HOME
DETAILS

നോട്ട് നിരോധനം എന്തിനായിരുന്നു

  
backup
August 29 2018 | 17:08 PM

nottunirodanam

ഒടുവില്‍ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിനും മാസങ്ങള്‍ക്കു ശേഷം ഉത്തരം കിട്ടിയിരിക്കുന്നു, അസാധുവാക്കിയ നോട്ടുകളില്‍ വളരെ തുച്ഛം എണ്ണമൊഴികെ ഏതാണ്ടെല്ലാം തിരിച്ചുവന്നിരിക്കുന്നു. 130 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാമഹാരാജ്യത്ത് തിരിച്ചെത്താന്‍ 10,720 കോടി രൂപ മാത്രം. പിന്‍വലിച്ച നോട്ടുകളുടെ മൊത്തം മൂല്യം കണക്കാക്കി നോക്കിയാല്‍ 0.7 ശതമാനം മാത്രമേ തിരിച്ചെത്താത്തതായുള്ളൂ. ഒരു ശതമാനത്തില്‍ കുറഞ്ഞത് അവഗണിച്ചു മൊത്തക്കണക്കു പറഞ്ഞാല്‍ എല്ലാം തിരിച്ചുകിട്ടി.

ഈ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കാര്യം ജനങ്ങളോടു തുറന്നുപറയണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്തിനായിരുന്നു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി ഒരു അര്‍ധരാത്രിയില്‍ പിന്‍വലിച്ചത്. അതുകൊണ്ട് എന്ത് നേട്ടമാണ് ഭരണകൂടത്തിനോ ജനത്തിനോ ഉണ്ടായത്. ജനത്തിനു നേട്ടമല്ല കഷ്ടപ്പാടാണ് ഉണ്ടായതെന്ന് അനുഭവസ്ഥന്മാരോടു പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ജനത്തിനറിയാത്തത് ഭരണകൂടത്തിന് എന്തെങ്കിലും നേട്ടമുണ്ടായോ എന്നാണ്.
നോട്ടു നിരോധനത്തിനു പല ഘട്ടങ്ങളിലായി പല കാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതിലൊന്ന് കള്ളനോട്ട് സംബന്ധിച്ചായിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് വ്യാജ ഇന്ത്യന്‍ കറന്‍സി വ്യാപകമായി അച്ചടിച്ചു അതിര്‍ത്തി കടത്തി വിതരണം ചെയ്യുന്നുണ്ടെന്നും ഗുണനിലവാരമുള്ളവയായതിനാല്‍ അത് തിരിച്ചറിയാന്‍ പ്രയാസമാണെന്നും അത്തരം വ്യാജകറന്‍സിയുടെ വ്യാപനം ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയെ തകര്‍ക്കുമെന്നുമായിരുന്നു ആദ്യ ന്യായീകരണം.
രാജ്യത്തിന്റെ സമ്പല്‍സ്ഥിതി തകര്‍ക്കാന്‍ ശത്രുരാജ്യം നടത്തുന്ന ശ്രമം തടയാനുള്ള നടപടിയാണല്ലോയെന്നതിനാല്‍ കേന്ദ്രനീക്കത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തു. നോട്ടുനിരോധനം മൂലം തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കള്ളനോട്ടു വ്യാപനവുമായി തട്ടിച്ചുനോക്കിയാല്‍ തുലോം നിസ്സാരമാണെന്ന് അവര്‍ വിലയിരുത്തി. രാജ്യതാല്‍പ്പര്യത്തിനു വേണ്ടി അത്രയെങ്കിലും ത്യാഗം തങ്ങള്‍ സഹിക്കണമല്ലോയെന്ന് അവര്‍ സമാധാനിച്ചു.
പക്ഷേ, ദിവസങ്ങള്‍ മുന്നോട്ടുനീങ്ങവെ ഒരു കാര്യം അവര്‍ക്കു ബോധ്യപ്പെട്ടു. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയിട്ടും അതില്‍ ഇപ്പറയുന്ന തരത്തില്‍ വ്യാപകമായ എണ്ണത്തില്‍ കള്ളനോട്ടുകള്‍ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ചിലയിടങ്ങളില്‍ ചിലതു കണ്ടെന്നതു സത്യം. പക്ഷേ, അതിനേക്കാള്‍ വലിയ സത്യം കണ്ട് അടുത്ത ദിവസം ജനങ്ങള്‍ ഞെട്ടി. വ്യാജനോട്ടു തടയാന്‍വേണ്ടി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിച്ചു രണ്ടായിരത്തിന്റെ നോട്ടുകള്‍ വിപണിയിലിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കറന്‍സിയുടെ വ്യാജന്‍ വ്യാപകമായി ഇറങ്ങി.
അതില്‍ പിടിക്കപ്പെട്ടതെല്ലാം പാകിസ്താന്‍കാരായിരുന്നില്ല എന്നും ഇവിടെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ളവരായിരുന്നുവെന്നും വാര്‍ത്ത വന്നപ്പോള്‍ ജനം അക്ഷരാര്‍ഥത്തില്‍ അന്താളിച്ചു. അപ്പോഴും അവര്‍ സമാധാനപ്പെട്ടത് പിന്‍വലിച്ച നോട്ടുകളില്‍ ഇനിയും ബാങ്കുകളില്‍ തിരിച്ചെത്താത്തതു മുഴുവന്‍ വ്യാജനോട്ടായിരിക്കുമെന്നാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നു പറയുമ്പോള്‍ ആ പ്രചാരണം തെറ്റായിരുന്നുവെന്നാണല്ലോ വരുന്നത്.
കള്ളപ്പണം തടയാനാണ് നോട്ടു നിരോധനമെന്നായിരുന്നു രണ്ടാമത്തെ വാദം. ഇന്ത്യയില്‍ നല്ലൊരു ശതമാനം ജനങ്ങളും പണം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികളായി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഈ കറന്‍സികള്‍ പിന്‍വലിക്കുന്നതോടെ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം നിര്‍വീര്യമാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അതും ജനം വിശ്വസിച്ചു. ലോക്കറുകളില്‍ കെട്ടുകണക്കിനും നിലവറകളില്‍ ചാക്കുകണക്കിനും സ്വരൂപിച്ചു വച്ച കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാതെ വിഷമിക്കുമല്ലോയെന്നു ജനം ആശിച്ചു.
എന്നാല്‍, പിന്‍വലിച്ച കറന്‍സിയില്‍ 99.3 ശതമാനവും തിരിച്ചു റിസര്‍വ് ബാങ്കിലെത്തിയെന്ന് അവര്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുമ്പോള്‍ സര്‍ക്കാരിന്റെ ആ അവകാശവാദവും തകരുകയാണല്ലോ. ഇന്ത്യയിലെ പണച്ചാക്കുകള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വ്യാപകമായി കോടാനുകോടി രൂപയുടെ കള്ളപ്പണമുണ്ട് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇപ്പോഴും ജനം അതു വിശ്വസിക്കുന്നു.
അങ്ങനെയെങ്കില്‍ ഇവിടെ ഒറ്റ കാര്യമേ സംഭവിക്കാന്‍ വഴിയുള്ളൂ. കോടാനുകോടി രൂപയുടെ കള്ളപ്പണം കറന്‍സി നിരോധനത്തിന്റെ മറവില്‍ വെളുപ്പിച്ചു കൊടുത്തു. നിരോധിക്കപ്പെട്ട കറന്‍സി ഈ രാജ്യത്ത് ഏറ്റവും കൂടുതലായി മാറ്റിക്കൊടുത്തത് ഗുജറാത്തിലെ ഒരു സഹകരണബാങ്കാണെന്ന് ഈയിടെ നബാര്‍ഡ് വെളിപ്പെടുത്തിയത് വാര്‍ത്തയായി വന്നിരുന്നു. ആ ബാങ്കിന്റെ ഡയറക്ടര്‍മാരിലൊരാള്‍ ബി.ജെ.പി ദേശീയാധ്യക്ഷനാണെന്നും വാര്‍ത്തയുണ്ടായിരുന്നു.
നോട്ടുനിരോധനത്തിനു മൂന്നാമത്തെ കാരണമായി സര്‍ക്കാര്‍ പറഞ്ഞത്, ഇന്ത്യ ഇനി ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ സംവിധാനത്തിലേയ്ക്കു പോകുകയാണെന്നും അതിനാല്‍ പേപ്പര്‍ കറന്‍സികളുടെയും നാണയങ്ങളുടെയും നിര്‍മാണവും ഉപയോഗവും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നുമാണ്. എന്നാല്‍, പിന്‍വലിച്ചത്ര മൂല്യത്തിനുള്ള പുത്തന്‍ നോട്ടുകള്‍ വിപണിയില്‍ ഇറങ്ങാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഡിജിറ്റല്‍ പണമിടപാടിനായി ഒട്ടേറെ ആപ്പുകള്‍ കൊണ്ടുവന്നെങ്കിലും ഇന്ന് അവയെല്ലാം നോക്കുകുത്തികള്‍ മാത്രമായി നില്‍ക്കുകയാണ്. പണം കൈമാറ്റം ഇപ്പോഴും കടലാസ് കറന്‍സികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
അപ്പോള്‍ എന്തിനായിരുന്നു ഈ കറന്‍സി നിരോധനം. സാധാരണക്കാരനെ മാസങ്ങളോളം എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ പൊരിവെയിലത്തു നിര്‍ത്തി ശിക്ഷിപ്പിക്കാനോ. അതോ കള്ളപ്പണവും കള്ളനോട്ടുകളും വെളുപ്പിച്ചെടുക്കാന്‍ പണച്ചാക്കുകളെയും മാഫിയകളെയും സഹായിക്കുന്നതിനോ. ജനങ്ങളുടെ ഈ ചോദ്യത്തിന് ഭരണാധികാരികള്‍ ഉത്തരം പറഞ്ഞേ തീരൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago