'ഭീകരതയ്ക്ക് മതമില്ലെന്നാണ് തന്റെ അച്ഛന്‍ പഠിപ്പിച്ചത് '
ന്യൂഡല്‍ഹി: ഭീകരതയ്ക്ക് മതമില്ലെന്നാണ് തന്റെ അച്ഛന്‍ പഠിപ്പിച്ചതെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ മൂത്ത മകള്‍ ജൂയി നവ്‌റെ.
ഒരു മതവും പരസ്പരം കൊല്ലാന്‍ പഠിപ്പിക്കുന്നില്ല. 24 കൊല്ലത്തെ പോലിസ് ജീവിതത്തിനിടയില്‍ എല്ലാവരെയും സഹായിക്കുകയായിരുന്നു എന്റെ പിതാവ്. മുംബൈ നഗരത്തെയും രാജ്യത്തെയും രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഓര്‍ക്കണമെന്നും അമേരിക്കയില്‍ ജീവിക്കുന്ന ജൂയി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന മലെഗാവ് കേസിലെ പ്രതി പ്രജ്ഞാസിങ് താക്കൂറിന്റെ പ്രസ്താവന സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രജ്ഞാസിങ്ങിനോ അവരുടെ പ്രസ്താവനയ്‌ക്കോ അന്തസ് കല്‍പ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു ജൂയിയുടെ മറുപടി. തന്റെ തൊഴിലിനെ സ്‌നേഹിച്ചയാളായിരുന്നു കര്‍ക്കറെ. അദ്ദേഹം തന്റെ ജീവിതം നമുക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. എല്ലാവരും അതോര്‍ക്കണം. അദ്ദേഹം ഒരു റോള്‍മോഡലായിരുന്നു. ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തിന്റെ പേര് ഉച്ഛരിക്കാവു എന്നും ജൂയി പറഞ്ഞു.
നേരുള്ള മനുഷ്യനായിരുന്നു കര്‍ക്കറെ, മയക്കുമരുന്നുപയോഗവും നക്‌സലിസവും ഇല്ലാതാക്കാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടിയിരുന്നതെന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വെടിയുണ്ടകൊണ്ട് ഒന്നും പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. നക്‌സലൈറ്റുകളെ നേരിടാന്‍ നിയോഗിക്കപ്പെട്ട കാലത്ത് ആദിവാസികളിലേക്ക് ഇറങ്ങിച്ചെല്ലാനും വിശ്വാസത്തിലെടുക്കാനും അദ്ദേഹം തയാറായി. മലെഗാവ് കേസ് അന്വേഷിക്കുന്ന കാലത്ത് അദ്ദേഹം ആ കേസില്‍ മുഴുകിയിരിക്കാറായിരുന്നു പതിവെന്ന് ജൂയി പറഞ്ഞു.
വല്ലപ്പോഴും രണ്ടു മിനിറ്റ് മാത്രമേ അദ്ദേഹത്തെ സംസാരിക്കാന്‍ കിട്ടിയിരുന്നുള്ളൂ. ഈ കേസിന്റെയും അതിന്റെ ഗൗരവത്തെയും കുറിച്ച് അമ്മയ്ക്ക് നല്ല ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ കരുതി. അദ്ദേഹം കൊല്ലപ്പെട്ട 2008 നവംബര്‍ 26 രാത്രിവരെ, ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെ സൂപ്പര്‍മാനെപ്പോലെ, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത ആളായായിരുന്നു ഞാന്‍ കണ്ടിരുന്നത്.
എന്നാല്‍, അമ്മ പേടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനെതിരേ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അമ്മ പലപ്പോഴും പറഞ്ഞു. ഒരു ഭാര്യയുടെ ആറാമിന്ദ്രിയം പ്രവര്‍ത്തിച്ചതായിരിക്കാം അത്.
കേസില്‍ അദ്ദേഹം നടത്തിയ കണ്ടെത്തലുകളെ ഞാന്‍ പിന്തുണച്ചിരുന്നു. നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്ന ആളായിരുന്നു അദ്ദേഹം. അമേരിക്കയില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് ജൂയി പറഞ്ഞു. മുംബൈയില്‍ ആക്രമണം നടന്നതായും പപ്പ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിയുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ വന്നതായും നാട്ടിലുള്ള അനിയത്തിയാണ് വിളിച്ചു പറയുന്നത്. അപ്പോള്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു. ഹേമന്ദ് കര്‍ക്കറെയ്ക്ക് പരിക്കേറ്റുവെന്ന് വാര്‍ത്ത വരുന്നത് കണ്ടു. വൈകാതെ അദ്ദേഹത്തിന് വെടിയേറ്റെന്ന വാര്‍ത്ത വന്നു. പപ്പ പോയെന്ന് അല്‍പം കഴിഞ്ഞ് അനിയത്തിയാണ് വിളിച്ചു പറയുന്നത്. എനിക്കപ്പോഴും ഉറപ്പില്ലായിരുന്നു. അമേരിക്കയില്‍ നിന്ന് വിട്ടിലെത്തിയപ്പോള്‍ തളര്‍ന്നു കിടക്കുന്ന അമ്മയെയാണ് കണ്ടത്.
വിനീതാ കാംതെ വിവരാവകാശ പ്രകാരം സമ്പാദിച്ച പപ്പയുടെ കണ്‍ട്രോള്‍ റൂമുമായുള്ള സംസാരം ഞാന്‍ കേട്ടു. കാമാ ആശുപത്രിയ്ക്ക് പരിസരത്ത് വച്ച്, മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കൂടുതല്‍ ഫോഴ്‌സിനെ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അത് ആരും അനുസരിക്കാതിരുന്നതെന്ന് എപ്പോഴും ആലോചിക്കാറുണ്ടെന്നും ജൂയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."