വാണിമേലില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വാണിമേല്‍: കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് വാണിമേലില്‍ നിത്യ സംഭവമായി മാറുന്നു. കുന്നുമ്മല്‍ കുടിവെള്ള പദ്ധതിയുടെ വാണിമേല്‍ പഞ്ചായത്തിലൂടെ പോകുന്ന പൈപ്പാണ് പല സ്ഥലങ്ങളിലായി പൊട്ടിക്കൊണ്ടിരിക്കുന്നത്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന സമയത്താണ് ലിറ്റര്‍ കണക്കിന് ശുദ്ധജലം റോഡില്‍ കൂടി ഒഴുകി പാഴായിപ്പോകുന്നത്.
ഭൂമിവാതുക്കല്‍ താഴെ അങ്ങാടി മെയിന്‍ റോഡിലാണ് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം റോഡാകെ ഇളകി മറിഞ്ഞ അവസ്ഥയിലാണ്. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടടുത്ത് ഭൂമിവാതുക്കല്‍ ടൗണില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഇതുവരെ ജലച്ചോര്‍ച്ച തടയുന്നതിനു വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അങ്ങാടിയില്‍ കൂടി വെള്ളമൊഴുകുന്നത് കാരണം ഇവിടുത്തെ കച്ചവടക്കാരും യാത്രക്കാരും പ്രയാസമനുഭവിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ടൗണിന് തൊട്ട് താഴെയായി വീണ്ടും പൈപ്പ് പൊട്ടിയത്. കോടികള്‍ മുടക്കി അടുത്ത കാലത്ത് ടാര്‍ ചെയ്ത് മനോഹരമാക്കിയ റോഡും പൈപ്പ് പൊട്ടുന്നത് കാരണം പൊട്ടിപ്പൊളിഞ്ഞ് നാശമായിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."