HOME
DETAILS
MAL
അനൂപ് മുഹമ്മദിന്റെ ബിനാമിക്ക് മൂന്നാറില്‍ 200 ഏക്കര്‍ ഭൂമി
backup
September 05 2020 | 03:09 AM
തൊടുപുഴ: ബംഗളുരു ലഹരിമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ പിടിയിലായ അനൂപ് മുഹമ്മദിന്റ ബിനാമി സമീറിന് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ 200 ഏക്കര്‍ ഭൂമിയുള്ളതായി സൂചന. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ദേവികുളം സബ് കലക്ടര്‍ അന്വേഷണം തുടങ്ങി.
ദേവികുളം തഹസില്‍ദാര്‍ ജിജി എം കുന്നപ്പള്ളി, സ്‌പെഷല്‍ തഹസില്‍ദാര്‍ വിനു ജോസഫ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ലഭിച്ച പണം എന്തെല്ലാം കാര്യത്തിനാണ് ചിലവഴിച്ചതെന്ന് കഴിഞ്ഞ ദിവസം അനൂപ് മുഹമ്മദ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പള്ളിവാസല്‍ വില്ലേജിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് സുഹൃത്തിന്റെ പേരില്‍ 200 ഏക്കര്‍ ഭൂമി വാങ്ങിയിരിക്കുന്നത്.
പണം നല്‍കിയെങ്കിലും ഭൂമി ആധാരം ചെയ്യുകയോ കരാര്‍ എഴുതുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ കൈയേറ്റമെന്ന് കണ്ടെത്തിയ വിവാദ ഭൂമികളില്‍ ഒരു ഭാഗം പണം കൊടുത്ത് ഉറപ്പിക്കുകയാണ് ചെയ്തതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ നിരവധി പേര്‍ക്ക് ലക്ഷ്മിയില്‍ ഭൂമിയുള്ളതായി പറയുന്നുണ്ടെങ്കിലും രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ ഭൂമിപ്രശ്‌നത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സ്വപ്നയും സന്ദീപും പിടിയിലായപ്പോള്‍ അനൂപ് മുഹമ്മദ് കേരളത്തിലെ പ്രമുഖരെ വിളിച്ചതായി എന്‍.സി.ബി
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ എന്‍.ഐ.എ പിടിയിലായ ദിവസം ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് കേരളത്തിലെ ചില ഉന്നതരെ നിരവധി തവണ ഫോണില്‍ വിളച്ചത് പുറത്ത്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നടത്തിയ അനൂപിന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
എന്നാല്‍ ആരെയൊക്കെയാണ് വിളിച്ചതെന്ന് എന്‍.സി.ബി വ്യക്തമാക്കിയില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള കെ.ടി റമീസിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതുകൂടാതെ അനൂപ് മുഹമ്മദിന് നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നതു സംബന്ധിച്ചും റമീസില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് കസ്റ്റംസ് തീരുമാനം.
റമീസുമായി അനൂപ് മുഹമ്മദിന് ബന്ധമുള്ളതായി ഇയാളുടെ ഫോണ്‍ രേഖകളില്‍ നിന്നും എന്‍.സി.ബി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ കസ്റ്റംസ് തയാറായതെന്നാണ് വിവരം. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് റമീസ് പലരില്‍നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ അനൂപും ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. റമീസിനെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതിതേടി കസ്റ്റംസ് സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഒറ്റയ്ക്ക് വന്‍ മയക്ക് മരുന്ന് വ്യാപാരം നടത്താന്‍ കഴിവുള്ളയാളല്ല അനൂപെന്നാണ് എന്‍.സി.ബി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അനൂപിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
കൊച്ചിയില്‍ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. അതേസമയം, അനൂപിന്റെ സിനിമാ മേഖലയിലേതടക്കമുള്ള ഉന്നത ബന്ധങ്ങള്‍ സംശയ നിഴലിലാണ്. കൊച്ചിയിലെ നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഇയാള്‍ക്ക് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമാണെത്ര ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."