ശിവ്പാല്‍ യാദവ് എസ്.പി വിട്ടു; പുതിയ പാര്‍ട്ടി സമാജ് വാദി സെക്യുലര്‍ മോര്‍ച്ച
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യവുമായി പുതിയ ശാക്തിക ചേരിക്ക് രൂപം കൊടുത്തു കൊണ്ടിരിക്കേ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.
സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനും എസ്.പിയിലെ പ്രമുഖ നേതാവുമായ ശിവ്പാല്‍ യാദവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മുലായത്തിന്റെ മകനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരേ കലാപമുയര്‍ത്തിയ അദ്ദേഹം ഇന്നലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ഇന്നലെ ലഖ്നൗവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. സമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
അഖിലേഷിനോടും സമാജ് വാദി പാര്‍ട്ടിയോടും എതിര്‍പ്പുള്ളവരും പാര്‍ട്ടിയില്‍ നിന്ന് പലകാരണങ്ങളാല്‍ ഒതുക്കപ്പെട്ടവരുമായ പ്രവര്‍ത്തകര്‍ക്കായി തന്റെ പാര്‍ട്ടി വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്ന് ശിവ്പാല്‍ യാദവ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ചെറുപാര്‍ട്ടികളെയെല്ലാം ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും യാദവ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുലായം സിങ് യാദവും തന്റെ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. താന്‍ ഒരു പാട് സഹിച്ചിട്ടുണ്ട്. എന്നിട്ടും അഖിലേഷില്‍ നിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടാകാത്തതില്‍ മനംനൊന്താണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സന്നദ്ധനായതെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.
ശിവ്പാല്‍ യാദവിന്റെ നീക്കം യാദവ കുടുംബത്തില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന എസ്.പിയുടെ ദേശീയ എക്സിക്യൂട്ടിവില്‍ നിന്ന് സ്ഥാപക നേതാവ് മുലായം സിങ് യാദവിനേയും സഹോദരന് ശിവ്പാല്‍ യാദവിനേയും അഖിലേഷ് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."