വോട്ടില്ലെങ്കില്‍ തൊഴിലില്ല; പരാമര്‍ശത്തിന്റെ പേരില്‍ മേനകാ ഗാന്ധിക്ക് കമ്മിഷന്റെ താക്കീത്
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തൊഴില്‍ കിട്ടില്ലെന്നു പ്രസംഗിച്ച ബി.ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ മേനകാ ഗാന്ധിക്കു തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മേനകാ ഗാന്ധിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി കമ്മിഷന്‍ അവര്‍ക്കയച്ച നോട്ടിസില്‍ വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ട കമ്മിഷന്‍, പ്രഥമദൃഷ്ട്യാ തന്നെ മേനകയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
മേനകയുടെ നടപടി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ മാത്രം ലംഘനമല്ല, മറിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിലെ സര്‍ക്കോദ ഗ്രാമത്തില്‍ മുസ്‌ലിം വോട്ടര്‍മാരുമായി സംവദിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് മേനകാ ഗാന്ധി വിവാദ പ്രസംഗം നടത്തിയത്. പരാമര്‍ശത്തിന്റെ പേരില്‍ സുല്‍ത്താന്‍പുര്‍ കലക്ടര്‍ മേനകയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് അവരുടെ മറുപടി ലഭിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്നലത്തെ നടപടി. പരാമര്‍ശങ്ങളുടെ പേരില്‍ ഇത് രണ്ടാംതവണയാണ് മേനക കമ്മിഷന്റെ നടപടിക്കിരയാവുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഈ മാസം 15ന് അവരെ 48 മണിക്കൂര്‍ സമയത്തേക്ക് പ്രചാരണത്തില്‍ നിന്നു വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."