കുട്ടനാട്ടുകാര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും
ആലപ്പുഴ: കൈനകരി പഞ്ചായത്തു നിവാസികള്‍ ഒഴികെയുള്ളവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാര് താമസിക്കുന്ന സ്കൂളുകള്‍ ഒഴിവാക്കി അവര്‍ക്കായി പുതിയ വാസകേന്ദ്രങ്ങള്‍ ഒരുക്കും. ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നതോടെ ഒരോ പഞ്ചായത്തിലും ആവശ്യത്തിന് ഭക്ഷണവിതരണ കേന്ദ്രം സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി. ഉപയോഗിക്കാനാവശ്യമായ പാത്രങ്ങളും മറ്റും ലഭ്യമല്ലാത്തതിനാലാണിത്. ഒരാഴ്ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങള്‍ തുടരേണ്ടിവരും.
സാധ്യമായ എല്ലാ സ്കൂളുകളും അധ്യായനത്തിന് വിട്ടുനല്‍കാനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ കിലോസ്കുകള്‍ തയ്യാറാക്കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യമുള്ളയിടത്ത് കൂടുതല്‍ സ്ഥാപിക്കുമെന്നും ഉപഡയരക്ടര്‍ പറഞ്ഞു. നിലവില്‍ ആറു പഞ്ചായത്തുകളില്‍ ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.
അവശ്യസാധന കിറ്റ്തയാറാക്കി നല്‍കും
ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് നല്‍കാനുള്ള ആവശ്യസാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കാന്‍ എല്ലാ താലൂക്കിലും കേന്ദ്രം തുടരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കിറ്റ് തയ്യാറാക്കുന്നത്. മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും കിറ്റ് തയ്യാറാക്കല്‍ കേന്ദ്രം തുറക്കാനാണ് നിര്‍ദേശം.
കിറ്റ് തയാറാക്കുന്നതിന്റെ ഏകോപന ചുമതല എ.ഡി.എം ഐ. അബ്ദുള്‍ സലാമിനാണ്. ജില്ലയിലെ ക്യാംപുകളിലായി 85,000 കിറ്റുകള്‍ വേണമെന്നാണ് കണക്ക്. ഇതിനകം 27,000 കിറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കിറ്റുകള്‍ തയാറാക്കല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത്. നാലുദിവസത്തിനകം കിറ്റുകള്‍ തയാറാക്കി കഴിയുമെന്നാണ് പ്രതീക്ഷ.
6,000 ഗ്യാസ് സിലിണ്ടര്‍ കൂടി
കൂടുതല്‍ ഭക്ഷണവിതരണകേന്ദ്രം തുടങ്ങുന്നതോടെ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തിട്ടുണ്ട്. കൊച്ചി റിഫൈനറിയില്‍നിന്ന് 6,000 സിലിണ്ടറുകള്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ള കേന്ദ്രങ്ങളില്‍ ഇവ ജില്ലാ സപ്ലൈ ഓഫിസ് വഴിയാകും എത്തിക്കുക.
ധനസഹായത്തിന്അക്ഷയകേന്ദ്രം;രജിസ്ട്രേഷന് വേണ്ട
ക്യാംപുകളില്‍ താമസിച്ചവര്‍ക്കുള്ള ധനസഹായത്തിനായി ആരും അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ശേഖരിക്കാന്‍ ബൂത്ത് തല ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) ഓരോരുത്തരുടെയും വീടുകളിലെത്തും. പമ്പിങ് സബ്സിഡിയായി ഇതിനകം ആറുകോടി രൂപ കൈമാറിയിട്ടുണ്ട്. 3.5 കോടി രൂപയാണ് ഇനിയും നല്‍കാനുള്ളത്. ഇതിനുള്ള ബില്ലുകള്‍ തയാറായി വരികയാണെന്ന് പുഞ്ച സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു.
വില്ലേജ് ഓഫിസുകള്‍ ഇന്ന് തുറക്കും
പ്രളയത്തെതുടര്‍ന്ന് പൂട്ടിക്കിടന്നിരുന്ന കുട്ടനാട്ടിലെ 14 വില്ലേജ് ഓഫിസുകള്‍ ഇന്ന്മുതല്‍ തുറക്കും. നിലവില്‍ ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസ് ജീവനക്കാരോട് തങ്ങളുടെ ഓഫിസിലേക്ക് മടങ്ങാനാണ് നിര്‍ദേശം.
പാടശേഖരങ്ങളില്‍നിന്ന് വെള്ളമിറങ്ങുന്നതിന് സൗകര്യമൊരുക്കാന്‍ തൂമ്പുകള്‍ തുറന്ന് വയ്ക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ 110 കുതിരശക്തിയുള്ള 12 വലിയ പമ്പുകള്‍ കൂടി ജില്ലയിലെത്തുന്നുണ്ട്. ഒരു പാടം ഒരുദിവസത്തിനകം വറ്റിക്കാന്‍ കഴിയുന്ന വലിയ പമ്പാണിത്. ഇവ ബാര്‍ജുകളില്‍ ഘടിപ്പിച്ച് ഓരോ പാടശേഖരത്തിലുമെത്തിക്കാനാണ് ആസൂത്രണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."