പ്രളയത്തോടൊപ്പം ഒലിച്ചുവന്ന തിരിച്ചറിവുകളും വിവാദങ്ങളും
കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രളയം ലോകം ഇന്നു ചര്‍ച്ച ചെയ്യുന്നതു മൂന്നുവിഷയങ്ങളില്‍ ഊന്നിയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതികാഘാതവും വരുംനാളുകളില്‍ മനുഷ്യരാശിക്കു നേരേ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്ര പ്രഹരശേഷിയുള്ളതാണെന്നു കേരളം ലോകത്തെ പഠിപ്പിച്ചുവെന്നതാണ് ഒന്നാമത്തേത്. 1924 ലെ വെള്ളപ്പൊക്കവുമായി 2018 ലെ പ്രളയത്തെ താരതമ്യം ചെയ്ത, പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല അവതരിപ്പിച്ച സര്‍ക്കാരിന്റെ 'പരാജയ സിദ്ധാന്തം' ശാസ്ത്രീയമായി പരിശോധിക്കപ്പെടുന്ന സന്ദര്‍ഭം.
രണ്ടാമതായി, ഇത്തരം ഘോരദുരന്തങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ രാജ്യവും ജനതയും സ്വീകരിക്കേണ്ട മാതൃകായോഗ്യമായ പെരുമാറ്റമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം വിവാദങ്ങളുടെ അകമ്പടിയോടെ സ്വയം പൊങ്ങിവന്നത് ആഗോള മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിട്ടുണ്ട്. യു.എ.ഇ, ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ സ്‌നേഹപൂര്‍വം നീട്ടിയ സഹായഹസ്തങ്ങള്‍ നിരസിക്കാനുള്ള ഇന്ത്യയുടെ നിലപാടില്‍ അടങ്ങിയ നിരാദ്രത പരിശോധിക്കപ്പെടുന്നതിന്റെ പ്രസക്തി ഇവിടെയാണ്.
മൂന്നാമതായി, ദുരന്തമുഖത്തു വംശീയവും ഭാഷാപരവും മതപരവുമായ എല്ലാ വിഭാഗീയതകളും മറന്നു മനുഷ്യത്വത്തിന്റെ മഹനീയമാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പൊതുസമൂഹം സ്വയംമറന്ന് ഇറങ്ങിത്തിരിച്ച സന്ദിഗ്ധഘട്ടത്തില്‍ പോലും വിദ്വേഷവിഷം വമിക്കുന്ന മനസുകള്‍ പ്രസരിപ്പിക്കുന്ന വ്യാജവാര്‍ത്തകളും കള്ളപ്രചാരണങ്ങളും നമ്മുടെ കാലഘട്ടത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ കെട്ടുനാറുന്ന മനോഘടനയെ അനാവൃതമാക്കുന്നു. ഈ ദിശയിലുള്ള അന്വേഷണം ചിലരുടെ മുഖംമൂടികള്‍ പിച്ചിച്ചീന്തുന്നുവെന്നു മാത്രമല്ല, സ്വന്തം ആള്‍ക്കാരുടെ ഇടയില്‍പ്പോലും അവര്‍ അറപ്പു വിതറുന്നു.
സ്വയംകൃതാനര്‍ഥങ്ങളുടെ ശമ്പളം
പ്രളയാനന്തരകാലത്തെ 'പുതിയ കേരള'ത്തെക്കുറിച്ചാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവനചെയ്യുന്നതെങ്കില്‍ വരാനിരിക്കുന്ന വലിയ പ്രളയങ്ങളെക്കുറിച്ചാണു ലോകം ആകുലപ്പെടുന്നത്. അങ്ങ് ഐസ്് ലാന്‍ഡ് തൊട്ട് ഇങ്ങ് ന്യൂസിലാന്‍ഡ് വരെ ജനങ്ങളും ഭരണകര്‍ത്താക്കളും കേരളത്തെ മുക്കിയ പേമാരിയും പ്രളയവും തജ്ജന്യമായ കഷ്ടനഷ്ടങ്ങളും കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. കേരളം പ്രളയത്തില്‍ മുങ്ങിത്താഴുന്നതു കണ്ടപ്പോള്‍ മലയാളിയായ അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് ' ഇതള്‍വിടര്‍ത്തിയ കോട്ടയത്തെ മീനിച്ചിലാറിന്റെ തീരത്തേയ്ക്കാണു സാംസ്‌കാരികലോകം കണ്ണോടിച്ചത്.
നമ്മുടെ നാടിന്റെ അഭിമാനമായും ആത്മാവായും ആവേശമായും ഇന്നലെവരെ തീരങ്ങളെ തഴുകിത്തലോടി ഒഴുകിയ ആറുകള്‍ രൗദ്രഭാവം പൂണ്ടപ്പോള്‍ സാക്ഷാല്‍ അരുന്ധതി വിലപിച്ചു: 'കാലിഫോര്‍ണിയ കത്തുകയാണ്; കേരളം മുങ്ങിത്താഴുകയാണ്. ഇതുവരെ മഴയായിരുന്നു എന്റെ പേനയിലെ മഷി. പക്ഷേ, ഇന്ന്.....'
പാകിസ്താനിലെ പ്രശസ്തപത്രമായ 'ഡോണ്‍' അരുന്ധതിയുടെ വാക്കുകളുദ്ധരിച്ച് അന്നാട്ടിലെ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നത് ഇതാണ്: 'വലിയ ഡാമുകള്‍ പണിയാനും നഗരവത്കരണത്തിനു പരിസ്ഥിതിയെ പഴിപറയാനും ഇറങ്ങിപ്പുറപ്പെട്ട, നാമടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണു കേരളത്തിലെ പ്രളയം.'
ലണ്ടനിലെ പ്രമുഖപത്രങ്ങളായ 'ദ് ഗാര്‍ഡിയ'നും 'ദ് ഇന്‍ഡിപെന്‍ഡന്‍സും' ഇതേസ്വരത്തില്‍ നല്‍കിയ മുന്നറിയിപ്പിന്റെ കാതല്‍ പ്രകൃതിയോട് ഇനിയും കളിച്ചാല്‍ ഒട്ടനവധി കേരളങ്ങള്‍ നാം കാണേണ്ടിവരുമെന്നാണ്.
അത്യപൂര്‍വമായ പേമാരിയല്ല ഡാമുകളുടെ ഷട്ടറുകള്‍ വേണ്ടവിധം വേണ്ടസമയത്തു തുറക്കാത്തതും അടയ്ക്കാത്തതുമാണ് സംസ്ഥാനം കണ്ട മഹാദുരന്തത്തിനു കാരണമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയുടെ ഗ്രാഫ് പെട്ടെന്ന് ഉയര്‍ന്നതിലുള്ള മനപ്രയാസം കൊണ്ടാവാമെന്നു വിലയിരുത്തുന്നവരുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തില്‍ ഇത്രയൊന്നുമാളുകള്‍ മരിച്ചിട്ടില്ലെന്നും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്നുമൊക്കെയുള്ള കണ്ടുപിടിത്തം ചരിത്രവിദ്യാര്‍ഥികളെ ഊറിച്ചിരിപ്പിച്ചേക്കാം.
95 വര്‍ഷം മുമ്പ് കേരളത്തിലെ ജനസംഖ്യ എത്രയായിരുന്നു. കോണ്‍ക്രീറ്റ് പോകട്ടെ, ഓടിട്ട എത്ര കെട്ടിടങ്ങള്‍ അന്നത്തെ കേരളത്തിലുണ്ടായിരുന്നു. എത്ര അണക്കെട്ടുകളിലാണ് അന്നു വെള്ളം കെട്ടിനിറുത്തിയിരുന്നത്. പട്ടണമെന്നു വിളിക്കാന്‍ പോന്ന എത്ര ജനപദങ്ങള്‍ അന്നു നമ്മുടെ നാട്ടിലുണ്ടായിരുന്നു. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ ശ്വാസംമുട്ടി കഴിയുന്ന ചെറിയൊരു ഭൂതലത്തിനുമേല്‍ സ്വാതന്ത്ര്യാനന്തരം ഭരണകൂടത്തിന്റെ ഒത്താശയോടെ ദുരമൂത്ത വികസന മാഫിയ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പ്രഹരങ്ങള്‍ ബൂമറാങ്ങായി മാറിയതാണു സംസ്ഥാനത്തെ കശക്കിയെറിഞ്ഞത്.
മരങ്ങളും പാറക്കൂട്ടങ്ങളുമൊക്കെയാണു മഴവെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കുന്നതും മലയിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെ തടഞ്ഞുനിറുത്തുന്നതും. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ കാട് പകുതി കണ്ടു നഷ്ടപ്പെട്ടെത്രേ. 9,000 ചതു. കി.മീറ്റര്‍ വിസ്തീര്‍ണം വരുന്ന വനമാണു നമ്മള്‍ മൊട്ടിയടിച്ചുവിട്ടത്. പ്രളയജലത്തിന്റെ നിറം ലോകമാസകലമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ കണ്ണു തള്ളിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നാം തുടര്‍ന്നുപോരുന്ന ഭീകരതകള്‍ അടിമണ്ണ് ഇളക്കിവിടാന്‍ മഴവെള്ളത്തിനു അവസരം കൊടുത്തപ്പോള്‍ കണ്ണില്‍നിന്നു ചോരയൊഴുകുന്നതു പോലെ കടുംതവിട്ട് നിറമുള്ള വെള്ളമൊഴുക്കി മലകളും കുന്നുകളും മനുഷ്യരോടു രോഷം പ്രകടിപ്പിച്ചു.
ജിയോ മോര്‍ഫോളജി വിദഗ്ധര്‍ ഉരുള്‍പൊട്ടിവരുന്ന മണ്ണുംപാറയും കണ്ട് അമ്പരന്നു. മണ്‍മറഞ്ഞവരെപ്പോലും തട്ടിയുണര്‍ത്താന്‍ പ്രകൃതി തുനിഞ്ഞപ്പോഴാണ് വയനാട്ടില്‍ കബറിടങ്ങളിള്‍ നിന്നും മയ്യിത്തുകള്‍ പുറത്തേയ്ക്കു വന്നത്. വിശുദ്ധ ഖുര്‍ആന്‍ അന്ത്യദിനത്തെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്തു നടത്തുന്ന വിവരണങ്ങളാവാം വിശ്വാസികളുടെ ഓര്‍മയിലെത്തിയിട്ടുണ്ടാവുക.
കേരളത്തിന്റെ ഭൂപ്രകൃതിയെന്താണെന്നും എത്ര ഡാമുകളുണ്ടെന്നും ഏതെങ്കിലുമൊരു ഡാം പൊട്ടുകയാണെങ്കില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്നും മലയാളിക്ക് ഏകദേശ ധാരണ കൈവന്നിരിക്കേയാണ് ഈ പ്രളയത്തോടെ. മണിമാളികകള്‍ കെട്ടിപ്പൊക്കുന്നതിന്റെ നിരര്‍ഥകതയും കായലും പുഴയും കൈയേറി റിസോര്‍ട്ട് പണിയുന്നതിലെ ക്രൂരതയും മൂന്നുനാലു ദിവസംകൊണ്ടു പ്രകൃതി നമ്മെ പഠിപ്പിച്ചു.
കാരുണ്യത്തിന്റെ പത്തേമാരികള്‍
ശരാശരി മലയാളിയുടെ നല്ല മനസ് മഴകൊണ്ടു കുതിര്‍ന്നപ്പോള്‍ സഹജീവി സ്‌നേഹം കൊണ്ടു സ്വപ്നഭരിതമായി എന്നതാണു പ്രളയത്തെ നല്ലൊരു അനുഭവമാക്കിയ ഏകഘടകം.'കോളറക്കാലത്തെ പ്രണയം' എന്ന വിശ്രുതമായ ശീര്‍ഷകംപോലെ, 'പ്രളയകാലത്തെ സ്‌നേഹസൗഭ്രാത്രങ്ങള്‍' കേരളമണ്ണില്‍ പിറക്കാനിരിക്കുന്ന തലമുറയെപ്പോലും അഭിമാനപുളികതരാക്കാതിരിക്കില്ല. നാം നല്ലവരാണെന്നു ദുരന്തമുഖത്തു നാം തെളിയിച്ചു. ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞു ഭീതിപരത്തിയ ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര വെട്ടിച്ചുരുക്കി തൃശ്ശൂരില്‍ നിന്നു കണ്ണൂരിലേയ്ക്കു മടക്കയാത്രയ്ക്കു ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങളില്‍ മറക്കാന്‍ കഴിയാത്തത് വഴിയോരങ്ങളില്‍ കണ്ടുമുട്ടിയ നല്ലമനുഷ്യര്‍ ആ ദിവസം പുറത്തെടുത്ത അന്യാദൃശമായ സ്‌നേഹപ്രകടനം കണ്ടാണ്.
തെക്കോട്ടും വടക്കോട്ടുമുള്ള വണ്ടികള്‍ റദ്ദാക്കപ്പെട്ടപ്പോള്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിയ ആയിരക്കണക്കിനു യാത്രക്കാര്‍ക്കു റെയില്‍വേ ജീവനക്കാര്‍ ഉച്ചഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നു. ആ 'ഇടക്കാലാശ്വാസം'കൈപ്പറ്റി നാടു പിടിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനികളടക്കമുള്ള എണ്ണമറ്റ യാത്രക്കാര്‍ക്കു വഴികാട്ടികളായി സാധാരണക്കാര്‍ പോലുമുണ്ടായിരുന്നു. നിലമ്പൂരിലേയ്ക്കുള്ള വണ്ടി കയറി അങ്ങാടിപ്പുറത്തെത്തിയപ്പോഴാണ് അറിയുന്നത് കോഴിക്കോട്ടേയ്ക്കു ബസ്സോടുന്നില്ലെന്ന്. ഉടനെ വളാഞ്ചേരിയിലേയ്ക്കുള്ള ബസ്സില്‍ കയറ്റിവിട്ടു സന്നദ്ധസേവകരായി എത്തിയ ചെറുപ്പക്കാര്‍.
വളാഞ്ചേരിയിലെ തെരുവില്‍ യുവാക്കള്‍ അതുവഴി വന്ന വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി, സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കി കോഴിക്കോട്ടേയ്ക്കു കയറ്റിവിട്ടു. പൊലിസും സജീവം. ദുരന്തമുഖത്തു പ്രദര്‍ശിപ്പിച്ച ഈ സേവന തല്‍പരതയും ഉത്തരവാദിത്വബോധവുമാണ് ആയിരക്കണക്കിനു മനുഷ്യര്‍ക്കു രക്ഷയായത്. സര്‍ക്കാരിന്റെ ജോലി ലഘൂകരിച്ച ഈ സിവില്‍ പട്ടാളത്തിന്റെ ത്യാഗ മനസ്ഥിതി കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്.
ഒരുഭാഗത്തു പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും ആഢംബരസൗധങ്ങള്‍ മലവെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ മറുഭാഗത്തു ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുന്ന സാധാരണക്കാര്‍ സ്‌നേഹത്തിന്റെ മാലാഖമാരായി പറന്നെത്തി ഉജ്വലമാതൃകകളായി മാറി. കടലിനോടു മാത്രം സല്ലപിച്ചു മുഖ്യധാരയില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഹൃദയം കടലിനേക്കാള്‍ വിശാലമാണെന്നു സ്വന്തം ജീവന്‍ പണയംവച്ചു രംഗത്തിറങ്ങിയപ്പോഴാണ് ഇതുവരെ മാളികയുടെ മൂന്നാംനിലയില്‍ നിന്നു പുച്ഛത്തോടെ നോക്കിക്കണ്ട കൊച്ചമ്മമാര്‍ കരപറ്റിയത്. രക്ഷാബോട്ടില്‍ കയറിപ്പറ്റാന്‍ സഹോദരിമാര്‍ക്കു സാധിക്കുന്നില്ലെന്നു കണ്ടു മറ്റുള്ളവര്‍ക്കു ചവിട്ടിക്കയറാന്‍ കുനിഞ്ഞുകൊടുത്ത താനൂരിലെ ജയ്‌സലിനെപ്പോലുള്ളവരുടെ മാതൃകയ്ക്കു മുന്നില്‍ കേരളമൊന്നടങ്കം കെകുപ്പി നിന്നു.
നമ്മുടെ നാടിന്റെ സുകൃതപാരമ്പര്യവും ഈ മഹാദുരന്തമുഖത്തു തണലായി വര്‍ത്തിച്ചു. അറബ് ഭരണാധികാരികള്‍ ഉദാരമായി സഹായിക്കാന്‍ മുന്നോട്ടുവന്നതു മലബാറുമായുള്ള സാംസ്‌കാരികബന്ധം മൂലമാണ്, അല്ലാതെ, പ്രളയത്തില്‍പ്പെട്ടതു മുസ്‌ലിംകളാണെന്ന് ആരെങ്കിലും പറഞ്ഞറിയിച്ചതു കൊണ്ടല്ല. അരനൂറ്റാണ്ടു മുമ്പ് ഖോര്‍ഫുക്കാന്‍ തീരത്തു നങ്കൂരമിട്ട പത്തേമാരികളില്‍നിന്നു തീരത്തിറങ്ങിയ മലയാളികളുടെ വിയര്‍പ്പും നിശ്വാസവും കൊണ്ടാണു യു.എ.ഇ എന്ന രാജ്യവും ദുബൈ എന്ന അത്ഭുതനഗരവും തിളക്കത്തിലെത്തിയതെന്ന് ഓര്‍ത്തെടുക്കാനുള്ള വിവേകം ശൈഖ് മുഹമ്മദ് ബിനു റാഷിദ് ബിന് മഖ്തൂമിനുണ്ട്.
അതേസമയം, കേരളം ലക്ഷ്യമാക്കി വന്ന കാരുണ്യത്തിന്റെ പത്തേമാരികള്‍ തിരിച്ചയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി സര്‍ക്കാരും തീരുമാനിച്ചതു ലോകത്തെ ഞെട്ടിച്ചു. ഈ തീരുമാനത്തിനു പ്രേരകമായ യഥാര്‍ഥ കാരണം ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ലണ്ടനിലെ 'ഇന്‍ഡിപെന്റഡ് ' പത്രം ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് എഴുതിയതിങ്ങനെ: കേരളത്തിലെ 'പ്രളയപ്രതിസന്ധിയില്‍പ്പെട്ട കേരളത്തിനുള്ള വിദേശസഹായം ഇന്ത്യ 'സവിനയം' നിരാകരിക്കുന്നു.
ഇത്തരം ഘട്ടങ്ങളില്‍ ഇന്ത്യ വിദേശസഹായം സ്വീകരിക്കാറില്ലെന്നു സമര്‍ഥിക്കുന്നതിനു 2004 ഡിസംബറില്‍ 12,000 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിദേശസഹായം നിരാകരിച്ച ഉദാഹരണമാണ് എടുത്തുകാട്ടുന്നത്. 2005 ല്‍ കശ്മീരില്‍ ഭൂമികുലുക്കമുണ്ടായപ്പോഴും 2014 ലും 15 ലും വെള്ളപ്പൊക്കമുണ്ടായപ്പോഴും യു.എസ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നല്‍കിയ സഹായവാഗ്ദാനം സ്വീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, 2001 ല്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ യു.എ.ഇ അടക്കം പതിനഞ്ചുരാജ്യങ്ങളില്‍നിന്നുള്ള സഹായം സ്വീകരിച്ചു. അന്നു നരേന്ദ്രമോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി, വാജ്‌പേയി പ്രധാനമന്ത്രിയും.
അക്കാലത്തു ലോകജനതയോടു മോദി സഹായാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. നരേന്ദ്രമോദി തന്നെ പുറത്തിറക്കിയ 2016 ലെ ദേശീയ ദുരന്തനിവാരണ നയം വിദേശസഹായം സ്വീകരിക്കാമെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. നയത്തിന്റെ ഒമ്പതാമധ്യായത്തില്‍ പറയുന്നതിങ്ങനെ: 'നയമെന്ന നിലയ്ക്കു ദുരന്തമുണ്ടായാല്‍ വിദേശരാജ്യങ്ങളോടു സഹായാഭ്യര്‍ഥന നടത്താന്‍ നയമെന്ന നിലയ്ക്കു സര്‍ക്കാരിനു കഴിയില്ല. എന്നാല്‍, ഇരകളോടുള്ള ഐക്യദാര്‍ഢ്യവും സ്‌നേഹപ്രകടനവുമായി ഏതെങ്കിലും രാജ്യം സഹായം വാഗ്ദാനം ചെയ്താല്‍ അതു സ്വീകരിക്കും.' നിയമവും ചട്ടവും ഭേദഗതി ചെയ്യേണ്ടിവരുമെന്നു മന്ത്രി കണ്ണന്താനം പറയുന്നതു തെറ്റിദ്ധരിപ്പിക്കലാണ്. അറബ് രാജ്യങ്ങള്‍ക്കു പകരം ഏതെങ്കിലും പാശ്ചാത്യരാജ്യമാണു സഹായവാഗ്ദാനം നടത്തിയതെങ്കില്‍ മോദിയുടെ തീരുമാനമെന്താകുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പഠിച്ചതേ പാടൂ
ഈ മഹാപ്രളയത്തിന്റെ ഗുണപാഠം ആര്‍.എസ്.എസിനെക്കുറിച്ചു സാമാന്യജനത്തിനുപോലും നല്ല ബോധം നല്‍കുന്ന അനുഭവങ്ങളുണ്ടായെന്നതാണ്. ഇത്രയും കെട്ടുനാറിയതാണോ ഇവരുടെ മനസ് എന്ന് കുട്ടികള്‍ പോലും ചോദിക്കുന്നു. കേരളം ഒറ്റക്കെട്ടായി അത്യാഹിതം നേരിടാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഇവര്‍ പടക്കളത്തില്‍ തനിനിറം കാട്ടി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സഹായപ്രവാഹത്തിനു തടയിടാനും നടത്തിയ വൃത്തികെട്ട കളികള്‍ എത്ര പിന്തിരിപ്പനും വര്‍ഗീയവുമാണ്.
കേരളത്തിന് സഹായം ആവശ്യമില്ലെന്നും ആരും സഹായം നല്‍കരുതെന്നും സാധനസാമഗ്രികളുമായി പുറപ്പെട്ടാല്‍ കേരളത്തിലേയ്ക്കു കടക്കാനാവില്ലെന്നും എറണാകുളം സ്വദേശി സുരേഷ് എന്നയാള്‍ രംഗത്തെത്തി. കല്ലുവച്ച നുണകളാണ് കേരളത്തിനു പുറത്തുള്ളവരെ ലാക്കാക്കി ഈ മനുഷ്യന്‍ തട്ടിവിട്ടത്. ഇങ്ങനെ ദുഷ്പ്രചാരണം നടത്തിയവര്‍ മനസ്സിലാക്കുന്നില്ല തങ്ങള്‍ പെറ്റമ്മയുടെ നെഞ്ചിലാണ് കഠാര ഇറക്കുന്നതെന്ന്. പശുമാംസം കഴിച്ചതിന്റെ ശിക്ഷയാണ് മലയാളികള്‍ അനുഭവിക്കുന്നതെന്നും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മാത്രമാണു പ്രളയം വിഴുങ്ങിയതെന്നും സംഘ്പരിവാര്‍ ചന്ദ്രഹാസമിളക്കുമ്പോള്‍ 'അരുത് അനുജാ' എന്നു പറഞ്ഞ് അവരുടെ വാപൊത്താന്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പോലും മുന്നോട്ടുവരാതിരുന്നത് കേരളത്തില്‍ താമരവിരിയാന്‍ മാത്രം ചെളി ബാക്കിയുണ്ടാവുമെന്ന പ്രതീക്ഷയിലാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."