു വയ്പ്. എന്നാല്‍, ഈ നിയമവാഴ്ച ഇവിടെ നഗ്നമായ വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്തെ പ്രമാണിമാര്‍ക്കും, സമ്പന്നന്മാര്‍ക്കും, ഉന്നതകുല ജാതകര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതിയാണിവിടെയുള്ളത്. ഈ പ്രമാണിമാര്‍ വലിയ സമ്പന്നന്മാരും രാഷ്ട്രീയരംഗത്തെ ഉന്നതന്മാരും തന്നെയാണ്.
പാവപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കെതിരായും പിന്നാക്ക - ദലിത് ജനവിഭാഗങ്ങള്‍ക്കെതിരായും എന്ത് കടന്നാക്രമണങ്ങളും കൂട്ടക്കുരുതികളും സംഘടിപ്പിക്കാന്‍ ഇന്നിവര്‍ക്ക് യാതാരു ബുദ്ധിമുട്ടുമില്ല. നിയമവാഴ്ച വെല്ലുവിളിക്കപ്പെടുകയും, രാജ്യത്തെ ദുര്‍ബലജനവിഭാഗങ്ങള്‍ കൂട്ടക്കുരുതിയ്ക്ക് ഇരയാവുകയും ചെയ്യുന്ന ദയനീയ ചിത്രം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത രാജ്യത്തെ ജനകോടികള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ല.
ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട, വര്‍ഗീയഭ്രാന്തിന് ഇരയായ നിസ്സഹായയായ ഒരു സ്ത്രീ 17 സംവത്സരക്കാലം നീതിയ്ക്കായി നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയകരമായ സമാപ്തിയാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ ഈ വിധി. രാജ്യത്തെ എക്‌സിക്യൂട്ടീവും ഭരണകൂടവും നിരന്തരമായ നീതി നിഷേധിയ്ക്കുന്ന ന്യൂനപക്ഷങ്ങളടക്കമുള്ള ദുര്‍ബലജനവിഭാഗത്തിന് പരമോന്നത കോടതിയെങ്കിലും ഈ നിലയില്‍ ഒരു അത്താണിയായി ഉണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.
ബില്‍ക്കീസ് ബാനു നീതി നിഷേധിക്കപ്പെട്ട സ്ത്രീകളുടെയും മൃഗീയമായ ബലാത്സംഗങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയാക്കപ്പെട്ടവരുടെയും സ്ത്രീത്വം നിഷ്ഠൂരമായി ഹോമിക്കപ്പെട്ടവരുടെയും പര്യായമായി നിലകൊള്ളുന്നു.
ഏതാണ്ട് ഒന്നേമുക്കാല്‍ പതിറ്റാണ്ട് നീണ്ടുനിന്ന ഈ ധീരവനിതയുടെ ത്യാഗപൂര്‍ണമായ നിയമപോരാട്ടവും, അതിന്റെ വിജയവും ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് വിലപ്പെട്ട ഒരു പാഠവും, വലിയ ആവേശം പകര്‍ന്നു നല്‍കുന്ന ഒന്നുമാണ്. ബില്‍ക്കീസ് ബാനു നമ്മുടെ രാജ്യത്തിന്റെ അഭിമാനം തന്നെയാണ്.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."