ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും
കാസര്‍കോട്: ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് അഷ്‌കറിനെ (28)യാണ് കാസര്‍കോട് അഡി. ജില്ലാ സെഷന്‍സ് ജഡ്ജ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2012ല്‍ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ വച്ച് വിദ്യാര്‍ഥിനിയായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് അഷ്‌കറിനെ കോടതി കഠിന തടവിന് ശിക്ഷിച്ചത്. 2013 ഫെബ്രുവരി 25നാണ് അഷ്‌കറിനെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. 13ഓളം പെണ്‍കുട്ടികളെ അഷ്‌കര്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നുവെങ്കിലും അഞ്ചു കേസുകളാണ് ആദ്യം പൊലിസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികളാരും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് സ്വമേധയാ ആണ് അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐ കെ.വി വേണുഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരേ കള്ളക്കേസാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തതെന്ന് കാണിച്ച് അഷ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദി ഭാഗം മൊഴി മാറ്റിയതിനാല്‍ ഇതില്‍ നാലു കേസുകള്‍ കോടതി തള്ളിയിരുന്നു.
എന്നാല്‍ ഒരു കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നു. സി.ആര്‍.പി.സി 164 വകുപ്പ് അനുസരിച്ച് മജിസ്‌ട്രേറ്റിനു മുന്‍പാകെ പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തിരുന്നതിനെ തുടര്‍ന്ന് ഒരു കേസ് മാത്രം നിലനില്‍ക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന അഷ്‌കര്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപവുമാണ് ട്യൂഷന്‍ സെന്റര്‍ നടത്തിവന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."