'ജലസേചന എന്‍ജിനീയറുടെ ഓഫിസ് തുറക്കണം'
വേങ്ങര: ബ്ലോക്ക്, നിയോജക മണ്ഡലം ആസ്ഥാനമായ വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസി. എന്‍ജിനീയറുടെ കാര്യാലയം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓഫിസില്ലാത്തതിനാല്‍ ഒട്ടേറെ കൃഷി, ജലസേചന വികസന പദ്ധതികള്‍ താളം തെറ്റുന്നതായി ആക്ഷേപമുണ്ട്.
മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ 5,000 ഏക്കര്‍ കൃഷിഭൂമിയും ഇരുപതോളം പാടശേഖരങ്ങളുമുണ്ട്. നിലവില്‍ ഈ പ്രദേശങ്ങള്‍ തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം എന്‍ജിനിയറുടെ കീഴിലാണ്. നാല് നിയോജക മണ്ഡലങ്ങളിലെ മൂന്ന് മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ ഭരണച്ചുമതലയുളള ഓഫിസിന്റെ പ്രവര്‍ത്തനം വ്യാപ്തിയില്‍ വീര്‍പ്പുമുട്ടുകയാണ്.
കൃഷി, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന പദ്ധതികള്‍ തയാറാക്കുന്നതിനും തടസം നേരിടുന്നുണ്ട്. ഓരോ വര്‍ഷവും ലഭ്യമാകുന്ന ഫണ്ടുകള്‍ ഇത്രയും ഭാഗത്തേക്ക് വിതരണം ചെയ്യുന്നതിലും ഒട്ടേറെ അപാകതകള്‍ നിലനില്‍ക്കുന്നു. പുതിയ സാഹചര്യത്തില്‍ വേങ്ങരയില്‍ ഓഫിസ് ഒരുങ്ങുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
ഈ ആവശ്യമുന്നയിച്ചു വിവിധ സംഘടനകളും പാടശേഖരസമിതികളും രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇതുസംബന്ധിച്ച നിവേദനം നല്‍കാനുളള ഒരുക്കത്തിലാണു കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."