പുനലൂര്‍ ചെങ്കോട്ട റെയില്‍ പാത; രണ്ടു ദിവസത്തിനകം സര്‍വിസ് ആരംഭിക്കും
കൊല്ലം: പ്രളയത്തെ തുടര്‍ന്ന് കനത്ത മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും ഗതാഗതം തടസപ്പെട്ട പുനലൂര്‍ ചെങ്കോട്ട റെയില്‍ പാതയില്‍ രണ്ട് ദിവസത്തിനകം സര്‍വിസ് ആരംഭിക്കും.
കഴിഞ്ഞ ദിവസം എന്ജിന് മാത്രം ഉപയോഗിച്ച് നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സര്‍വിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി മധുര ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പാത പരിശോധന നടത്തി.
ആഴ്ചകള്‍ നീണ്ട് നിന്ന കനത്ത മഴയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. കനത്ത മഴയില്‍ കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ പലയിടത്തം മണ്ണ് ഇടിയുകയും ട്രാക്കിലേക്ക് മരം വീഴുകയും ചെയ്തിരുന്നു.
പുനലൂര്‍ വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞ ആഴ്ച്ച തന്നെ സര്‍വിസ് ആരംഭിച്ചു. ഇതില്‍ തെന്മല എം.എസ്.എല്‍. ഭാഗത്തിനടുത്താണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടായത്. ഗേജ് മാറ്റത്തിന്റെ ഭാഗമായി ഇവിടെ റെയില്‍വേ നിര്‍മിച്ച മതില് 30 മീറ്റര്‍ നീളത്തില്‍ പാളത്തിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
ഇതോടെ പാതയില്‍ സര്‍വിസുകള്‍ നിലക്കുകയും ചെയ്തു. മറ്റിടങ്ങളില്‍നിന്ന് മണ്ണ് വേഗത്തില്‍ നീക്കിയെങ്കിലും എം.എസ്.എല്‍.
ഭാഗത്തെ മണ്ണുനീക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒരാഴ്ചകൊണ്ടാണ് നീക്കംചെയ്തത്. പാളത്തിലേക്കുവീണ കൂറ്റന്‍ പാറകള്‍ ജാക് ഹാമര്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് നീക്കിയത്.
ചീഫ് എന്‍ജിനീയര്‍ അടക്കം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. താംബരം, പാലരുവി എക്സ്പ്രസുകളും കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള രണ്ട് പാസഞ്ചര്‍ തീവണ്ടികളുമാണ് പാതയില്‍ സര്‍വിസ് നടത്തുന്നത്.
മധുര ഡി.ആര്.എമ്മിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."