ഡല്‍ഹിയില്‍ പോസ്റ്റര്‍ പ്രചാരണം; 'ആള്‍ക്കൂട്ടക്കൊല' രാജീവ് ഗാന്ധിയുടെ തലയിലിട്ട് ബി.ജെ.പി
ന്യൂഡല്‍ഹി: രാജ്യത്ത് നിരന്തരം നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തലവേദനയാകുകയും വിഷയത്തില്‍ കോടതി ഇടപെടുകയും ചെയ്തതോടെ അത്തരം കൊലപാതകങ്ങള്‍ ആരംഭിച്ചത് രാജീവ് ഗാന്ധിയാണെന്ന പ്രചാരണവുമായി ബി.ജെ.പി രംഗത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അത്തരം കൊലപാതകങ്ങളുടെ പിതാവെന്നാണ് പോസ്റ്റര്‍ പ്രചാരണത്തില്‍ ബി.ജെ.പി ആരോപിക്കുന്നത്.
സിഖ് വിരുദ്ധ കലാപവുമായി ബന്ധമില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനുള്ള മറുപടിയാണിതെന്ന് ഡല്‍ഹി ബി.ജെ.പി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബാഗ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ പതിച്ചത്. രാഹുലിനെ ചരിത്രം പഠിപ്പിക്കാനാണ് പോസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. 1984ലെ കൂട്ടക്കൊല ആസൂത്രണം ചെയ്തത് രാജീവ് ഗാന്ധിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എന്നാല്‍, പോസ്റ്റര്‍ പതിച്ചതില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന വിശദീകരണവുമായി ബി.ജെ.പി നേതൃത്വവും സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. താന്‍ സ്വന്തം നിലയ്ക്കാണ് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് തജീന്ദര്‍ പാല്‍ സിങ് ബാഗയുടെ പുതിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."