കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും
'ഇന്ത്യാ ടുഡെ'യില്‍ ലേഖകനായിരുന്ന സമയത്ത് ഒരിക്കല്‍ എറണാകുളത്ത് കേരള ഹൈക്കോടതി വളപ്പില്‍ എനിക്കുണ്ടായ അനുഭവം പെട്ടെന്ന് ഓര്‍മ്മവരുന്നു. 1994 അവസാനമാണ്. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധിച്ച് ഇന്ത്യാ ടുഡെ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ കേരളാ പൊലിസിലെ ഒരുകൂട്ടം ഉന്നതോദ്യോഗസ്ഥരില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു അക്കാലത്ത്. അവരില്‍ രണ്ടുപേര്‍ ഇന്ത്യാ ടുഡേയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്തു. പ്രതിയായ മാലി യുവതി മറിയം റഷീദയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യവെ വിവസ്ത്രയാക്കി ജനാലയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് മാനനഷ്ടക്കേസിന് കാരണമായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മറിയം റഷീദയെ കണ്ടു സംസാരിക്കാന്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അനുമതി തന്നിരുന്നു. പീഡനത്തിന്റെ ഭീകരമായ ചിത്രമാണ് മറിയം റഷീദ തന്നത്. സിവിലായും ക്രിമിനലായും നല്‍കിയ മാനനഷ്ടക്കേസുകളില്‍ ഇന്ത്യാ ടുഡെ ചീഫ് എഡിറ്റര്‍ അരുണ്‍ പൂരിയും എക്‌സിക്യുട്ടീവ് എഡിറ്റര്‍ ശേഖര്‍ ഗുപ്തയും പ്രതികളായിരുന്നു. തിരുവനന്തപുരത്തെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊടുത്ത രണ്ട് മാനനഷ്ടക്കേസുകളില്‍നിന്ന് ചീഫ് എഡിറ്റര്‍ അരുണ്‍പൂരിയെ ഒഴിവാക്കണമെന്ന ഹരജി കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ സംബന്ധിച്ച് അവിടെ പോവാറുണ്ടായിരുന്നു.
ഒരിക്കല്‍ ഹൈക്കോടതി പരിസരത്തു നില്‍ക്കുമ്പോള്‍ ഒരു യുവ അഭിഭാഷകന്‍ നിറചിരിയോടെ മുന്‍പില്‍. പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. എന്നെ അറിയുമോ എന്ന് ചോദ്യവുമായി മുഖത്തേക്ക് നോക്കി നിന്നു. അഭിഭാഷകരുടെ കറുത്ത കോട്ടും വെള്ള ഷര്‍ട്ടും വേഷം. കൈയില്‍ കുറേ കേസ് ഫയലുകള്‍. എനിക്ക് തീരെ പിടികിട്ടിയില്ല. ഒരു കൊലപാതക കേസില്‍ പ്രതിയായി തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്ന കാലഘട്ടത്തില്‍ പരോളിലിറങ്ങി ഞാന്‍ ജോലി ചെയ്തിരുന്ന പത്രമോഫിസില്‍ വന്ന് എന്നെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ ആ കൂടിക്കാഴ്ച ഓര്‍ത്തെടുത്തു.
എണ്‍പതുകളിലായിരുന്നു ആ കൂടിക്കാഴ്ച നടന്നത്. 'മാതൃഭൂമി' ദിനപത്രത്തില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. പ്രസിദ്ധമായ ശാന്തിനഗറിലാണ് ബ്യൂറോ. പ്രധാന പത്രങ്ങള്‍ക്കൊക്കെ ഇവിടെ ഓഫിസുണ്ടായിരുന്നു. ഒക്കെയും വീടുകളാണ്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് താമസിച്ചിരുന്നതും ഇവിടെയാണ്. പ്രസിദ്ധമായ 10, ശാന്തിനഗര്‍.
ഒരു ദിവസം കാലത്ത് 11 മണി കഴിഞ്ഞ നേരം. ബ്യൂറോയില്‍ അധികമാരുമില്ല. വരുന്ന ഫോണുകളൊക്കെ എടുത്ത് കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു യുവാവ് മുന്നില്‍ വന്നു നിന്നു. പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അതിവേഗം കാര്യത്തിലേക്ക് കടന്നു. ആള്‍ ഒരു കൊലക്കേസ് പ്രതിയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നു. വിഷയം കാംപസ് രാഷ്ട്രീയ സംഘര്‍ഷവും കൊലപാതകവും. ശിക്ഷയ്ക്കിടയ്ക്ക് പരോള്‍ കിട്ടിയപ്പോള്‍ പത്രമോഫിസിലേക്കിറങ്ങിയതാണ്. ആളിന് എല്‍.എല്‍.ബി പരീക്ഷയെഴുതണം. അതിന് ജയില്‍ അധികൃതര്‍ കനിയണം. പ്രമുഖ ദിനപത്രത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന പ്രതീക്ഷയിലാണ് ആള്‍ എത്തിയിരിക്കുന്നത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വിശദമായൊരു റിപ്പോര്‍ട്ട് തയാറാക്കി. പിറ്റേന്ന് പത്രത്തില്‍ നല്ലൊരു വാര്‍ത്തയായി ജയില്‍പ്പുള്ളിയുടെ എല്‍.എല്‍.ബി മോഹം. സ്വന്തം എല്‍.എല്‍.ബി മോഹം വാര്‍ത്തയാക്കാന്‍ പത്രമോഫിസിലെത്തിയ പഴയ ജയില്‍ പുള്ളിയാണ് ഹൈക്കോടതിയുടെ വിശാലമായ പരിസരത്ത് വക്കീലിന്റെ കറുത്ത കുപ്പായമിട്ട് മുന്നില്‍ നില്‍ക്കുന്നത്.
കേരളത്തിലെ കാംപസുകളിലും പുറത്തുമൊക്കെയായി നിരവധി കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ കൊലക്കത്തിക്കിരയായത് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിലെ രണ്ട് യുവാക്കള്‍. മൃഗീയമായ അരുംകൊലകള്‍ എത്രയെത്ര കണ്ടിരിക്കുന്നു കേരളം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന തീരാദുഃഖം വേറെ. അച്ഛനില്ലാതാവുന്ന മക്കള്‍. നാഥന്‍ ഇല്ലാതാവുന്ന കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയും പ്രധാനം.
ഇതുപോലെ വേദനാജനകമാണ് കൊല്ലുന്നവരുടെ കുടുംബത്തിനുണ്ടാവുന്ന പ്രശ്‌നങ്ങളും തീരാദുഃഖങ്ങളും. കൊലപാതക കേസില്‍ പ്രതിയായാല്‍ പിന്നെ കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിയും. സഹായം തേടി എങ്ങും പോകാന്‍ കഴിയാത്ത അവസ്ഥ. വെഞ്ഞാറമൂട്ടില്‍ കൊലപാതകം നടത്തിയവരെ സഹായിച്ച ഒരു സ്ത്രീയും അറസ്റ്റിലായ കാര്യം ഉദാഹരണം. പ്രതികളോടൊപ്പം അവരെയും റിമാന്റില്‍ ജയിലിലടച്ചു. ഒളിവില്‍ പോയ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലിസിന്റെ പിടിയിലാവുകയും ചെയ്തു. ഇനിയിപ്പോള്‍ ജയിലും കോടതിയും വാദവും വിധിയും അപ്പീലുമൊക്കെയായി വര്‍ഷങ്ങള്‍ നീണ്ടുപോവും. ജയില്‍വാസം ഒട്ടും സുഖകരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത്ര പെട്ടെന്ന് അവിടെനിന്നു രക്ഷപ്പെടാനുമാവില്ല. ഒരാളെ വെട്ടിക്കൊല്ലാന്‍ കാണിക്കുന്ന അതിമിടുക്കും അഹങ്കാരവുമൊന്നും ആരെയും തുണക്കില്ല. അതിലും കഷ്ടതരം പ്രതികളുടെ കുടുംബാംഗങ്ങളുടെ കാര്യമാണ്. ഗൃഹനാഥന്‍ ജയിലിലായിക്കഴിഞ്ഞാല്‍പ്പിന്നെ കുടുംബം അനാഥമാവുകതന്നെ ചെയ്യും, കുഞ്ഞുങ്ങളുടെ പഠനം പ്രതിസന്ധിയിലാവും. ആരും തുണയ്ക്കുണ്ടാവില്ല. ഭര്‍ത്താവിന്റെ പാര്‍ട്ടിപോലും. കൊലക്കത്തിയുമായി ഇരയെ തേടിയിറങ്ങുന്നവര്‍ ഇതൊന്നും അറിയാതെയല്ല കൊടുംക്രൂരതയ്ക്ക് പദ്ധതിയിടുന്നത്. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ശത്രുവിനെ കൊല്ലുക എന്ന നീചമായ കൃത്യത്തിനൊരുമ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ ഒരു പ്രത്യേകതരം ഭ്രാന്തിനടിപ്പെടുന്നവരാണ്. സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും പാടെ മറന്ന് എടുത്തുചാടി കൊല നടത്തുന്നവരുടെയും ഗതി ഭീകരമായിരിക്കുമെന്ന് ഒരുപക്ഷേ ഇവര്‍ ചിന്തിക്കുന്നുണ്ടാവില്ല. പൊലിസിന്റെ പിടിയിലും പിന്നെ ഇരുമ്പഴികള്‍ക്കുള്ളിലും പെട്ടു കഴിയുമ്പോഴേക്ക് വളരെ വൈകിപ്പോവുകയും ചെയ്യും.
കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും കൊലക്കത്തിക്ക് ഒരു സ്ഥാനവും ഉണ്ടായിക്കൂടാത്തതാണ്. അതുകൊണ്ടാണ് ഓരോ രാഷ്ട്രീയക്കൊലപാതകവും കേരള സമൂഹത്തില്‍ വലിയ സംഭവമായിവരുന്നത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും പത്രങ്ങളിലും ഇത് വലിയ വാര്‍ത്തയാവുന്നത്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ ഭീകര സംഭവത്തിനു ശേഷം ഇപ്പോഴിതാ വെഞ്ഞാറമൂട്ടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ രണ്ട് അറ്റത്തുള്ള ജില്ലകളില്‍ നടന്ന ദാരുണമായ ഇരട്ടക്കൊലപാതകങ്ങള്‍. ഇതിനു മുന്‍പ് കേരളത്തിലെ വിവിധ കാംപസുകളില്‍ നടന്ന നടുക്കുന്ന കൊലപാതകങ്ങള്‍, എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവടക്കം എത്രയോ യുവാക്കള്‍ക്ക് ഇത്തരം കൊലപാതക പരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മിക്ക കൊലപാതകവും നിസ്സാരമായ തര്‍ക്കങ്ങളില്‍ നിന്നോ ലഘുവായ സംഘര്‍ഷങ്ങളില്‍ നിന്നോ തുടങ്ങുന്നതാവും. പാര്‍ട്ടിയിലെ മേലാളന്മാര്‍ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാവും ഇവരൊക്കെ ഭീകരതയിലേക്കെടുത്തു ചാടുന്നത്. പക്ഷേ പൊലിസ് പിടിയിലായാല്‍പ്പിന്നെ പെട്ടതുതന്നെ. രാഷ്ട്രീയത്തിലെ ഉന്നതന്മാര്‍ ശ്രമിച്ചാല്‍പോലും പലപ്പോഴും രക്ഷപ്പെടാനാവില്ലെന്ന സ്ഥിതിയുമുണ്ടാവും. എന്തൊക്കെയായാലും കേരളത്തിലെ പൊലിസിന് കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക മികവുണ്ട്. അന്വേഷണത്തിന് ആധുനിക വഴികളുമുണ്ട്. ഇതില്‍നിന്നു രക്ഷപ്പെടാന്‍ അത്ര പെട്ടെന്ന് സാധ്യമാവില്ലെന്നതാണ് പ്രധാനകാര്യം.
കഴിഞ്ഞ മൂന്നു നാല് ദശകങ്ങളിലായി നൂറുകണക്കിനാളുകള്‍ പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ഥികളും ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഓരോ കൊലപാതകവും കണ്ട് കേരളനാട് വിതുമ്പിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇതൊക്കെ വലിയ വാര്‍ത്തയാക്കിയിട്ടുണ്ട്. എങ്കിലും എവിടെയൊക്കെയോ കൊലയാളികള്‍ ഒരുങ്ങുന്നുണ്ട്. കൊലക്കത്തി രാകി മിനുക്കി മൂര്‍ച്ചകൂട്ടി തയാറെടുക്കുന്നുണ്ട്. രാഷ്ട്രീയകക്ഷികള്‍ ഇതൊക്കെ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു നില്‍ക്കുന്നുമുണ്ട്. കൊല്ലുന്നവനും വരാനിരിക്കുന്നത് ഭീകരതയുടെ കാലമാണെന്ന് കാണിക്കാനാണ് ഈ കുറിപ്പ്. അറസ്റ്റും റിമാന്റും കോടതിയും ജയില്‍വാസവുമൊന്നും ഒട്ടും സുഖകരമല്ലതന്നെ. അതുകണ്ട് തന്നെയാവണം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഒരു പ്രതി ഒളിവില്‍ ജീവനൊടുക്കാന്‍ തന്നെ തീരുമാനിച്ചത്. ജയിലില്‍ കിടന്ന ഒരു യുവാവ് പത്രവാര്‍ത്തയുടെ ബലത്തില്‍ പരീക്ഷയെഴുതി വക്കീലായത് തികച്ചും ഒറ്റപ്പെട്ട സംഭവം മാത്രം. കൊല്ലപ്പെടുന്നവന്റെ ജീവിതം പാതിവഴിയില്‍ അവസാനിക്കുന്നു. കുടുംബം അനാഥമാവുന്നു. കൊല്ലുന്നവന്റെ കുടുംബവും അനാഥമാവുന്നു. അവന്റെ സാധാരണ ജീവിതവും അവിടെ അവസാനിക്കുന്നു. ഇനിയുള്ളത് ഇരുമ്പഴികള്‍ക്കുള്ളിലെ ഒറ്റപ്പെട്ട, വെറുക്കപ്പെട്ട ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."