ശുചീകരണ യജ്ഞത്തിന് വാമനപുരത്തിന്റെ കൈത്താങ്ങ്
തിരുവനന്തപുരം: വാമനപുരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍, ഡി.കെ മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍, റാന്നി എന്നിവിടങ്ങളിലെ വീടുകളുടെ ശുചീകരണത്തില്‍ പങ്കാളികളായി.
കല്ലറ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശുചിയാക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 120 ഓളം പേരാണ് റാന്നിയിലെ അയിരൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വീടുകള്‍ വാസയോഗ്യമാക്കിയത്. പാങ്ങോട് പഞ്ചായത്തില്‍ നിന്ന് 30 പേരടങ്ങുന്ന സംഘം പാണ്ടനാട് കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നന്ദിയോട് പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന 50 പേരുള്‍പ്പെട്ട സംഘം ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാമനപുരം പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും അടങ്ങുന്ന 50ഓളം പേര്‍ പത്തനംതിട്ടയിലെ കുറ്റൂര്‍ പഞ്ചായത്തിലെ 32 വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി.
വരും ദിവസങ്ങളില്‍ വാമനപുരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും സംഘങ്ങള്‍ ചെങ്ങന്നൂരിലെയും പത്തനംതിട്ടയിലെയും വിവിധ സ്ഥലങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."