സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓഫിസുകള്‍ മോടിപിടിപ്പിക്കുന്നു
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫിസ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരുകോടി രൂപ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നവീകരണ പ്രവൃത്തികള്‍ക്കായി നാല് ഉത്തരവുകളിലൂടെ 86,50,000 രൂപയുടെ ഭരണാനുമതി പൊതുഭരണ വകുപ്പ് നല്‍കി. ചീഫ് സെക്രട്ടറിയുടെ ഓഫിസ് നവീകരണത്തിനായി 60,95,000 രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ട് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സിവില്‍ ജോലികള്‍ക്കായി 47,85,000 രൂപയുടെയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 13,10,000 രൂപയുടെയും ഭരണാനുമതിയാണ് നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ കോണ്‍ഫറന്‍സ് ഹാളിനടുത്തുള്ള സന്ദര്‍ശക കേന്ദ്രത്തില്‍ അടിയന്തര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് നവീകരണ പ്രവൃത്തികള്‍ക്കായി 6,83,000 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് നവീകരണ പ്രവൃത്തികളുടെ മതിപ്പ് ചെലവ് 3,56,000ര ൂപയും ഇലക്ട്രിക്കല്‍ നവീകരണ പ്രവൃത്തികളുടെ മതിപ്പ് ചെലവ് 3,27,000 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് കോണ്‍ഫറന്‍സ് ഹാളിലേക്കുള്ള ഇടനാഴിയില്‍ വാള്‍ പാനലിങ്ങിനായി 6,24,000 രൂപ അനുവദിച്ചു. വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 22നാണ് മൂന്ന് ഉത്തരവുകളും ഇറക്കിയിരിക്കുന്നത്. അടിയന്തരസ്വഭാവമുള്ള ജോലികള്‍ക്ക് നല്‍കിവരുന്ന ടെന്‍ഡര്‍ ഇളവ് നല്‍കിക്കൊണ്ടാണ് മൂന്ന് ഉത്തരവുകളും ഇറക്കിയിരിക്കുന്നത്.
ഇതിനുപുറമെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിലെ ഇടനാഴിയില്‍ വാള്‍ പാനലിങ്, ഫാള്‍ സീലിങ്ങ്, ഫ്‌ളോര്‍ പോളിഷിങ്, എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കല്‍, മറ്റ് ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയ്ക്കായി 12,48,000 രൂപയും അനുവദിച്ചു. ഇതിന്റെ ഉത്തരവ് വോട്ടെടുപ്പിനുശേഷം 26നാണ് പൊതുഭരണവകുപ്പ് ഇറക്കിയത്. സിവില്‍ ജോലികള്‍ക്കായി 8,48,000 രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി നാലുലക്ഷം രൂപയും അനുവദിച്ചാണ് ഉത്തരവ്. ഇതിനും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."