ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകള്‍; ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് യാത്ര മുടങ്ങിപ്പോയവരുടെ വിമാനടിക്കറ്റ് തുക തിരിച്ചുനല്‍കണമെന്ന ആവശ്യത്തില്‍ എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. സുഭാഷ് റെഡ്ഢി, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുക തിരികെ നല്‍കാതെ ക്രെഡിറ്റ് ഷെല്ലുകളാക്കി മാറ്റിയ വിമാനക്കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്ത് പ്രവാസി ലീഗല്‍ സെല്ലാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ വ്യോമയാന മന്ത്രാലയത്തോട് സുപ്രിം കോടതി ജൂണില്‍ നിര്‍ദേശിച്ചിരുന്നു. ഈ ചര്‍ച്ചയെക്കുറിച്ചാണ് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ സ്പൈസ് ജെറ്റും കക്ഷിചേര്‍ന്നിരുന്നു. കൊവിഡ് കാരണം വിമാനക്കമ്പനികള്‍ കനത്ത നഷ്ടം നേരിടുകയാണെന്നും ലോകത്ത് 60 ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്നുമായിരുന്നു സ്പൈസ് ജെറ്റിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."