'എയര്‍കാര്‍ഗോയില്‍ പ്രളയബാധിതര്‍ക്കായി സാധനങ്ങള്‍: അടിയന്തിരമായി ഇടപെടണം'
തിരുവനന്തപുരം: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി വിദേശത്ത് നിന്നുമെത്തിയ കോടി കണക്കിന് രൂപയുടെ സാധനങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാതെ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ കെട്ടിക്കിടക്കുന്നുവെന്ന പരാതിയില്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് റവന്യൂ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെ 40 ടണ്‍ സാധനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ കെട്ടിക്കിടക്കുന്നത്. കുവൈറ്റ്, ബഹ്‌റെന്‍, ഒമാന്‍, ദുബൈ, അബുദാബി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ സാധനങ്ങളാണ് ഇവ. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് വിജ്ഞാപനം വഴി വിട്ടുനല്‍കാന്‍ കസ്റ്റംസിന് സാധിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സാധനങ്ങള്‍ ജില്ലാഭരണകൂടം നേരിട്ട് ഏറ്റെടുക്കണമെന്ന പുതിയ നിര്‍ദേശമാണ് തടസമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗംറഹിം നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസാണ് എയര്‍കാര്‍ഗോ വിഭാഗത്തിന്റെ നടത്തിപ്പുകാര്‍. സാധനങ്ങള്‍ എത്രയും വേഗം ആവശ്യക്കാരിലെത്തിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."