ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലകളില്‍ നിര്‍മാണത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മേഖലകളില്‍ വീടുകളോ കെട്ടിടങ്ങളോ നിര്‍മിക്കാന്‍ അനുവദിക്കരുതെന്നും അത്തരം നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടസപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.
പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തല്ക്കാലം അനുമതി നല്‍കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എവിടെ കെട്ടിടങ്ങള്‍ നിര്മിക്കാനാകുമെന്നതിനെപ്പറ്റി സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തും.
ഈ പഠനത്തിലൂടെ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ മാത്രമേ ഇനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ. പരിസ്ഥിതിലോല പ്രദേശങ്ങളെന്നു കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളുടെ മാപ്പിങ് തയാറാക്കാനും കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."