ലക്ഷ്യത്തിലെത്തിയാല്‍ അലക്ഷ്യം
ദക്ഷിണയ്ക്കും ടോസിനും മാത്രമായിരിക്കാം ഇപ്പോള്‍ ഒരു രൂപയുടെ നാണയം ഉപയോഗിക്കുന്നത്. അത്ര മൂല്യമില്ലാത്തതും എന്നാല്‍ മൂല്യവത്തുമായ നാണയമാണ് റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ പെടാത്ത ഒരു രൂപ. നഷ്ടപ്പെട്ട മാനം ഒരു രൂപയ്ക്ക് സുപ്രിം കോടതി വീണ്ടെടുത്തു. ഇ.എം.എസിന്റെ അന്‍പതു രൂപയില്‍നിന്ന് പ്രശാന്ത് ഭൂഷന്റെ ഒരു രൂപയിലേക്കുള്ള പരിണാമം കോടതിയുടെ മനോഭാവത്തിലുണ്ടായ ഗുണപരമായ വളര്‍ച്ചയെ അല്ല സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ പ്രശാന്ത് ഭൂഷണു നല്‍കിയ ശിക്ഷ ഒരു രൂപയല്ല. ശിക്ഷയെ അങ്ങനെ വില കുറച്ചു കാണുന്നതു ശരിയല്ല. മൂന്നു മാസം തടവും മൂന്നു വര്‍ഷത്തെ തൊഴില്‍ വിലക്കുമാണ് ഒരു രൂപയിലൊതുക്കിയ ശിക്ഷ. ഇത്ര കഠിനമായ ശിക്ഷ വിധിക്കാന്‍ കോടതിയലക്ഷ്യനിയമത്തിന്റെ അനുമതിയില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് ആറു മാസത്തെ തടവാണ് കോടതിയലക്ഷ്യത്തിനുള്ള ശിക്ഷ. അത് അതിന്റെ പൂര്‍ണതയില്‍ എം.വി ജയരാജന് കേരള ഹൈക്കോടതിയും ജസ്റ്റിസ് കര്‍ണന് സുപ്രിം കോടതിയും നല്‍കി.
പ്രശാന്ത് ഭൂഷന്റെ കാര്യത്തില്‍ അത് പകുതിയായി കുറച്ചു. എന്നാല്‍ മൂന്നു വര്‍ഷം അദ്ദേഹത്തെ അഭിഭാഷകവൃത്തിയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള അത്ര വൃത്തിയില്ലാത്ത അധികാരം സുപ്രിം കോടതിക്ക് എവിടെനിന്നു ലഭിച്ചു? തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം ജീവിക്കുന്നതിനുള്ള അവകാശത്തിന്റെ ഭാഗമാണ്. നിയമപ്രകാരം സ്ഥാപിതമായ നടപടിക്രമം അനുസരിച്ചല്ലാതെ പരിമിതപ്പെടുത്താവുന്നതല്ല പരമമായ ആ അവകാശം. കോടതിയലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കുന്ന അഭിഭാഷകനെതിരേ നടപടിയെടുക്കേണ്ടത് ബാര്‍ കൗണ്‍സിലാണ്. അതിന് അഡ്വക്കേറ്റ്‌സ് ആക്ട് എന്ന നിയമമുണ്ട്. ഭരണഘടനാദത്തമായ അധികാരം ഉപയോഗിച്ച് കോര്‍ട്ട് ഓഫ് റെക്കോഡ് എന്ന നിലയില്‍ കോടതിയലക്ഷ്യത്തിനു എന്തു ശിക്ഷയും നല്‍കാന്‍ സുപ്രിം കോടതിക്കു കഴിയുമെങ്കിലും ആ വിശേഷാധികാരത്തെ നിര്‍വചിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമമെന്ന നിലയിലാണ് പാര്‍ലമെന്റ് കോടതിയലക്ഷ്യനിയമം പാസാക്കിയത്. തോന്നുന്ന ശിക്ഷ രാജാവിന്റെ കാലത്തുള്ളതാണ്. പ്രശാന്ത് ഭൂഷണ്‍ കേസില്‍ സുപ്രിം കോടതി അതിരുവിട്ടെന്ന് ജഡ്ജിയായിരുന്ന കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്.
ആര്‍.കെ ആനന്ദ് സുപ്രിം കോടതിയിലെ താരമായിരുന്നു. നീര റാഡിയയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തിയുള്ളത്. അദ്ദേഹത്തെയും ഐ.യു ഖാന്‍ എന്ന പ്രശസ്തനായ പ്രോസിക്യൂട്ടറെയും അഭിഭാകഷവൃത്തിക്ക് നിരക്കാത്ത പെരുമാറ്റത്തിന് ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചു. കോടതിയലക്ഷ്യമല്ല, ബി.എം.ഡബ്ല്യു കേസിലെ ഒത്തുകളിയായിരുന്നു വിഷയം. ഇരുവരുടെയും സീനിയര്‍ അഭിഭാഷകപദവി കോടതി റദ്ദാക്കി. കോടതി കൊടുത്തത് കോടതിതന്നെ തിരിച്ചെടുത്തതില്‍ അപാകതയില്ല. രണ്ടു പേര്‍ക്കും നാല് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. രണ്ടായിരം രൂപ പിഴയിട്ടു. മൂന്നു പൊലിസുകാരടക്കം ആറു പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാനസാക്ഷിയെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം ഒളികാമറ പരസ്യമാക്കിയതാണ് ഇരുവര്‍ക്കും വിനയായത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറ്റമേയല്ലാത്ത കുറ്റത്തിനാണോ പ്രശാന്ത് ഭൂഷന്റെ മേല്‍ ഇത്ര കഠിനമായ ശിക്ഷ ചുമത്തിയത് എന്നു ചോദിക്കേണ്ടിവരും. അത് ഒരു രൂപയിലൊതുക്കിയതുകൊണ്ട് ശിക്ഷയുടെ കാഠിന്യമോ പ്രശ്‌നത്തിന്റെ ഗൗരവമോ കുറയുന്നില്ല. നടപ്പാക്കാത്ത ശിക്ഷയും ശിക്ഷതന്നെ. നാളെ മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ നല്‍കപ്പെടുന്ന ശിക്ഷ എന്തായിരിക്കുമെന്ന മുന്നറിയിപ്പാണ് കോടതി നല്‍കിയത്.
വര്‍ഗസമരം നിലനില്‍ക്കുവോളം പ്രസക്തമായി നിലനില്‍ക്കുന്ന വിമര്‍ശനമാണ് കോടതിക്കെതിരേ ഇ.എം.എസ് നടത്തിയത്. കോടതിയുടെ വര്‍ഗാഭിമുഖ്യത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന കോടതിക്ക് അവഗണിക്കാവുന്നതായിരുന്നില്ല. അതുകൊണ്ട് ഇ.എം.എസിനെ മാര്‍ക്‌സിസം പഠിപ്പിച്ച് കൊച്ചാക്കാമെന്ന് കോടതി തീരുമാനിച്ചു. അത്തരത്തിലുള്ള വിമര്‍ശനമല്ല പ്രശാന്ത് ഭൂഷണ്‍ നടത്തിയത്. കോടതിയല്ല ഒരു ബൈക്കാണ് വിഷയം. ഒരു ട്വീറ്റിനെ മറ്റൊരു ട്വീറ്റുകൊണ്ട് നേരിടാവുന്ന വിഷയം മാത്രമാണുണ്ടായിരുന്നത്. തനിക്കെതിരേ ആക്ഷേപമുന്നയിച്ച ചെലമേശ്വര്‍ സംഘത്തിനു മറുപടി നല്‍കാന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കേസ് അരുണ്‍ മിശ്ര അവസരമാക്കിയതും ശരിയായില്ല. ഇറങ്ങിപ്പോകുമ്പോള്‍ എല്ലാ കണക്കുകളും തീര്‍ക്കണമെന്നില്ല. എത്ര തീര്‍ത്താലും കണക്കുകള്‍ പിന്നെയും ബാക്കിയാകും. തീര്‍ക്കാന്‍ കഴിയാത്ത കണക്കുകളുടെയും വീട്ടാന്‍ കഴിയാത്ത കടങ്ങളുടെയും പേരിലാണ് ചരിത്രത്തിന്റെ വിലയിരുത്തല്‍ ഉണ്ടാകുന്നത്.
കാരുണ്യത്തിന്റെ സിന്ധുവിലാണ് നീതിയുടെ നൈര്‍മല്യം തെളിയുന്നത്. ഇയാളില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞുകൊണ്ട് ശിക്ഷിക്കാനായി വിട്ടുകൊടുത്ത ഒരു ന്യായാധിപനെ നമുക്കറിയാം. പീലാത്തോസ് എന്നാണ് അയാളുടെ പേര്. നീതിയും നടപടിക്രമവും പാലിക്കാതെയുള്ള വിചാരണയും വിധിയുമായിരുന്നു അയാളുടെ കോടതിയില്‍ നടന്നത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടതിനുശേഷം കോടതിക്ക് ശിക്ഷിക്കാതെ വിടാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കോടതിയുടെ അന്തസ് ആര്‍ക്കും കുറവ് ചെയ്യാന്‍ കഴിയാത്തവിധം വര്‍ധിക്കുമായിരുന്നു. അപ്രകാരം മഹാമനസ്‌കത കാണിക്കുന്നതിന് ഉദാഹരണങ്ങള്‍തേടി നാം ആംഗ്ലോ-അമേരിക്കന്‍ കോടതികളിലേക്ക് പോകേണ്ടതില്ല. നമ്മുടെ കോടതിയില്‍ത്തന്നെ ധാരാളം നല്ല ഉദാഹരണങ്ങളുണ്ട്.
കോടതിയെ വിമര്‍ശിക്കുന്നതിനും പരിഹസിക്കുന്നതിനും പറ്റിയ ഏറ്റവും സുരക്ഷിതമായ പശ്ചാത്തലമാണ് അടിയന്തരാവസ്ഥ. അക്കാലത്തെ സുപ്രിം കോടതിയെക്കുറിച്ച് എന്തു പറഞ്ഞാലും ജഡ്ജിമാര്‍ ഒന്നും കേട്ടില്ലെന്ന് വയ്ക്കും. ഹേബിയസ് കോര്‍പസ് കേസിലെ ഭൂരിപക്ഷവിധിയെഴുതിയ നാല് ജഡ്ജിമാരെ ബോംബെയിലെ ഒരു കൂട്ടം അഭിഭാഷകര്‍ ഭീരുക്കളെന്നു വിളിച്ചു. ചീഫ് ജസ്റ്റിസ് ബേഗിന് അവരെ ശിക്ഷിക്കാനുള്ള വാശിയുണ്ടായിരുന്നു. കാരണം ആ നാലു പേരില്‍ ഒരാളായിരുന്നു ബേഗ്. പക്ഷേ ജഡ്ജിമാരായ ഉന്ത്‌വാലിയയും കൈലാസവും അതിനോട് യോജിച്ചില്ല. പരിഗണിക്കാന്‍ യോഗ്യമായ കേസായി അവര്‍ അതിനെ കണ്ടില്ല. ആ വലിപ്പം അരുണ്‍ മിശ്രയ്ക്കുണ്ടായില്ല. അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കൂടെയിരുന്ന രണ്ടുപേര്‍ക്ക് കഴിഞ്ഞതുമില്ല.
അരുണ്‍ മിശ്രയെ വിമര്‍ശിച്ചതിനോ ആക്ഷേപിച്ചതിനോ അല്ല പ്രശാന്ത് ഭൂഷണ്‍ ശിക്ഷിക്കപ്പെട്ടത്. ബോബ്‌ഡെ ഉള്‍പ്പെടെയുള്ള ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനായിരുന്നു നടപടി. അത് അരുണ്‍ മിശ്രയെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല. കാര്‍ക്കശ്യം എന്നത് അദ്ദേഹത്തെ സംബന്ധിച്ച് ദുര്‍വാശിയുടെ പര്യായമാണ്. മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ത്തപ്പോള്‍ കലങ്ങിയത് കായലിലെ വെള്ളമാണ്. പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചപ്പോള്‍ അരുണ്‍ മിശ്ര കലക്കിയത് അഭിപ്രായപ്രകടനസ്വാതന്ത്ര്യമെന്ന തെളിനീരാണ്. വസ്തുതാപരമായി പൂര്‍ണമായും ശരിയല്ലാത്ത കാര്യങ്ങള്‍ ട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അപവദിച്ചുവെന്നത് ശരി. അത്തരം ആക്ഷേപങ്ങളെ കുടഞ്ഞുകളയുന്നതിനുള്ള തോള്‍വിരിവ് കോടതിക്കുണ്ടാകണം. ഭയപ്പെടുത്തി ആര്‍ജിക്കേണ്ടതോ നിലനിര്‍ത്തേണ്ടതോ അല്ല കോടതിയോടുള്ള ആദരവ്. അത് വിശ്വാസ്യതയില്‍നിന്ന് സ്വാഭാവികമായി ഉറവയെടുക്കണം. അരുണ്‍ മിശ്രയെ ന്യായാധിപനെന്ന നിലയില്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ വിശ്വാസ്യതയ്ക്ക് ഭംഗമുണ്ടാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ ചുവന്ന മഷിയില്‍ തെളിയുന്നു. പ്രകാശഗോപുരമെന്നാണ് അദ്ദേഹത്തെ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്. ഗോപുരം വെളിച്ചം വീഴ്ത്തുന്നത് എവിടേയ്‌ക്കെന്നറിയില്ല. പണ്ടൊക്കെ ജഡ്ജിമാര്‍ പ്രതിഫലം വാങ്ങിയിരുന്നത് അല്‍പം കാത്തിരുന്നതിനുശേഷമായിരുന്നു. വിയര്‍പ്പിറങ്ങുന്നതിനുള്ള സമയം അവര്‍ കൊടുത്തിരുന്നു. ഇന്ന് പാടത്തുനിന്ന് കയറുമ്പോള്‍ വരമ്പത്തുതന്നെ വാങ്ങാനുള്ളത് വാങ്ങുന്ന രീതിയാണ്. രഞ്ജന്‍ ഗൊഗോയ് ഒരു മാതൃകയാണ്. പി. സദാശിവം മറ്റൊരു മാതൃകയാണ്. നരേന്ദ്ര മോദിയെ ബഹുമുഖപ്രതിഭയെന്ന് പരസ്യമായി വിശേഷിപ്പിച്ച അരുണ്‍ മിശ്രയെ എന്തോ കാത്തിരിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ നിശബ്ദതയാണ് നല്ലതെന്ന മുന്നറിയിപ്പാണ് പ്രശാന്ത് ഭൂഷണിലൂടെ അരുണ്‍ മിശ്ര നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."