ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ഭരണ സമിതി ഏര്‍പ്പെടുത്തിയ ഫാര്‍മസിയിലെ ഇലക്ട്രോണിക്‌സ് ടോക്കണ്‍ വിതരണം സ്തംഭിച്ചതോടെ വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികള്‍ ദുരിതത്തില്‍.
പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയത്ത് ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനും മണിക്കൂറുകളോളം വരി നില്‍ക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
അവശരായ രോഗികള്‍ പോലും ഇത് മൂലം ദുരിതമാണ് അനുഭവിക്കുന്നത്. പലരും തളര്‍ന്ന് വീഴുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫാര്‍മസിയില്‍ ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയത് വന്‍ വിജയമായ പദ്ധതിയായിരുന്നു.
കംപ്യൂട്ടര്‍ ടോക്കണ്‍ മെഷീനിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്പര്‍ രേഖപ്പെടുത്തിയ ടോക്കണ്‍ ലഭിക്കും. ഈ ടോക്കണുമായി കാത്തിരുന്നാല്‍ ക്രമമനുസരിച്ച് കംപ്യൂട്ടര്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തില്‍ ടോക്കണ്‍ നമ്പര്‍ വിളിക്കും. ഡിസ്‌പ്ലെ ബോര്‍ഡില്‍ നമ്പര്‍ തെളിയുകയും ചെയ്യും.
ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്ന പദ്ധതി വയോധികരടക്കമുള്ളവര്‍ക്കും ഏറെ ആശ്വാസമായിരുന്നു. അതു കൊണ്ടു തന്നെ പദ്ധതി ഒ.പി ബ്ലോക്കിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചന നടന്ന് വരുന്നതിനിടയിലാണ് ഫാര്‍മസിയില്‍ തന്നെ പദ്ധതി സ്തംഭിച്ചിട്ടുള്ളത്.
ജില്ലാ ആശുപത്രിയുടെ ചുമതലയുള്ള തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഈ പ്രശ്‌നങ്ങളിലൊന്നും ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്. പ്രതിദിനം നിരവധി പേര്‍ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രി ഇന്ന് വികസന മുരടിപ്പിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."