അധ്യാപകരുള്‍പ്പെടെ 106 പേര്‍ അറസ്റ്റില്‍
കൊളംബോ: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും തമിഴ് ഭാഷാ സ്‌കൂള്‍ അധ്യാപകനും അറസ്റ്റിലായവരില്‍ പെടുന്നു. സ്‌ഫോടനത്തിനു പിന്നിലുള്ളവരെന്നു കരുതുന്ന പ്രാദേശിക തീവ്രവാദി സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) പ്രവര്‍ത്തകര്‍ക്കുവേണ്ടി രാജ്യമെങ്ങും നടക്കുന്ന റെയ്ഡിലാണ് അറസ്റ്റ്.
40കാരനായ തമിഴ് ഭാഷാ സ്‌കൂള്‍ അധ്യാപകന്റെ പക്കല്‍ നിന്ന് 50 സിം കാര്‍ഡുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. കല്‍പിറ്റിയ പൊലിസും നാവികസേനയും നടത്തിയ ഓപറേഷനിലാണ് ഇയാളെ പിടികൂടിയത്. വാവുനിയ പട്ടണത്തില്‍ സൈന്യവും പൊലിസും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 10 പേരെ അറസ്റ്റ് ചെയ്തു. പ്രധാന റോഡുകളടച്ച് മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് അറസ്റ്റ്.
എന്‍.ടി.ജെ നിയന്ത്രണത്തിലുള്ള ഒരു സ്‌കൂളിനെ കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രിന്‍സിപ്പലുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ അധ്യാപകനായി സേവനം ചെയ്യുന്ന ഡോക്ടറാണ്.
അതിനിടെ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുള്ളവരെന്നു കരുതുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. മുഹമ്മദ് ഇവുഹായിം ഷാഹിദ് അബ്ദുല്‍ ഹഖ്, മുഹമ്മദ് ഇവുഹായിം സാദിഖ് അബ്ദുല്‍ ഹഖ് എന്നിവരെയാണ് അറസ്റ്റിലായത്. പൊലിസ് പുറത്തുവിട്ടിരുന്ന ഫോട്ടോയിലെ അവശേഷിക്കുന്ന മൂന്നുപേര്‍ വനിതകളാണ്.
സ്‌ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ട് ഒരാഴ്ച തികയുമ്പോഴും രാജ്യം അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല. നിരപരാധികളുടെ ജീവനെടുത്ത ഭീകരന്മാരുമായി ബന്ധമുള്ള ആരെങ്കിലും രാജ്യത്തുണ്ടോ എന്നറിയാനായി സൈന്യം ഓരോ മുക്കിലുംമൂലയിലും അരിച്ചുപെറുക്കുകയാണ്. ആയിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ റോന്തുചുറ്റുകയാണ്. പള്ളികള്‍ക്കും മസ്ജിദുകള്‍ക്കും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
അതിനിടെ കിഴക്കന്‍ ശ്രീലങ്കയില്‍ ഭീകരരുടെ ഒളിവുകേന്ദ്രമെന്നു കരുതപ്പെടുന്ന വീട്ടില്‍ സൈന്യം റെയിഡ് നടത്തുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഏറ്റുമുട്ടലിലും സ്‌ഫോടനത്തിലുമായി 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ രാജ്യം വീണ്ടും ഭീതിയിലായിരിക്കുകയാണ്.
മുഖ്യ ആസൂത്രകന്റെ പിതാവും
സഹോദരങ്ങളും
കൊല്ലപ്പെട്ടു
അതിനിടെ സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ പിതാവും രണ്ടു സഹോദരന്മാരും കൊല്ലപ്പെട്ടതായി പൊലിസും കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഇവര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ സൈന്യം നടത്തിയ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
സഹ്‌റാന്‍ ഹാഷിമിന്റെ പിതാവ് മുഹമ്മദ് ഹാഷിം, സഹോദരന്മാരായ സെയ്‌നീ ഹാഷിം, റില്‍വാന്‍ ഹാഷിം എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിനു നേതൃത്വം കൊടുത്തയാളെന്നു കരുതുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ഭാര്യാസഹോദരന്‍ നിയാസ് ഷരീഫാണ് നേരത്തെ ഐ.എസ് പുറത്തുവിട്ട വീഡിയോയിലുള്ള ഇവരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
വൈരം മറന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും
രാഷ്ട്രീയത്തില്‍ ബദ്ധശത്രുക്കളായ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഏറെ കാലത്തിനു ശേഷം ഒന്നിച്ച അപൂര്‍വ ദൃശ്യത്തിനും കുര്‍ബാന വേദിയായി. പ്രതിപക്ഷ നേതാവ് മഹിന്ദ രാജെപക്‌സെയും റോഡില്‍ നടത്തിയ ഞായറാഴ്ച പ്രാര്‍ഥനയില്‍ ഇവരോടൊപ്പം പങ്കെടുത്തു.
കനത്ത സുരക്ഷയിലായിരുന്നു ചടങ്ങ്. ആക്രമണം മനുഷ്യകുലത്തോടുള്ള നിന്ദയാണെന്ന് ശ്രീലങ്കന്‍ റോമന്‍ കത്തോലിക്കാ നേതാവായ കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത് പറഞ്ഞു.
അതിനിടെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു കരുതുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത്, ജംഇയത്തു മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകളെ പ്രസിഡന്റ് നിരോധിച്ചു. ഇതോടെ ഇരു സംഘടനകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിനു സാധിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.
ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് പുതിയ നിയമങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പള്ളികളും സ്‌കൂളും മെയ് ആറിന് തുറക്കും
കൊളംബോയിലെ സ്‌കൂളുകളും ക്രിസ്ത്യന്‍ പള്ളികളും മെയ് ആറുവരെ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പള്ളികളുടെ പുറത്തെ ബോര്‍ഡില്‍ ഇക്കാര്യം എഴുതിവച്ചിട്ടുണ്ട്. സമീപത്തെ മുസ്‌ലിം പള്ളിയും പട്ടാളം പുറത്തുനിന്നു പൂട്ടിയിട്ടുണ്ട്.
ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ചാവേറുകളുടെ പേരുകള്‍ ഐ.എസ് പുറത്തുവിട്ടു
കൊളംബോ: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരരുടെ പേരുകള്‍ ഐ.എസ് പുറത്തുവിട്ടു. അബൂ ഹമ്മാദ്, അബൂ സുഫിയാന്‍, അബുല്‍ കഅബ എന്നിവരാണ് സ്‌ഫോടകവസ്തു ശരീരത്തില്‍ വച്ചുകെട്ടി പൊട്ടിത്തെറിച്ചതെന്ന് ഐ.എസ് വാര്‍ത്താ ഏജന്‍സിയായ അമാഖ് വെളിപ്പെടുത്തി. ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഈ വീട്ടില്‍ ബോംബ് നിര്‍മാണം നടന്നിരുന്നതായി പൊലിസ് പറഞ്ഞു.
ഇവിടെനിന്ന് രാസവസ്തുക്കളടങ്ങിയ ബാഗുകള്‍, വെടിമരുന്ന്, ലോഹ ഉണ്ടകള്‍, ആസിഡ്, ബോംബ് നിര്‍മാണരീതി എഴുതിയ നോട്ട്ബുക്ക് തുടങ്ങിയവ കണ്ടെടുത്തു.
ഞായറാഴ്ച പ്രാര്‍ഥന
ടി.വിയിലൂടെ
സുരക്ഷാ കാരണങ്ങളാല്‍ ഇന്നലെ ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തിയില്ല. പകരം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത പ്രാര്‍ഥനയിലൂടെ വീട്ടില്‍ വച്ച് വിശ്വാസികള്‍ കുര്‍ബാന കൊണ്ടു.
അതേസമയം സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ട കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയുടെ പുറത്ത് റോഡില്‍ നടന്ന പ്രാര്‍ഥനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. അതിനിടെ വൈ.എം.സി.എയിലെ ഒരു സംഘം പെണ്‍കുട്ടികള്‍ യേശുവിന്റെ ചിത്രത്തിനടുത്ത് വച്ച് ഞായറാഴ്ച പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."