നാടന്‍ ജീവിതങ്ങളുടെ കഥാഖ്യാനം
എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനുമായ ആന്റണി ബര്‍ഗസ്, കൃതികള്‍ മൊഴിമാറ്റം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. അതിന്റെ ചുരുക്കമിതാണ്. പരിഭാഷയെന്നാല്‍, ചുമ്മാ വാക്കുകളെ കൈകാര്യം ചെയ്യുക എന്നല്ല, മറിച്ച്, ആ കൃതിയിലടങ്ങിയിരിക്കുന്ന സംസ്‌കാരത്തെക്കൂടി സുവ്യക്തമാക്കുക എന്നതാണ്.
ഭാഷയുടെ അതിരുകള്‍ ഭേദിച്ച്, സാഹിത്യം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു പുസ്തകം, ലോകം മുഴുവനുമുള്ള വായനക്കാരന് പ്രാപ്യമാകുമ്പോള്‍, ആ കൃതിയിലൂടെ കഥ മാത്രമല്ല സംസ്‌കാരവും സഞ്ചരിക്കുന്നു.
മലയാള കൃതികള്‍ കൂടുതലായി, മറ്റ് ഭാഷകളിലേക്കും, പ്രധാനമായും ഇംഗ്ലീഷിലേക്ക്, സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് എസ്. ഹരീഷിന്റെ മീശ എന്ന നോവലും ചെറുകഥകളും ഇംഗ്ലീഷില്‍ ലഭ്യമാകും എന്നുള്ളത്.
മലയാള വായനാസമൂഹത്തിന്, ഒരു ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ എഴുത്തുകാരനാണ് എസ്. ഹരീഷ്. 2018ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ നോവല്‍, മീശ, ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമായി. തന്റെ ചെറുകഥകളിലും നോവലിലും ജാതി സമ്പ്രദായങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പരാമര്‍ശിക്കുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്തു.
ചുറ്റുപാടുമുള്ള ജീവിതങ്ങളെ കഥകളാക്കുമ്പോള്‍ കൃത്രിമത്വം കാണിക്കുന്നതില്‍ പിശക്കു കാണിക്കുന്നു എന്നതാണ് ഹരീഷിന്റ കഥകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്.
ആദം സംസാരിക്കുന്നത്
'ഈ കഥകള്‍ ഞാനുണ്ടാക്കിയതല്ല. സുഹൃത്തുക്കള്‍, പരിചയക്കാര്‍, അങ്ങനെ പലരുടെയും സംഭാഷണത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമൊക്കെ കടം കൊണ്ടതാണ്'. 'ആദം' എന്ന ചെറുകഥാ സമാഹാരത്തിന്റെ ആമുഖത്തില്‍ ഹരീഷ് പറയുന്നുണ്ട്. ഫാസിസത്തിനെതിരെയുള്ള തന്റെ ശബ്ദം ഹരീഷ് കഥകളിലൂടെയും സംസാരങ്ങളിലൂടെയും വായനക്കാര്‍ക്കു മുമ്പിലേക്ക് വയ്ക്കുന്നു.
ഒമ്പത് കഥകളുടെ സമാഹാരമാണ് 'ആദം'. പ്രസ്തുത പേരിലുള്ള ചെറുകഥ, ഒരു വിമുക്തഭടനായ കുറുപ്പിന്റെ കൈകളിലെത്തിച്ചേരുന്ന 'നൂറ്' എന്ന് പേരിട്ടു വിളിക്കുന്ന ഒരു നായയിലൂടെ തുടങ്ങുന്നു. ശേഷം അതിനുണ്ടാകുന്ന കുഞ്ഞുങ്ങളും അവര്‍ പിരിഞ്ഞു പോയി ജീവിക്കുന്ന വിവിധ സാഹചര്യങ്ങളുമൊക്കെയായി പറഞ്ഞുവയ്ക്കുന്നു.
അതിലൊരു നായയാണ് ആദം.
ആമയിറച്ചി എന്ന ഒറ്റമൂലി
പശുവിന്റെ പ്രസവം എടുക്കാന്‍ മൃഗഡോക്ടറെ, രാത്രി മഴയില്‍ നായകന്‍ അന്വേഷിച്ചു ചെന്നെങ്കിലും കുടിച്ചവശനായ അയാളെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല. ചെറുപ്പക്കാരിയായ ഭാര്യയോട് അയാള്‍ക്ക് ഒരു താല്‍പര്യം തോന്നുകയും, എന്നാല്‍, അവള്‍ എന്തുകൊണ്ട് തന്നെ അകത്തേക്ക് വിളിച്ചില്ല എന്നൊക്കെയോര്‍ത്തു കൊണ്ട് തിരികെ നടക്കുമ്പോള്‍, ഒഴുക്കില്‍ നീന്തിക്കയറി വരുന്ന ഒരു ആമ കൈയ്ക്കുള്ളിലാകുന്നു. പിറ്റേന്ന്, പീറ്റര്‍ സാര്‍ എന്നു വിളിക്കുന്ന, വൃദ്ധനും, വിഭാര്യനുമായ അയാള്‍ക്ക്, വലിവ് മാറാനുള്ള പ്രതിവിധിയായി ആമയിറച്ചി എന്ന ഒറ്റമൂലിയുമായി നായകന്‍ ചെല്ലുന്നു. പത്രത്താളുകളില്‍ നിന്ന് മരിച്ചവരുടെ വിവരങ്ങള്‍ വെട്ടിയെടുത്ത്, അതുകൊണ്ട് രണ്ട് പേരും കളിക്കുന്നു. നീണ്ട നര്‍മ സംഭാഷണങ്ങള്‍ കൊണ്ടും സന്ദര്‍ഭങ്ങള്‍ കൊണ്ടും സമൃദ്ധമാണ് 'നിര്യാതരായി' എന്ന കഥ.
ദേശക്കാഴ്ചകളും നര്‍മങ്ങളും
ഒരു വലിയ റൗഡിയായിരുന്ന തമ്പി ഒരു സുപ്രഭാതത്തില്‍ എങ്ങനെ നല്ലവനായിത്തീര്‍ന്നു എന്ന അന്വേഷണവും അനുബന്ധ സംഭവങ്ങളുമായി 'ചപ്പാത്തിലെ കൊലപാതകം', അന്യ സംസ്ഥാനത്തു വച്ചു മരണപ്പെട്ട പിതാവിന്റെ ശരീരവുമായി, നാട്ടിലേക്ക്, ആണ്‍ സുഹൃത്തിനോടൊപ്പം വരുന്ന പെണ്‍കുട്ടിയുടെ കഥ 'മാന്ത്രിക വാല്‍' അന്ധരായ വിദ്യയും സൂര്‍ദാസും നിറഞ്ഞു നില്‍ക്കുന്ന 'കാവ്യ മേള' തുടങ്ങിയ കഥകള്‍ അതിഭാവുകത്വമൊന്നുമില്ലാതെ, ലളിതമായി, ചുറ്റിലുമുള്ള ജീവിതത്തെ കലര്‍പ്പില്ലാതെ പകര്‍ത്തി വച്ചിരിക്കുന്നവയാണ്.
ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞ് ഒട്ടേറെ മുമ്പോട്ടോടിയ വണ്ടിയില്‍ നിന്നു പുറത്തേയ്ക്കിറങ്ങിയ ഒരാളുടെ ഭ്രമാത്മകമായ ചിന്തകളെ കൂട്ടിച്ചേര്‍ത്താണ് 'ഒറ്റ' എന്ന കഥ എഴുതിയിരിക്കുന്നത്.
'അപ്പോള്‍ പേടിപ്പെടുത്തുന്ന ഒരു ചിന്ത അയാളുടെ ഉള്ളില്‍ക്കൂടി ശാന്തമായി കടന്നുപോയി. മറ്റു സ്ഥലങ്ങളിലെല്ലാം പല തവണ നേരം പുലര്‍ന്നിട്ടുണ്ടെങ്കിലോ? ഇവിടെ മത്രം ഇനി പകല്‍ വരാത്തതാണെങ്കിലോ? ഭാര്യയും മക്കളും അയാളെ ഓര്‍ത്തുള്ള കരച്ചില്‍ നിര്‍ത്തിയിട്ട് കാലങ്ങളായെങ്കിലോ?' എന്നൊക്കെ ചിന്തിച്ച് വിഭ്രാന്തിയുടെ വക്കിലെത്തിയ യാത്രക്കാരന്റെ മനോഗതങ്ങളെ, ഉടനീളം വിവരിക്കുന്നുണ്ടിതില്‍.
വെടിയിറച്ചിയും അതു മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ദിലിപനും 'വേട്ടയ്‌ക്കൊരു മകന്‍' ലെ വായനയിലൂടെ കടന്നു പോയി.
ജെല്ലിക്കെട്ട് സിനിമയുടെ പിറവിക്കു കാരണമായ 'മാവോയിസ്റ്റ്' നല്ലൊരു വായനാനുഭവമായി. ഹാസ്യത്തിന്റെ മേമ്പൊടിയോടെ, ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കഥ പറഞ്ഞിരിക്കുന്നു. കയറു പൊട്ടിച്ചോടിയ എരുമയ്ക്ക് പിന്നാലെ ഒരു കൂട്ടം ആളുകളെയും വായനക്കാരെയും ഓടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ഈ കഥ.
'രാത്രി കാവല്‍' എന്ന കഥയില്‍ രണ്ടാളുകളുടെ പോരിന്റെ വര്‍ണ്ണനകളാണ്. അതിലൊരാള്‍ മരിച്ചു കിടക്കുന്നു. കുറച്ച് നാള്‍ മുമ്പ്, രണ്ടു പേരും തമ്മിലുണ്ടായ ഒരു തര്‍ക്കം, തെറി ഘോഷത്തിലേയ്ക്കാണ് എത്തിച്ചേര്‍ന്നത്. ഏകദേശം ഒന്നരപ്പേജോളം വരുന്ന അതിന്റെ വര്‍ണ്ണകള്‍ വായിച്ചു ചിരിച്ചത്ര, അടുത്ത കാലത്തെങ്ങും ഒരു കഥ വായിച്ച് സാധിക്കാനായിട്ടില്ലെന്നു തന്നെ പറയാം. ആക്ഷേപഹാസ്യത്തിന്റെ സന്നിവേശം, വായനയെ ലളിതവും ചിന്തനീയവുമാക്കുന്നുണ്ട്.
മറ്റൊരു കഥാസമാഹാരമായ 'അപ്പന്‍' നിലെ കഥകളും വ്യത്യസ്തമല്ല. ദേശത്തിനും ആചാരങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമെല്ലാം കഥകളില്‍ ഇടമുണ്ട്. ഇതിനു പുറമേ, 'രാസവിദ്യയുടെ ചരിത്രം' എന്ന പേരില്‍ മറ്റൊരു കഥാസമാഹാരവും ഇദ്ദേഹത്തിന്റേതായുണ്ട്.
ജെ.സി.ബി ലോങ്ങ്‌ലിസ്റ്റില്‍
വ്യക്തിപരമായി, മീശ എന്ന നോവലിന്റ വായനക്കു ശേഷം തോന്നിയ മറ്റൊരു കാര്യം, ഹരീഷിന്റെ ചെറുകഥകളാണ് കുറച്ചുകൂടി ആസ്വദിക്കാനായത് എന്നാണ്. വളരെ വലിയ ഫ്രെയിമില്‍ പറഞ്ഞിരിക്കുന്ന ഒരു നോവലാണ് മീശ. കഥകളും ഉപകഥകളുമായി വളരെ വിശാലമായ ഒരു ഭൂമിക ഈ നോവലില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് നോവലിനെ സമ്പന്നമാക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും, ഓരോരോ കഥകളാണെന്ന് വായനയില്‍ തോന്നും.
കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ ജനിച്ച ഹരീഷ്, റവന്യൂ വകുപ്പില്‍ ജോലി ചെയ്തു വരുന്നു. ചെറുകഥളെ ആസ്പദമക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'എയ്ഡന്‍' ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' തുടങ്ങിയ സിനിമകള്‍ക്കായി തിരക്കഥാകൃത്തും ആയി. 2016ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ ഒത്തിരി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ജെ.സി.ബി പുരസ്‌കാരത്തിന്റെ ഇക്കൊല്ലത്തെ ലോങ്ങ് ലിസ്റ്റിലും മീശ എന്ന നോവലിലൂടെ ഹരീഷ് ഇടംപിടിച്ചിട്ടുണ്ട്.
തന്റെ പഴയ രചന വായിക്കുമ്പോള്‍ എഴുത്തുകാരന് അഭിമാനമല്ല, നാണക്കേടാണ് തോന്നേണ്ടത്
എസ്. ഹരീഷ്/ ദിവ്യ ജോണ്‍ ജോസ്
ലോകമെമ്പാടുമുള്ള പുസ്തക വിപണികള്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തുന്നതായി പറയുന്നുണ്ട്. വിഷയം 'വായനക്കാരുടെ അഭിരുചികള്‍' എന്നത് തന്നെ! ഇത്തരം പഠനങ്ങളുടെ പൊതുവായ ഒരു ഫലം പറയുന്നത് പുതിയ തലമുറയിലെ ഒരു വലിയ വിഭാഗവും സയന്‍സ് ഫിക്ഷനുകളുടെ വലിയ ആരാധകരാകുന്നു എന്നും ഒരു 'ബ്രാന്‍ഡ് അഡിക്ടഡ്' എന്ന രീതിയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നു എന്നുമാണ്. മറ്റൊരു വിഭാഗം വായനക്കാര്‍ ഗ്രാഫിക് ഫിക്ഷനുകളും ഹൊറര്‍ കഥകളും തെരഞ്ഞെടുക്കുമ്പോള്‍ യുദ്ധകഥകളും ക്രൈം സ്റ്റോറികളും വായനക്കാരുടെ ഇഷ്ട ലിസ്റ്റുകളില്‍ ഉണ്ട്. (Books for you - The Changing Reading Public - John Sutherland)
ഇത്തരം ഒരു മുന്‍ഗണന ചില പുസ്തകങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കുകയും അത്തരം ഴോണറുകള്‍ അധികമായി വായനക്കാരിലെത്തിക്കയും ചെയ്യുക എന്നത് ബുദ്ധിപരമായ ഒരു വിപണന തന്ത്രമാണ്. മലയാള പുസ്തക വിപണി ഇത്തരം തിരിച്ചറിവുകള്‍ നടത്തുന്നതായും അതനുസരിച്ചുള്ള മാര്‍ക്കറ്റിങ് രീതികള്‍ അവലംബിക്കുന്നതായും ശ്രദ്ധിച്ചിട്ടുണ്ടോ?
പുസ്തക വിപണിയെക്കുറിച്ചും അവരുടെ മാര്‍ക്കറ്റിങ് രീതികളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തയാളാണ് ഞാന്‍. പുതിയ തലമുറയുടെ വായനാ അഭിരുചികളെക്കുറിച്ചും വലിയ അറിവില്ല. ഒരു എഴുത്തുകാരന്‍ അറിയേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ അര്‍പ്പണബോധത്തോടെ എഴുതുക. കൊള്ളാവുന്നതാണെങ്കില്‍ ആളുകള്‍ വായിക്കും. ഇല്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല. എഴുത്ത് ദീര്‍ഘകാലത്തേക്കുള്ള ഈടുവയ്പ്പാണെന്ന് കരുതിയാണ് ഓരോരുത്തരും എഴുതുന്നത്. മാര്‍ക്കറ്റിങ് ഇപ്പോഴെന്ത് വില്‍ക്കാമെന്നുള്ളതാണ്. ഇറങ്ങുന്ന കാലത്ത് കൂടുതല്‍ കോപ്പി വിറ്റു എന്നുള്ളത് വലിയ പ്രാധാന്യമുള്ള കാര്യമല്ല.
വായനക്കാരുടെ അഭിരുചികള്‍ അറിയുന്നത് എഴുത്തുകാരനെ സംബന്ധിച്ച് എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്?
ഒരു പ്രാധാന്യവും ഇല്ല. വായനക്കാരുടെ അഭിരുചി നോക്കിയല്ല നമ്മള്‍ എഴുതേണ്ടത്. ഇത്രയും കാലത്തെ വായനയും ജീവിതപരിചയവും കൊണ്ട് ഓരോ എഴുത്തുകാരന്റെയും മനസില്‍ മികച്ച എഴുത്ത് എങ്ങനെയാകണം എന്നൊരു ധാരണ ഉണ്ടാകും. അതിനോട് നീതി പുലര്‍ത്താനാണയാള്‍ ശ്രമിക്കേണ്ടത്. സമാനഹൃദയരായവര്‍ വായിച്ചോളും. അത്രേയുള്ളൂ. കല ഏറ്റവും സത്യസന്ധത വേണ്ട പ്രവര്‍ത്തിയാണ്. ജീവിതത്തില്‍ നമ്മള്‍ കാട്ടുന്ന കള്ളത്തരങ്ങള്‍ എഴുത്തില്‍ പ്രായോഗികമല്ല. പാരമ്പര്യമോ സമ്പത്തോ ഒന്നും സഹായിക്കില്ല. വായനക്കാരുടെ അഭിരുചി തപ്പി നടക്കുന്ന നേരത്ത് എഴുത്തുകാരന്‍ കഷ്ടപ്പെട്ട് എഴുതുകയാണ് വേണ്ടത്.
ദേശത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കഥകളാണ് ഹരീഷിന്റേത്. അത്തരം കഥകളാണ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നേരെ പിടിക്കുന്ന കണ്ണാടികളാകുന്നത്. ഇത്തരം കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍, മറ്റ് ഭാഷാ സംസ്‌കാരങ്ങളിലുള്ള വായനക്കാര്‍ക്ക്, മലയാള വായനക്കാര്‍ സ്വാംശീകരിച്ചതു പോലെ, അവയെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. മീശ വിവര്‍ത്തനം ചെയ്യുന്ന സമയത്ത് എനിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. കാരണം തികച്ചും പ്രാദേശികമായ ഭാഷയും കഥകളുമാണ് അതിലുള്ളത്. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നു. ഇംഗ്ലീഷില്‍ അത് നന്നായി സ്വീകരിക്കപ്പെട്ടു. വിവര്‍ത്തക ജയശ്രീ കളത്തിലിന് നന്ദി. നല്ല വിവര്‍ത്തകരാണെങ്കില്‍ എഴുത്തിന്റെ പ്രാദേശിക സ്വഭാവമൊന്നും പ്രശ്‌നമല്ല. മനുഷ്യര്‍ എല്ലാ സ്ഥലത്തും ചിന്തിക്കുന്നത് ഒരു പോലെയാണ്.
പുതിയ തലമുറയിലെ എഴുത്തുകാര്‍, എഴുത്തില്‍ അവലംബിക്കുന്ന രീതികളും വിഷയ സ്വീകരണവുമെല്ലാം വളരെയേറെ പ്രശംസിക്കപ്പെടേണ്ടതുണ്ട്. അതേപോലെ തന്നെ, പുതുമകള്‍ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചിലപ്പോഴെല്ലാം ഒരു തരം വിരസത ഉണ്ടാക്കുന്നുമുണ്ട്. അതില്‍ ആവര്‍ത്തന വിരസത എന്ന രീതിയില്‍ ചില എഴുത്തുകാരുടെ ശൈലിയെ പരാമര്‍ശിക്കുന്നതായും കാണാറുണ്ട്. ഒരു എഴുത്തുകാരന്റെ ശൈലി എന്ന് പറയുന്നത് അത്ര പെട്ടെന്ന് മാറ്റാവുന്ന ഒന്നാണോ? വിഷയ സ്വീകരണം മുതല്‍ ആവിഷ്‌കാരത്തില്‍ വരെ ശൈലിയും പുതുമയും ഒരു വെല്ലുവിളിയാകുകയും തന്റെ വൈദഗ്ധ്യം എഴുത്തുകാരന്‍ തെളിയിക്കാന്‍ ബാധ്യസ്ഥനാവുകയും അതിന് സാധിക്കാത്തിടത്താണ് വിരസത ഉണ്ടാകുന്നതെന്നും പറഞ്ഞാല്‍ നിഷേധിക്കാനാകുമോ?
എഴുത്തുകാരന്‍ ഓരോ വരിയിലും സ്വയം പുതുക്കാന്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം. ശൈലി എന്നൊക്കെ എന്തിനാണ് നമ്മള്‍ ചുമ്മാ പറയുന്നത്. ജീവിതകാലം മുഴുവന്‍ എന്തിനാണ് ഒരേ മട്ടില്‍ എഴുതുന്നത്. തന്റെ പഴയ എഴുത്തുകള്‍ വായിക്കുമ്പോള്‍ എഴുത്തുകാരന് അഭിമാനമല്ല, നാണക്കേടാണ് തോന്നേണ്ടത്. സ്വയം വിമര്‍ശനവും നവീകരണവും എഴുത്തിന് അത്യാവശ്യമാണ്. അത് സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ എഴുതാതിരിക്കുക.
പുതിയ എഴുത്തുകള്‍?
ഒരു നോവല്‍ എഴുതുന്നു.
വിനോയ് തോമസ് എന്ന എഴുത്തുകാരന്റെ ദേശ സങ്കല്‍പങ്ങള്‍, മീശ എന്ന നോവലിന് പ്രേരകമായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ? ഇപ്പോള്‍ പുറ്റ് എന്ന കൃതി അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. പുതിയ കാല എഴുത്തുകാര്‍, സമകാലീനര്‍ എന്ന നിലയില്‍ മലയാളത്തിലെ നോവലുകളിലെ ദേശം അതിന്റെ ആവിഷ്‌കാരങ്ങള്‍ എന്നതിനെക്കുറിച്ചൊന്നു പറയാമോ?
എഴുത്തുകാരന്റെ ദേശത്തിന് എല്ലാക്കാലത്തും എഴുത്തില്‍ പ്രാധാന്യമുണ്ടായിരുന്നു. മലയാളത്തിലും അങ്ങനെ തന്നെ. പക്ഷേ നമ്മുടെ എഴുത്തുകള്‍ പലപ്പോഴും കേരളീയ യാഥാര്‍ഥ്യത്തെ ഫിക്ഷനിലേക്ക് കൊണ്ടുവരാന്‍ മടിക്കുന്നതായി തോന്നിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള അനുഭവലോകം കൈകാര്യം ചെയ്യുന്ന ഒരുപാട് നോവലുകള്‍ ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാടിന്റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളെ നമുക്ക് ഭയമാണ്. അതൊക്കെ എഴുതുന്നവര്‍ക്ക് ആസ്ഥാന സാഹിത്യകാരനാകാന്‍ പറ്റില്ല. ആരേയും വേദനിപ്പിക്കാതെ പൊതുബോധത്തിന് അനുസരിച്ച് എഴുതിയാല്‍ നിങ്ങള്‍ ആഘോഷിക്കപ്പെടും. പഴയ തലമുറയുടെ ലാളന കിട്ടുന്ന എഴുത്തുകാരനാകാം. വിനോയിയുടെ നോവലുകള്‍ നമ്മുടെ യാഥാര്‍ഥ്യത്തെ ധൈര്യമായി അഭിമുഖീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."