ജാഗ്രത സോഷ്യല്‍ വാക്‌സിനായി കണ്ടില്ലെങ്കില്‍ അപകടം: 50 ശതമാനത്തിലധികം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഒരു മാസത്തിനിടെ
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളിലെ അന്‍പത് ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്തത് ഒരു മാസത്തിനിടെ. മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം കേസുകളുണ്ടായതും ഒരു മാസത്തിനുള്ളിലാണെന്നും ഇതില്‍ നിന്നും മനസിലാക്കേണ്ടത് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴും കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില പഠനങ്ങള്‍ പറയുന്നത്, ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ്. ജനുവരി മുതല്‍ കൊവിഡിനെതിരെ പോരാടുന്നു. അതുകൊണ്ടുതന്നെ വ്യാപനം ഉച്ഛസ്ഥായിയില്‍ എത്തുന്നത് തടയാനായി. അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയില്‍ പോസിറ്റീവ് കേസ് വര്‍ധിച്ചില്ല. ജനമാകെ ജാഗ്രത പുലര്‍ത്തിയെന്നതിനാലാണിത്.
ശാരീരിക അകലം പാലിക്കല്‍, രോഗവ്യാപന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ എന്നിവ എല്ലാവരും പ്രതിജ്ഞയായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വയോജനങ്ങളെ കരുതലോടെ പരിപാലിക്കണം. വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായി. ഓണം ക്ലസ്റ്റര്‍ എന്ന നിലയില്‍ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
രോഗവ്യാപനം മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ സ്വയം പരിശ്രമം വേണം. വയോജനങ്ങളില്‍ രോഗവ്യാപനം കൂടിയാല്‍ മരണനിരക്ക് വര്‍ധിക്കും. പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. അടുത്ത 14 ദിവസം വലിയ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്റര്‍ ഉണ്ടാകാനും ശക്തമായ വ്യാപന സാധ്യത മുന്നില്‍ കണ്ടും പ്രവര്‍ത്തിക്കണം. ജാഗ്രത എത്ര കാലം തുടരണമെന്ന ചോദ്യമുണ്ട്. വാക്‌സിന്‍ വരുന്നത് വരെ എന്നാണുത്തരം.
ജാഗ്രത ഒരു സോഷ്യല്‍ വാക്‌സിനായി കാണണം. അത് തുടരണം. ബ്രേക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിനാണ് ഫലവത്തായി നടപ്പാക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."