സാക്ഷരതാ മിഷനില്‍ സാങ്കല്‍പിക തസ്തികകള്‍ 44; തട്ടിയത് 5 കോടി: വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സാക്ഷരതാ മിഷനില്‍ ജില്ലാ പ്രേരക് തസ്തികയ്ക്കു പകരം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തിക സൃഷ്ടിച്ചു കോടികള്‍ ഖജനാവിന് നഷ്ടം വരുത്തിയതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.
ഈ സാങ്കല്‍പിക തസ്ഥിതികകളില്‍ 2005 മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി കോടികള്‍ ഖജനാവില്‍ നിന്നും ചോര്‍ത്തിയിരുന്നു. പുതിയ ഡയറക്ടര്‍ വന്ന ശേഷം ഈ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കി. സാക്ഷരതാ മിഷനില്‍ അസി. ഡയറക്ടര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കേണ്ടത് ഡോക്ടറേറ്റോ സര്‍ക്കാര്‍ കോളജില്‍ അധ്യാപന പരിചയം ഉള്ളവരെയോ ആണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ അസി. ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് വിദൂര വിദ്യാഭ്യാസതില്‍ നിന്നും പി.ജി നേടിയ ആളാണ്.
ഇദ്ദേഹം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ നിന്നും സ്ഥാനക്കയറ്റം നേടിയാണ് അസി. ഡയറക്ടര്‍ ആയത്. കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചട്ടവിരുദ്ധമാണ്. ഈ വിവരങ്ങള്‍ വിജിലന്‍സ് സംഘം സാക്ഷരതാ മിഷനിലെത്തി തെളിവെടുത്തു.
ഇതുവരെ ധനവകുപ്പിന് സമാന തസ്തിക കെണ്ടത്താന്‍ കഴിയാത്ത ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അടക്കം സാങ്കല്‍പിക തസ്തികകളില്‍ അധിക വേതനം അനുവദിച്ചത് 44 എണ്ണത്തില്‍. സാക്ഷരതാ മിഷന്റെ ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന തസ്തികക്ക് 39500 രൂപ അനുവദിച്ച ധനവകുപ്പ് അസി. ജില്ലാ പ്രൊജക്ട് എന്ന മറ്റൊരു സാങ്കല്‍പിക തസ്തികയില്‍ അനുവദിച്ച അധിക വേതനം 32300 രൂപ. സാക്ഷരതാ മിഷനു കീഴില്‍ അസി. ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്കാണ് അസി. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ ഇത്രയും വേതനം നല്‍കിയത്.
ഇതോടെ 2016 സെപ്റ്റംബര്‍ മുതല്‍ സാക്ഷരതാ മിഷനില്‍ ഈ തസ്തികകളില്‍ അധിക വേതനം അനുവദിച്ച വകയില്‍ ഖജനാവിന് നഷ്ടം നാല് കോടി തൊണ്ണൂറ്റി ആറ് ലക്ഷത്തി എഴുപത്തി മൂന്നായിരം രൂപയാണ്. (14 ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാര്‍ക്ക് 39500 രൂപ വേതനവും 5000 രൂപ സ്‌പെഷ്യല്‍ അലവന്‍സും അടക്കം ഒരു കോടി തൊണ്ണൂറ് ലക്ഷത്തി ഇരുപത്തി മൂവായിരം രൂപയും അസി. ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ 32,300 രൂപ വീതം ശമ്പളം നല്‍കിയ വകയില്‍ മൂന്നു കോടി 50 ലക്ഷവും. രണ്ട് തസ്തികകളില്‍ മൊത്തം 4,96,73000). വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ തസ്തികകള്‍ ഉണ്ടാക്കി ഖജനാവ് കൊള്ളയടിക്കുന്നത് തടയാനായാണ് 2016 ഫെബ്രുവരിയില്‍ മിനിമം വേതന ഉത്തരവും അംഗീകൃത തസ്തികകളുടെ പട്ടികയും സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്ന നടപടിയാണ് ധന വകുപ്പ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."