കാറഡുക്ക പഞ്ചായത്ത്: വികസന പ്രതീക്ഷയില്‍ ജനം
മുള്ളേരിയ: പതിനെട്ടു വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് കാറഡുക്ക പഞ്ചായത്തില്‍ ഭരണമാറ്റം വരുന്നതോടെ വികസന പ്രതിക്ഷയിലാണ് ജനം. മുള്ളേരിയ ടൗണ്‍ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മാണം, കുടിവെള്ളം, റോഡുകളും തെരുവ് വിളക്കുകളും തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് കാറഡുക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.
ഗതാഗതക്കുരുക്കിനു പരിഹാരം വേണം
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കാറഡുക്ക പഞ്ചായത്തിന്റെ പ്രധാന ആസ്ഥാന കേന്ദ്രമായ മുള്ളേരിയ ടൗണ്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഗതാഗത കുരുക്കും അനധികൃത പാര്‍ക്കിങും ടൗണിലെത്തുന്ന ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ഡിവൈ.എസ്.പി, മോട്ടോര്‍ വാഹന വകുപ്പ്, വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കുന്നതിനു വേണ്ടി സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ബസുകളും നിര്‍ത്താന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏതാനും മാസം മാത്രമാണ് ഈ ട്രാഫിക്ക് പരിഷ്‌ക്കാരം നിലനിന്നത്.
ഇപ്പോള്‍ പഴയ പോലെ തോന്നുംപടിയാണ് ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. അധികൃതര്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്ത് പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന അവസ്ഥയാണ്.
ബസ് കാത്തിരിപ്പു കേന്ദ്രം വേണം
ദിവസേന സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്.
സുള്ള്യയില്‍ നിലവിലുണ്ടായിരുന്ന നാല്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പുതുക്കി പണിയുന്നതിനു വേണ്ടി പൊളിച്ചുമാറ്റിയിരിക്കുകയാണ്.
ബദിയഡുക്ക, ബെള്ളൂര്‍ ഭാഗത്തേക്കു പോകുന്നവര്‍ മഴയും വെയിലുമേറ്റാണ് ബസ് കാത്തു നില്‍ക്കുന്നത്. കാസര്‍കോട്, ജാല്‍സൂര്‍, പൈക്ക, കുമ്പള, ബെള്ളൂര്‍ എന്നി അഞ്ചു റോഡുകള്‍ കൂടി ചേരുന്നിടമാണ് മുള്ളേരിയ ടൗണ്‍. കാറഡുക്കയ്ക്കു പുറമെ ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ ആശുപത്രി, വ്യാപാരം, സ്‌കൂള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നതും മുള്ളേരിയ ടൗണിനെയാണ്. അന്തര്‍ സംസ്ഥാന ബസുകളടക്കം നൂറുകണക്കിനു ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്.
തകര്‍ന്ന റോഡുകള്‍
കാറഡുക്ക പഞ്ചായത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. ഗ്രാമീണ റോഡുകളില്‍ പലതും തകര്‍ന്നുകിടക്കുകയാണ്. കുണ്ടും കുഴിയുമായി വാഹനങ്ങള്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കത്താത്ത തെരുവുവിളക്കുകള്‍
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്കുകള്‍ പലതും മാസങ്ങളായി തകരാറിലായി കിടക്കുകയാണ്.
കേടായ വിളക്കുകളുടെ അറ്റകുറ്റപണി നടത്താനോ ഗുണനിലവാരമുള്ള പുതിയ വിളക്കുകള്‍ സ്ഥാപിക്കാനോ നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."