ക്ലെയിം സെറ്റില്‍മെന്റിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണം 4000 കോടി
തിരുവനന്തപുരം: ക്ലെയിം സെറ്റില്‍മെന്റിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ടത് 4000 കോടി രൂപ. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ കമ്പനികളുടെ സംയുക്ത യോഗത്തിന്റേതാണ് വിലയിരുത്തല്‍.
പ്രളയക്കെടുതിയുമായി ബന്ധപെട്ട ക്ലെയിമുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ മാനദണ്ഡം പുറപ്പെടുവിച്ചു. ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പ്രത്യേക സെല്‍ തുറന്ന് പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കി. ഇതിനകം തന്നെ നാലു കമ്പനികളിലുമായി 11500 ഓളം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷ കിട്ടിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനായി വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കി.
പ്രളയത്തില്‍ ചെറിയ കേടുപാടുകള്‍ പറ്റിയ ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപ വരെ ഉടനടി നല്‍കും. മൃഗങ്ങളുടെ കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പശു, ആട് മുതലായവയുടെ ക്ലെയിമുകള്‍ക്ക് ടാഗ് വേണമെന്ന നിബന്ധന, ഇന്‍ഷുറന്‍സ് എടുത്തതിന് ശേഷം 15 ദിവസത്തിന് ശേഷം വരുന്ന നഷ്ടം മാത്രമേ പരിഗണിക്കു എന്നീ വ്യവസ്ഥകളും ഒഴിവാക്കി. വ്യക്തിഗത ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്,പൊലിസ് റിപ്പോര്‍ട്ട് എന്നിവ വേണമെന്ന നിബന്ധനയും ഒഴിവാക്കി.വീടുകള്‍ക്കും, കടകള്‍ക്കുമുള്ള ക്ലെയിമുകള്‍ നഷ്ടത്തിന്റെ സ്വഭാവം അനുസരിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വേയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വേയര്‍മാരെ സംസ്ഥാനത്ത് എത്തിച്ചു. വീടുകളില്‍നിന്ന് വെള്ളം ഒഴുക്കി കളയാനും ചെളി നീക്കം ചെയ്യാനും കീടങ്ങളെ ഒഴിപ്പിക്കാനും വീട് വൃത്തിയാക്കാനും ചിലവാക്കിയിട്ടുള്ള തുക ഒരു പ്രത്യേക പരിധി വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും.
കടയുടമകള്‍ക്ക് അഞ്ചു ലക്ഷം വരെയും, വീട്ടുടമയ്ക്ക് ഒരു ലക്ഷം വരെയുമുള്ള നഷ്ടപരിഹാരം ലളിതമായ രീതിയില്‍ നടപ്പാക്കും. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി നോക്കുന്ന മലയാളം അറിയാവുന്ന ഓഫിസര്‍മാരെയും പ്രത്യേക ഡ്യൂട്ടിക്കായി ഇവിടേക്ക് നിയോഗിച്ചതായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ കൈമാറിയതായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എം.ഡി വിജയ് ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡി.ജി.എം ടി.കെ ഹരിദാസന്‍, റീജനല്‍ മാനേജര്‍ മണിവര്‍ണന്‍, സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ എ.പി ഉഷ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."