മൂന്നക്ക ലക്കി നമ്പര്‍ ലോട്ടറി വില്‍പ്പന: ഒരാള്‍കൂടി അറസ്റ്റില്‍
ചാവക്കാട്: എടക്കഴിയൂരില്‍ മൂന്നക്ക ലക്കി നമ്പര്‍ ലോട്ടറി വില്‍പ്പന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. അകലാട് പണിക്കവീട്ടില്‍ ഹംസക്കുട്ടിയേയാണ് (40) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുന്‍പ് സംഘത്തിലെ മുഖ്യകണ്ണിയായ പൊന്നാനി പെരുമ്പറമ്പില്‍ വീട്ടില്‍ സുമേഷിനെ(33) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എടക്കഴിയൂര്‍ നാലാംകല്ലിലെ 'ദേവകി' ലോട്ടറി വില്‍പ്പന കടയുടെ മറവിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച മൂന്നക്ക ലോട്ടറി വില്‍പ്പന നടത്തിയിരുന്നത്.
ഫോണ്‍ സന്ദേശങ്ങളും വാട്ട്സ് ആപ് സന്ദേശങ്ങളും ഉപയോഗിച്ചാണ് സംഘം ലോട്ടറി തട്ടിപ്പു നടത്തിയിരുന്നത്. ലോട്ടറി ആവശ്യമുള്ളവര്‍ ഏജന്റുമാരെ സമീപിച്ച് ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ ആവശ്യപ്പെടാം. ഇങ്ങനെയുള്ള എത്ര നമ്പര്‍ വേണമെങ്കിലും ഒരാള്‍ക്കു വാങ്ങാം. ഓരോ മൂന്നക്ക നമ്പറിനും 10 രൂപ വീതം വിലയായി നല്‍കണം. ഇവര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ ലഭിക്കില്ല. എന്നാല്‍ വാട്ട്സാപ്പിലും ഫോണിലും ആവശ്യപ്പെട്ട നമ്പര്‍ വ്യക്തമാക്കി ലഭിക്കുന്ന സന്ദേശമാണ് രേഖ.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ അവസാന മൂന്ന് നമ്പറുകളുമായി ഈ നമ്പര്‍ ഒത്തുവന്നാല്‍ ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെ സമ്മാനം നല്‍കിയിരുന്നു.
ലോട്ടറി വില്‍പ്പന ഓണ്‍ലൈനായി നടത്താന്‍ ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂര്‍, പൊന്നാനി മേഖലകളില്‍ ഇത്തരം ലോട്ടറി വില്‍പ്പന വ്യാപകമാണെന്ന് പൊലിസ് പറഞ്ഞു. ഈ മേഖലയില്‍നിന്നുള്ളവര്‍ തന്നെയാണ് ചാവക്കാട്ടേക്കും ഇത്തരം ലോട്ടറി വില്‍പ്പന വ്യാപിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന.
എടക്കഴിയൂര്‍ നാലാംകല്ലില്‍ മൂന്നക്ക ലോട്ടറി വില്‍പ്പന നടക്കുന്നെന്ന പരാതി ഗുരുവായൂര്‍ ലോട്ടറി സബ് ഓഫിസിലും ചാവക്കാട് പൊലിസിലും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ലോട്ടറി കട പൊലിസിന്റെ നീരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."